ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 12 കോടി വായ്പ എടുത്ത് തട്ടിപ്പ്; കടം നല്‍കിയത് മതിയായ രേഖകള്‍ ഇല്ലാതെയും തിരിച്ചടവ് ശേഷി പരിശോധിക്കാതെയും; പി വി അന്‍വര്‍ വിജിലന്‍സ് കുരുക്കില്‍; മലപ്പുറത്തെ കെ എഫ് സി ഓഫീസില്‍ റെയ്ഡ്; ഉദ്യോഗസ്ഥര്‍ക്കൊപ്പം അന്‍വര്‍ നാലാം പ്രതി; കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന് ഭീമമായ നഷ്ടം
പി വി അന്‍വറിന് വിജിലന്‍സ് കുരുക്ക്
മലപ്പുറം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്ന് 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന വിജിലന്‍സ് കേസില്‍ നിലമ്പൂര്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വറിന് കുരുക്ക്. മലപ്പുറത്തെ കെ എഫ് സി ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തി. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അന്‍വര്‍ 12 കോടി വായ്പയെടുത്തു തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
2015 ല്‍ 12 കോടി എടുത്ത വായ്പ 22 കോടിയായതോടെ കെഎഫ്‌സിക്ക് ഭീമമായ നഷ്ടം വരുത്തി എന്നാണ് കണ്ടെത്തല്‍. തിരുവനന്തപുരത്തു നിന്നുള്ള വിജിലന്‍സ് പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. ജൂലൈ 29നാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കെഎഫ്‌സി ചീഫ് മാനേജര്‍ അബ്ദുല്‍ മനാഫ്, ഡെപ്യൂട്ടി മാനേജര്‍ മിനി, ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ മുനീര്‍ അഹ്‌മദ്, പിവി അന്‍വര്‍, അന്‍വറിന്റെ അടുപ്പക്കാരന്‍ സിയാദ് എന്നിവരാണ് എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. കേസില്‍ നാലാം പ്രതിയാണ് അന്‍വര്‍.
ഉദ്യോഗസ്ഥരുമായി ഗൂഡാലോചന നടത്തിയെന്നും ലോണ്‍ അനുവദിക്കുന്നതില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നുമാണ് അന്‍വറിനെതിരായ കേസ്. മതിയായ രേഖകള്‍ ഇല്ലാതെ പണം കടമായി നല്‍കി, തിരിച്ചടയ്ക്കാനുള്ള കെല്‍പ്പ് ഉണ്ടോയെന്ന് പരിശോധിച്ചില്ല- എന്നിവയാണ് പ്രതികള്‍ക്കെതിരായ പ്രാഥമിക കണ്ടെത്തല്‍.
ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരത്തെ വിജിലന്‍സിന്റെ പ്രത്യേക അന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. മലപ്പുറത്തെ കെ എഫ് സി ഓഫീസ് റെയ്ഡില്‍ അന്‍വറും സിയാദ് എന്ന വ്യക്തിയും ചേര്‍ന്ന് മഞ്ചേരിയിലുള്ള ഒരു പാര്‍ക്കിന് വേണ്ടി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വായ്പ എടുത്തെന്നും അത് തിരിച്ചടയ്ക്കാതെ കെഎഫ്സിക്ക് വലിയ നഷ്ടം വരുത്തിയെന്നും കണ്ടെത്തി.