വിചാരണയിലുള്ള എല്ലാ കേസുകളിലും കുറ്റം സമ്മതിക്കാന്‍ തന്നെ അനുവദിക്കണമെന്നും ശിക്ഷിക്കണമെന്നും പ്രതിയുടെ ആവശ്യം; വിതുരാ പെണ്‍വാണിഭ കേസിനെ പുതിയ തലത്തിലെത്തിച്ച് സുരേഷെന്ന ഷാജഹാന്റെ കുറ്റസമ്മതം; 23 കേസുകളും ഏറ്റെടുക്കുന്ന അത്യപൂര്‍വ്വത; വിതുരയിലെ ക്രൂരന്‍ എല്ലാം സമ്മതിക്കുമ്പോള്‍
കോട്ടയം: വിതുര പീഡനക്കേസില്‍ വിചിത്ര ആവശ്യവുമായി ഒന്നാം പ്രതി. വിചാരണയിലുള്ള എല്ലാ കേസുകളിലും കുറ്റം സമ്മതിക്കാന്‍ തന്നെ അനുവദിക്കണമെന്നും ശിക്ഷിക്കണമെന്നുമുള്ള ഒന്നാം പ്രതിയുടെ അപേക്ഷയില്‍ കോടതി മേയ് ഏഴിന് പ്രോസിക്യൂഷന്‍ വാദം കേള്‍ക്കും. അത്യപൂര്‍വ്വ സംഭവാണ് ഇത്. കൊല്ലം ജുബൈറ മന്‍സിലില്‍ സുരേഷിനെ (ഷംസുദ്ദീന്‍ മുഹമ്മദ് ഷാജഹാന്‍-52) ഒന്നാം പ്രതിയാക്കി രജിസ്റ്റര്‍ചെയ്ത 24 കേസുകളില്‍ 23 എണ്ണവും വിചാരണഘട്ടത്തിലാണ്. ഒരു കേസില്‍ ശിക്ഷ വിധിച്ചിരുന്നു. അതില്‍ 24 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുകയാണ്. ബാക്കി കേസുകളില്‍ വിചാരണ തുടരുന്നു. ഇതിനിടെയാണ് വിചാരണയിലുള്ള 23 കേസുകളിലും കുറ്റം സമ്മതിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒറ്റ അപേക്ഷ പ്രതി കോടതിയില്‍ നല്‍കിയത്. ഓരോ കേസിലും വ്യത്യസ്ത അപേക്ഷ നല്‍കണമെന്നും അതിന്‍മേല്‍ വാദം കേള്‍ക്കാമെന്നും വിചാരണക്കോടതി അറിയിച്ചു.
1995-ല്‍ വിതുര സ്വദേശിനിയായ പെണ്‍കുട്ടിയെ അകന്ന ബന്ധുവായ യുവതി വീട്ടില്‍നിന്നിറക്കിക്കൊണ്ടുവന്ന് ഒന്നാംപ്രതി സുരേഷിന് കൈമാറിയെന്നും എട്ടു മാസത്തിലേറെ നിരവധിപേര്‍ക്ക് കൈമാറി പീഡിപ്പിച്ചെന്നുമാണ് കേസ്. ഇതില്‍ ആദ്യ കേസിലാണ് ഇപ്പോള്‍ വിചാരണ. കേസില്‍ ഒന്നാംപ്രതി സുരേഷും രണ്ടാം പ്രതി മനോഹരനുമാണ്. കേസിന്റെ തുടക്കത്തില്‍ ഒളിവില്‍ പോയ സുരേഷിനെ പോലീസിന് പിടികൂടാനായില്ല. വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടതറിഞ്ഞ് 18 വര്‍ഷത്തിനുശേഷമാണ് ഇയാള്‍ കോടതിയില്‍ കീഴടങ്ങിയത്. സുരേഷിനെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു. 2019-ല്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍പോയ പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മാസങ്ങള്‍ക്കുശേഷം ഹൈദരാബാദില്‍നിന്നാണ് പിടികൂടിയത്. ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടന്ന വിചാരണയ്ക്കിടെ പെണ്‍കുട്ടി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു. പ്രതികളെ തിരിച്ചറിയാനാകുന്നില്ലെന്നായിരുന്നു മൊഴി.
എന്നാല്‍ സുരേഷിനെ തിരിച്ചറിഞ്ഞത് വിനയായി മാറുകയും ചെയ്തു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. രാജഗോപാല്‍ പടിപ്പുരയ്ക്കല്‍ ആണ് പ്രോസിക്യൂഷനുവേണ്ടി കോടതിയില്‍ ഹാജരാകുന്നത്. നിലവില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ് സുരേഷ്. രണ്ടാം പ്രതി മനോഹരന്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയും ആയിരുന്നു. മനോഹരനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെയാണ് വീണ്ടും ഒന്നാം പ്രതിയുടെ വിചാരണ ആരംഭിച്ചത്. ഈ കേസില്‍ ഉള്‍പ്പെട്ടിരുന്ന സിനിമാനടന്‍ ജഗതി ശ്രീകുമാറിനെ ആദ്യ ഘട്ടത്തില്‍ തന്നെ കോടതി വിട്ടയച്ചിരുന്നു. വിതുര പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി താന്‍ നേരിട്ട പീഡനപരമ്പര കോടതിക്കു മുന്‍പില്‍ അക്കമിട്ടു നിരത്തിയതോടെയാണ് ഒന്നാം പ്രതി സുരേഷിനു കുരുക്കു മുറുകിയത്. ഒരു വര്‍ഷം പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞതു ശരീരദാഹികളായ പുരുഷന്‍മാരുടെ മാത്രം ഇടയിലെന്നായിരുന്നു കോടതിയില്‍ നല്‍കിയ മൊഴി. 1995 ഒക്ടോബര്‍ 21 മുതല്‍ 1996 ജൂലൈ 10 വരെ കൊടുംപീഡനങ്ങളും ശാരീരിക ഉപദ്രവവുമാണു നേരിട്ടത്. ഒന്നാം പ്രതി സുരേഷ് പല സ്ഥലത്തും മുറിയില്‍ പൂട്ടിയിട്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി.
പൊലീസ് അറസ്റ്റ് ചെയ്ത് ഏഴു ദിവസത്തിനു ശേഷം ജാമ്യം ലഭിച്ചു പുറത്തുവന്നപ്പോള്‍ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ സ്വന്തം പിതാവിനെപ്പോലും തിരിച്ചറിയാതെ അലറിക്കരഞ്ഞതായും കോടതിയില്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന മുഹമ്മദ് റഫീഖാണു കേസില്‍ അന്വേഷണത്തിനു നേതൃത്വം നല്‍കിയത്. സിഐമാരായ ആര്‍. രാജേഷ്‌കുമാര്‍, രാജീവ് കുമാര്‍, ബൈജു പൗലോസ്, എസ്‌ഐ ബിനുലാല്‍, എഎസ്‌ഐ കെ.എസ്.രാജീവ് തുടങ്ങിയവരാണു പ്രതിയെ ഹൈദരാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അജിത ബീഗം എന്ന യുവതി അകന്ന ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 1995 നവംബര്‍ 21നു വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുവന്ന് ഒന്നാംപ്രതി സുരേഷിനു കൈമാറുകയും 1996 ജൂലൈ വരെ 9 മാസം കേരളത്തിനകത്തും പുറത്തും പലര്‍ക്കായി കൈമാറി പീഡനത്തിന് വിധേയമാക്കുകയും ചെയ്തെന്നാണു കേസ്. അജിത ബീഗം അന്വേഷണഘട്ടത്തില്‍ വാഹനാപകടത്തില്‍ മരിച്ചു.
ജൂലൈ 16നു പെണ്‍കുട്ടിയെ കേസില്‍ ഉള്‍പ്പെട്ട സണ്ണി എന്നയാള്‍ക്കൊപ്പം എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത ഇവര്‍ 23 നു ജാമ്യത്തിലിറങ്ങിയ ശേഷം സെന്‍ട്രല്‍ പൊലീസിനു നല്‍കിയ മൊഴിയാണ് 9 മാസം നീണ്ട പീഡനങ്ങള്‍ പുറത്തു കൊണ്ടുവന്നത്. ആകെ 24 കേസുകളാണ് ഉണ്ടായിരുന്നത്. സുരേഷ് രണ്ടു ഘട്ടങ്ങളിലായി ഒളിവില്‍ കഴിഞ്ഞത് 18 വര്‍ഷമാണ്. മറ്റു സംസ്ഥാനങ്ങളിലാണു പ്രതി ഒളിവില്‍ കഴിഞ്ഞത്. 1996 ജൂലൈയില്‍ വിതുര സ്വദേശിനി അറസ്റ്റിലായതോടെ മുങ്ങി. 18 വര്‍ഷത്തിനു ശേഷം 2014 ഡിസംബര്‍ മൂന്നിനു സുരേഷ് കോടതിയില്‍ കീഴടങ്ങി. മഹാരാഷ്ട്രയില്‍ കമ്പനി നടത്തുകയായിരുന്നുവെന്നാണ് അന്നു പറഞ്ഞത്. കേസിന്റെ വിചാരണ നടക്കുന്നതിനിടെ 2019 മാര്‍ച്ചില്‍ വീണ്ടും മുങ്ങി. 4 മാസത്തിനു ശേഷം 2019 ജൂലൈയില്‍ ക്രൈം ബ്രാഞ്ച് സംഘം ഇയാളെ ഹൈദരാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ ഇയാള്‍ മറ്റൊരു പീഡനക്കേസില്‍ അറസ്റ്റിലായെങ്കിലും സംഭവം അറിഞ്ഞു കേരള പൊലീസ് എത്തും മുന്‍പു കടന്നുകളഞ്ഞ ചരിത്രവുമുണ്ട്.