'സാറെ എന്റെ കൊച്ചിനെ ഇറക്കാന്‍ പറ്റുമോ? ഇളയവന്‍ മരിച്ചുപോയി, എനിക്ക് മൂത്തമോനേയുള്ളൂവെന്ന് അഫാന്റെ ഉമ്മ; പോലീസ് വാഹനം സിഗ്‌നലില്‍പ്പെട്ട് കിടക്കുമ്പോള്‍ മകനെ നോക്കിനിന്ന് പിതാവ് അബ്ദുല്‍ റഹീം; ഫര്‍സാനയെയും അഹ്‌സാനെയും കൊന്നതെങ്ങനെയെന്ന് വിശദീകരിച്ച് അഫാന്‍; മൂന്നാം ഘട്ട തെളിവെടുപ്പ്
ഫര്‍സാനയെയും അഹ്‌സാനെയും കൊന്നതെങ്ങനെയെന്ന് വിശദീകരിച്ച് അഫാന്‍; മൂന്നാം ഘട്ട തെളിവെടുപ്പ്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ തെളിവെടുപ്പിനായി പ്രതി അഫാനെ കൊണ്ടുവന്നപ്പോള്‍ നൊമ്പരക്കാഴ്ചയായി പിതാവ് അബ്ദുല്‍ റഹീമും ഉമ്മ ഷെമിയുടെയും പ്രതികരണങ്ങള്‍. അഫാനെ ഇനി കാണില്ലെന്നും കാണണമെന്ന് ആഗ്രഹിക്കുന്നില്ലെന്നുമാണ് റഹീം നേരത്തേ പറഞ്ഞിരുന്നതെങ്കിലും അഫാനെക്കൊണ്ടുപോവുകയായിരുന്ന പോലീസ് വാഹനം സിഗ്‌നലില്‍പ്പെട്ട് കിടക്കുമ്പോഴാണ് റഹീം, മകനെക്കണ്ടത്. വാഹനം മുന്നോട്ടെടുക്കുംവരെ, അവിടെ ഒരു കടയുടെ പുറത്തുനിന്ന് റഹീം ജീപ്പിലിരിക്കുന്ന മകനെ നോക്കിനിന്നു. റഹീമിനൊപ്പം സുഹൃത്തും കൂടെയുണ്ടായിരുന്നു.
അഫാനെ പോലീസ് തെളിവെടുപ്പിന് കൊണ്ടുവരുന്നതിനിടെ ജീപ്പ് സിഗ്‌നലില്‍ കുടുങ്ങി. ഈ സമയത്ത് പിതാവ് റഹീമും സുഹൃത്തും ജീപ്പ് നില്‍ക്കുന്നതിന്റെ എതിര്‍വശത്തെ 'ആണ്ടവര്‍ സ്റ്റോഴ്സ് പാത്രക്കട'യുടെ മുന്നിലെത്തി മകനെക്കാണുകയായിരുന്നു. സിഗ്‌നലില്‍നിന്ന് ജീപ്പ് അനങ്ങുംവരെ മകനെ നോക്കിനിന്നു. വാഹനം മുന്നോട്ടെടുത്ത ശേഷമാണ് റഹീമും സുഹൃത്തും അവിടെനിന്ന് നടന്നുപോയത്. രംഗം കണ്ടുനിന്നവരിലെല്ലാം വലിയ നൊമ്പരമുണ്ടാക്കി. കൂട്ടക്കൊലപാതകം നടന്ന ആ വീട്ടിലേക്ക് പോവാന്‍ കഴിയുന്നില്ലെന്നായിരുന്നു റഹീം പറഞ്ഞത്. ആശുപത്രി വിട്ട ഭാര്യ ഷെമിക്കൊപ്പം അഗതി മന്ദിരത്തിലാണ് റഹീം ഇപ്പോള്‍ താമസിക്കുന്നത്.
തെളിവെടുപ്പ് പൂര്‍ത്തിയായി
കേസിന്റെ മൂന്നാംഘട്ട തെളിവെടുപ്പിനായാണ് അഫാനെ ഇന്ന് വീട്ടിലെത്തിച്ചത്. പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. സഹോദരന്‍ അഹ്‌സാന്റെയും പെണ്‍ സുഹൃത്ത് ഫര്‍സാനയുടെയും കൊലക്കേസുകളില്‍ ആണ് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയത്.
പാങ്ങോട്, വെഞ്ഞാറമൂട് സ്റ്റേഷനുകളിലായാണ് കൂട്ടക്കൊലപാതകത്തിലെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സഹോദരന്‍ അഹ്സാന്റെയും പെണ്‍സുഹൃത്ത് ഫര്‍സാനയുടെയും കൊലപാതകങ്ങളിലെ തെളിവെടുപ്പാണ് ഇന്ന് നടന്നത്. രാവിലെ ഒമ്പതരയോടെ പ്രതിയെ പോലീസ് സ്റ്റേഷനില്‍ നിന്ന് ആദ്യം കൊലപാതകം നടന്ന പേരുമലയിലെ വീട്ടിലേക്ക് കൊണ്ട് പോയി.
പിതൃ സഹോദരന്‍ ലത്തീഫിനെയും ഭാര്യ സാജിദയെയും കൊന്നതിന് ശേഷം വീട്ടില്‍ മടങ്ങി എത്തിയാണ് അഫാന്‍ അഹ്‌സാനെയും ഫര്‍സാനയെയും അടിച്ചുവീഴ്ത്തിയത്. വീട്ടിലേക്ക് കയറിയ വിധവും കൊലപാതകരീതിയും പ്രതി പോലീസിന് മുന്നില്‍ വിശദീകരിച്ചു. ഇതിനു ശേഷം സ്വര്‍ണം പണയംവച്ച ധനകാര്യ സ്ഥാപനത്തിലും എലിവിഷം വാങ്ങിയ കടയിലും തെളിവെടുപ്പ് നടന്നു.
പെപ്‌സി, മുളകുപൊടി, ചുറ്റിക, ബാഗ് എന്നിവ വാങ്ങിയ കടകളിലും പോലീസ് ഒരിക്കല്‍ കൂടി പ്രതിയെ എത്തിച്ചു. ഫര്‍സാനയെ ബൈക്കില്‍ കൂടെക്കൂട്ടിയ വഴിയില്‍ തെളിവെടുത്ത ശേഷം പ്രതിയെ തിരികെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. മൂന്ന് കേസുകളിലെയും തെളിവെടുപ്പ് പൂര്‍ത്തിയായതിനാല്‍ വേഗത്തില്‍ കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിക്കനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ജനുവരി 24-നാണ് കനത്ത കടബാധ്യതയെത്തുടര്‍ന്ന് അഫാന്‍ അഞ്ച് ക്രൂര കൊലപാതകങ്ങള്‍ നടത്തിയത്. വയോജന കേന്ദ്രത്തില്‍ സംരക്ഷണത്തില്‍ കഴിയുന്ന അഫാന്റെ മാതാവ് ഷെമിയെ അന്വേഷണസംഘം സന്ദര്‍ശിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം മൊഴിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരാഴ്ചകൂടി കഴിഞ്ഞ് മാത്രമേ ഷെമിയുടെ വിശദമായ മൊഴിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വെഞ്ഞാറമൂട് എസ്എച്ച്ഒ അനൂപ് കൃഷ്ണ പറഞ്ഞു.
അതേ സമയം കട്ടിലില്‍ നിന്ന് വീണാണ് പരിക്കേറ്റതെന്ന് അഫാന്റെ ഉമ്മ ഷെമി വീണ്ടും ആവര്‍ത്തിച്ചു. അഫാനെ ജയിലില്‍ നിന്നിറക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ഒരു മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അവര്‍.
'നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഞാന്‍ പറഞ്ഞതാണ് കറക്ട്. എനിക്ക് അതേ ഓര്‍മയുള്ളൂ. ഞാന്‍ കട്ടിലില്‍ നിന്ന് വീണതാണ്. എനിക്ക് സംഭവിച്ചതും അതുതന്നെയാണ്. എന്റെ ഓര്‍മയിലും അതുതന്നെയാണ്. പൊലീസുകാര്‍ രണ്ട് തവണ ചോദിച്ചു. എനിക്ക് അന്ന് സ്‌കൂളില്‍ കൊച്ചിനെ വിട്ട കാര്യമൊക്കെ ഓര്‍മയുണ്ട്. അതുതന്നെയാണ് ഞാന്‍ പറഞ്ഞത്.സാറെ എന്റെ കൊച്ചിനെ ഇറക്കാന്‍ പറ്റുമോ. എന്റെ കൊച്ചിനെ ഇറക്കിതരണം. ഇളയവന്‍ മരിച്ചുപോയി, എനിക്ക് മൂത്തമകനേയുള്ളൂ. അവനെയെങ്കിലും എനിക്ക് ഇറക്കിത്തരണം. അവനെ പ്രതീക്ഷിച്ചാണ് ജീവിക്കുന്നത്. അല്ലെങ്കില്‍ ഞാന്‍ എന്നേ എന്തെങ്കിലും ചെയ്തേനെ. അവനെ പ്രതീക്ഷിച്ച് മാത്രമാണ് ജീവിക്കുന്നത്.'-അഫാന്റെ മാതാവ് പറഞ്ഞു.
അന്വേഷണ സംഘം രണ്ട് തവണ ഷെമിയെ കണ്ടിരുന്നു. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് എസ്.എച്ച്.ഒ ആര്‍.പി.അനൂപ് കൃഷ്ണയുടെ നേതൃത്വത്തില്‍ ഷെമിയെ പാര്‍പ്പിച്ചിരിക്കുന്ന പ്രത്യേക സംരക്ഷണ കേന്ദ്രത്തിലെത്തി സംസാരിച്ചിരുന്നു.എങ്ങനെയാണ് പരിക്കേറ്റതെന്ന ചോദ്യത്തിന് കട്ടിലില്‍ നിന്ന് വീണു എന്ന മറുപടിയാണ് ഷെമി പറഞ്ഞത്. കട്ടിലില്‍ നിന്ന് വീണാല്‍ ഇത്രയും വലിയ പരിക്ക് ഏല്‍ക്കില്ലല്ലോ എന്ന ചോദ്യത്തിന്, ആദ്യം വീണതിനുശേഷം എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും വീണുവെന്ന മറുപടിയാണ് നല്‍കിയത്.
സംഭവ ദിവസം രാവിലെ നടന്ന കാര്യങ്ങള്‍ ഓര്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പ്രവണതയായിരുന്നു ഷെമി കാട്ടിയത്.അനുജന്‍, കാമുകി, മുത്തശ്ശി, പിതൃസഹോദരന്‍, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരെയാണ് അഫാന്‍ കൊലപ്പെടുത്തിയത്. ക്യാന്‍സര്‍ രോഗിയായ ഷെമിയെ ഗുരുതരമായി പരിക്കേല്‍പ്പിച്ചു. അരും കൊലകള്‍ക്ക് ശേഷം അഫാന്‍ പൊലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങുകയായിരുന്നു. ഇയാളെ കാണണമെന്ന് ഷെമി കഴിഞ്ഞ ദിവസം ബന്ധുക്കളോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.