അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷയന്ത്രം പ്രതിഷ്ഠിച്ചു; രാമരാജ്യം നീതിയും തുല്യതയും അടിസ്ഥാനമാക്കിയുള്ള ഭരണസംവിധാനമെന്ന് രാഷ്ട്രപതി ദ്രൌപതി മുര്‍മ്മു; ഭാരതീയ സംസ്‌കാരത്തിന്റെ നിത്യപ്രകാശമാണ് ശ്രീരാമനെന്ന് മാതാ അമൃതാനന്ദമയി
അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷയന്ത്രം പ്രതിഷ്ഠിച്ചു
അയോധ്യ: ചൈത്ര നവരാത്രിയുടെയും ഹിന്ദു പുതുവര്‍ഷത്തിന്റെയും തുടക്കം കുറിക്കുന്ന ശുഭ മുഹൂര്‍ത്തത്തില്‍ അയോധ്യയിലെ രാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ നടന്നു. മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ നടന്ന പ്രതിഷ്ഠാ കര്‍മ്മത്തില്‍ രാഷ്ട്രപതി ദ്രൌപതി മുര്‍മ്മു, സദ് ഗുരു മാതാ അമൃതാനന്ദമയി ദേവി, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി അദിത്യനാഥ്, ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദദേവ് ഗിരിജി തുടങ്ങിയവര്‍ പങ്കെടുത്തു.
അയോധ്യ ഭാരതത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ ഊര്‍ജ്ജ കേന്ദ്രമാണെന്നും, രാമക്ഷേത്ര നിര്‍മ്മാണം ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്നും സൂചിപ്പിച്ച രാഷ്ട്രപതി രാമരാജ്യം എന്നാല്‍ നീതിയും തുല്യതയും അടിസ്ഥാനമാക്കിയുള്ള ഭരണസംവിധാനമാണ് എന്നും വ്യക്തമാക്കി.
ഭാരതീയ സംസ്‌കാരത്തിന്റെയും ഋഷിപരമ്പരയുടെയും ഉത്തമ മാതൃകയാണ് ശ്രീരാമചന്ദ്രന്‍ എന്ന് അനുഗ്രഹ പ്രഭാഷണത്തില്‍ സദ് ഗുരു മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. മൂല്യച്യുതി സംഭവിക്കുന്ന ഈ കാലഘട്ടത്തില്‍ രാമായണവും ശ്രീരാമന്റെ ജീവിതവും നമ്മില്‍ ധര്‍മ്മബോധവും ആത്മബലവും സ്വാര്‍ത്ഥതയില്ലാത്ത കര്‍മ്മശീലവും ഉണര്‍ത്തുമെന്നും അമ്മ പറഞ്ഞു.
കാശിയിലെ പ്രശസ്ത ആചാര്യനായ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ നേതൃത്വത്തില്‍ 51 വൈദിക ആചാര്യന്മാരാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചത്. കര്‍ണാടകയിലെ ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ്ഡെ, ആര്‍.എസ്.എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാലെ തുടങ്ങിയവരും ചടങ്ങില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ശ്രീരാമ ക്ഷേത്രം നിര്‍മ്മിച്ച 400 നിര്‍മ്മാണ തൊഴിലാളികളെ ചടങ്ങില്‍ രാഷ്ട്രപതി ആദരിച്ചു. സെന്‍ട്രല്‍ സംസ്‌കൃത സര്‍വകലാശാല സമ്മാനിച്ച 400 വര്‍ഷം പഴക്കമുള്ള വാല്‍മീകി രാമായണത്തിന്റെ കൈയെഴുത്തു പ്രതി ക്ഷേത്ര സമുച്ചയത്തില്‍ ഔദ്യോഗികമായി സ്ഥാപിക്കുകയും ചെയ്തു. ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ്, വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര രക്ഷാധികാരി ദിനേഷ് ചന്ദ്ര, ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് നിര്‍മ്മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര തുടങ്ങിയവരും ചടങ്ങിന് നേതൃത്വം നല്‍കി.
