അന്ന് ആ അച്ഛന്‍ മുഖംതിരിച്ചു; ഇന്ന് മകന്റെ 'അവകാശ'ത്തിനായി കോടതിയില്‍! വെഞ്ഞാറമൂട് കൊലക്കേസ് പ്രതിയുടെ അച്ഛന്‍ കോടതി കയറുന്നത് ഏവരേയും ഞെട്ടിച്ച്; ഇത് വെറുമൊരു കേസല്ല... വലിയൊരു സാമൂഹിക പാഠം! ആ സിനിമ നീതി നിഷേധിക്കുന്നത് അഫാനോ?
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് കേരളത്തെ നടുക്കിയതാണ്. അന്ന് പോലീസ് ജീപ്പിന്റെ അഴികള്‍ക്കുള്ളിലിരുന്ന് അഫാന്‍ എന്ന കൊലയാളി നിലവിളിക്കുമ്പോള്‍, സിഗ്‌നലില്‍ ജീപ്പ് കാത്തുനില്‍ക്കുമ്പോള്‍ ഒരു കടയുടെ ഓരത്ത് നിന്ന് മകനെ കണ്ടിട്ടും നോക്കാതെ മുഖം തിരിച്ച ആ അച്ഛനെ മലയാളികള്‍ക്ക് മറക്കാനാവില്ല. 'അവനെ എനിക്ക് കാണണ്ട' എന്ന് റഹീം പറഞ്ഞപ്പോള്‍ അത് ധാര്‍മ്മികമായ ഒരു രോഷത്തിന്റെ നെടുംതൂണായിരുന്നു. എന്നാല്‍, ഇന്ന് കാലം മാറിയിരിക്കുന്നു. അതേ അബ്ദുല്‍ റഹീം തന്റെ മകന് വേണ്ടി നീതിപീഠത്തിന്റെ വാതില്‍ക്കല്‍ എത്തിയിരിക്കുന്നു.
'കാലം പറഞ്ഞ കഥ' എന്ന സിനിമ വെഞ്ഞാറമൂട് കൊലക്കേസിനെ ആസ്പദമാക്കിയാണെന്നും അത് മകന്റെ ന്യായവിചാരണയെ ബാധിക്കുമെന്നുമാണ് അബ്ദുല്‍ റഹീം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. ഒരു വ്യക്തി കുറ്റവാളിയാണെന്ന് കോടതി വിധിക്കുന്നത് വരെ അയാള്‍ക്ക് ലഭിക്കേണ്ട നീതി നിഷേധിക്കപ്പെടരുത്. വിചാരണ പോലും തുടങ്ങാത്ത ഒരു കേസിനെ ആസ്പദമാക്കി സിനിമ ഇറങ്ങുന്നത് സാക്ഷികളെ സ്വാധീനിക്കുമെന്നും മുന്‍വിധികള്‍ക്ക് കാരണമാകുമെന്നും ഈ അച്ഛന്‍ വാദിക്കുന്നു.
ഇതിനിടയിലാണ് അഫാന്റെ ഉമ്മ ഷെമിയുടെ പഴയ പ്രതികരണം വിങ്ങലാകുന്നത്. അഫാന്‍ ക്രൂരമായി മര്‍ദ്ദിച്ച ഷെമി ഗുരുതര പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. എന്നാല്‍, തന്റെ മകന്‍ തന്നെ ഉപദ്രവിച്ചുവെന്ന് വിശ്വസിക്കാന്‍ ഇന്നും ആ ഉമ്മ തയ്യാറല്ല. 'ഞാന്‍ കട്ടിലില്‍ നിന്ന് വീണതാണ്' എന്ന് അവര്‍ പോലീസിനോട് ആവര്‍ത്തിക്കുന്നു. തന്റെ ഇളയ മകന്‍ മരിച്ചുവെന്നും ഇനി മൂത്തവനെങ്കിലും ജയിലില്‍ നിന്ന് ഇറങ്ങണമെന്നുമാണ് ഈ ഉമ്മ കേഴുന്നത്. ഒരുവശത്ത് മകന്റെ ക്രൂരതയില്‍ തകര്‍ന്നുപോയ ജീവിതം, മറുവശത്ത് മകനെ കൈവിടാന്‍ കഴിയാത്ത മാതൃത്വം - കേരളം കണ്ട ഏറ്റവും വേദനാജനകമായ കുടുംബചിത്രമാണിത്.
ഈ കേസ് സാമൂഹിക നിരീക്ഷകര്‍ക്ക് വലിയൊരു പാഠമാണ്. ഒരു പ്രതിക്ക് നിയമം നല്‍കുന്ന സംരക്ഷണം എത്രത്തോളമുണ്ടെന്നും, മാധ്യമങ്ങളും സിനിമകളും എങ്ങനെ ഒരു കേസിനെ സ്വാധീനിക്കുന്നുവെന്നും ഇവിടെ ചര്‍ച്ചയാകുന്നു. അന്ന് പോലീസ് ജീപ്പിലെ മകനെ നോക്കാന്‍ മടിച്ച അച്ഛന്‍ ഇന്ന് മകന്റെ നിയമപരമായ അവകാശത്തിന് വേണ്ടി എത്തുമ്പോള്‍, അത് മകനോടുള്ള അച്ഛന്റെ സ്‌നേഹത്തിന്റെ പ്രതിഫലനമാകുന്നു. കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കപ്പെടണം, എന്നാല്‍ അത് നീതിപൂര്‍വ്വമായ വിചാരണയിലൂടെ മാത്രമായിരിക്കണം എന്ന വലിയ സന്ദേശമാണ് ഈ ഹര്‍ജി നല്‍കുന്നത്. അതിലൂപരി മകനോട് അച്ഛനുള്ള കരുതലും.
തന്റെ മകന്‍ കുറ്റവാളിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും, സിനിമയിലൂടെയുള്ള 'മാധ്യമ വിചാരണ' അവനെ ക്രൂശിക്കുമെന്നുമാണ് ഈ പിതാവിന്റെ ഇപ്പോഴത്തെ വാദം. വെഞ്ഞാറമൂട് കേസിലെ പ്രതി അഫാന്റെ പിതാവ് എച്ച്. അബ്ദുല്‍ റഹീമാണ് 'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സിനിമ തന്റെ മകനെ കുറ്റക്കാരനായി ചിത്രീകരിക്കുമെന്നും വിചാരണ പോലും തുടങ്ങാത്ത കേസില്‍ ഇത്തരം ആവിഷ്‌കാരങ്ങള്‍ പുറത്തുവരുന്നത് നീതിപൂര്‍വ്വമായ വിചാരണയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സിനിമയിലെ ദൃശ്യങ്ങള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് മകന്റെ ജീവിതം എന്നെന്നേക്കുമായി തകര്‍ക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഈ കേസിന് വലിയൊരു സാമൂഹിക മാനമുണ്ട്. കുറ്റകൃത്യം നടക്കുമ്പോള്‍ ധാര്‍മ്മിക രോഷം കൊണ്ട് മകനെ തള്ളിപ്പറഞ്ഞ അച്ഛന്‍, ഇന്ന് നിയമപരമായ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയാണ്. ഒരു വ്യക്തി കുറ്റവാളിയാണെന്ന് കോടതി വിധിക്കുന്നത് വരെ അയാള്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കപ്പെടരുത് എന്ന വലിയ തത്വമാണ് ഇവിടെ ചര്‍ച്ചയാകുന്നത്. ആള്‍ക്കൂട്ട വിചാരണയും സിനിമാ വിചാരണയും ഒരു പ്രതിയുടെ നിയമപരമായ അവകാശങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന ഗൗരവകരമായ ചോദ്യമാണ് അബ്ദുല്‍ റഹീം ഉയര്‍ത്തുന്നത്.
വിചാരണ പൂര്‍ത്തിയാകുന്നതുവരെ സിനിമയോ കേസിനെ കുറിച്ചുള്ള ദൃശ്യ-ശ്രാവ്യ ഉള്ളടക്കങ്ങളോ പുറത്തുവിടരുത് എന്ന ആവശ്യം കോടതി എങ്ങനെ കാണുമെന്നാണ് ഇനി അറിയേണ്ടത്. അന്ന് പോലീസ് ജീപ്പിന് പിന്നാലെ നോക്കാത്ത അച്ഛന്‍, ഇന്ന് മകന്റെ നിയമപരമായ സുരക്ഷയ്ക്ക് കാവലിരിക്കുമ്പോള്‍ അത് കാലം കാത്തുവെച്ച മറ്റൊരു നീതിയാകാം. ഇളയ സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന, പിതൃ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സാജിത, പിതൃമാതാവ് സല്‍മ ബീവി എന്നിവരെയാണ് അഫാന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. മാതാവ് ഷെമിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ അവര്‍ രക്ഷപ്പെട്ടു.
