ഓണക്കോടിയുമായി ഇനി ആങ്ങളയെത്തില്ല; അണ്ണന്‍ മടങ്ങിയത് അറിയാതെ, ഒന്നും ഓര്‍ത്തെടുക്കാനാവാതെ ആഴിക്കുട്ടി; വിഎസിന്റെ മരണവിവരം ആഴിക്കുട്ടിയെ അറിയിച്ചെങ്കിലും പ്രതികരണമില്ല; ടിവിയില്‍ മരണവാര്‍ത്ത കാണിച്ചെങ്കിലും ഭാവഭേദമില്ലാതെ സഹോദരി; വെന്തലത്തറയിലെ കുടുംബവീട്ടില്‍ ആഴിക്കുട്ടി തനിച്ചാകുമ്പോള്‍
അണ്ണന്‍ മടങ്ങിയത് അറിയാതെ, ഒന്നും ഓര്‍ത്തെടുക്കാനാവാതെ ആഴിക്കുട്ടി
ആലപ്പുഴ: ഇനി വെന്തലത്തറയിലെ വീട്ടില്‍ ഓണക്കോടിയുമായി ആങ്ങളയെത്തില്ല. പ്രിയസഹോദരന്റെ വിയോഗം വിഎസിന്റെ സഹോദരി ആഴിക്കുട്ടി അറിഞ്ഞിട്ടുണ്ടാകുമോ? പറവൂര്‍ വെന്തലത്തറ വീട്ടില്‍ ഒന്നും ഓര്‍മിച്ചെടുക്കാനാവാതെ 94കാരിയായ ആഴിക്കുട്ടി. ഏറെ നാളായി കിടപ്പിലായ ആഴിക്കുട്ടിയെ വിഎസിന്റെ മരണവാര്‍ത്ത ബന്ധുക്കള്‍ അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ടിവിയില്‍ മരണവാര്‍ത്ത കാണിച്ചെങ്കിലും മുഖത്തു ഭാവഭേദമുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. സമരസൂര്യന് കേരളം വിടനല്‍കുമ്പോള്‍ അണ്ണന്‍ യാത്രയായത് ആഴിക്കുട്ടി അറിഞ്ഞിട്ടില്ല, പുന്നപ്ര പറവൂര്‍ വെന്തലത്തറയിലെ കുടുംബവീട്ടില്‍ ഇനി ആഴിക്കുട്ടി മാത്രം.
വിഎസും സഹോദരങ്ങളായ ഗംഗാധരനും ആഴിക്കുട്ടിയും പുരുഷോത്തമനും പിറന്ന വീട്ടിലാണ് ആഴിക്കുട്ടി താമസിക്കുന്നത്. ഏതു തിരക്കിനിടയിലും തിരുവോണ നാളില്‍ കുടുംബസമേതം സദ്യ ഉണ്ണാന്‍ വേലിക്കകത്ത് വീട്ടിലെത്തിയിരുന്ന വിഎസ് ആഴിക്കുട്ടിക്ക് ഓണക്കോടി സമ്മാനിക്കുമായിരുന്നു. അസുഖം മൂലം വിഎസിന്റെ വരവ് മുടങ്ങിയെങ്കിലും കഴിഞ്ഞ ഓണത്തിനും ആഴിക്കുട്ടിക്ക് ഓണക്കോടി എത്തിച്ചുനല്‍കി.
അമ്മയും അച്ഛനും മരിച്ച ശേഷം ആഴിക്കുട്ടിക്ക് ആശ്രയം അണ്ണന്മാരായിരുന്നു. കിടപ്പിലാവുന്നതുവരെ ആഴിക്കുട്ടിക്ക് അണ്ണന്റെ വിശേഷങ്ങള്‍ എന്നുമറിയണമായിരുന്നു. പറവൂര്‍ കിഴക്ക് വെന്തലത്തറ കുടുംബ വീട്ടില്‍ മകള്‍ സുശീലയുടെ ഭര്‍ത്താവ് പരമേശ്വരനോടൊപ്പം കഴിയുന്ന ആഴിക്കുട്ടി എന്നും തിരുവനന്തപുരത്തേക്കു ഫോണില്‍ വിളിപ്പിക്കും. വിഎസിന്റെ മകന്‍ അരുണ്‍കുമാര്‍ വിവരങ്ങള്‍ അറിയിക്കും. വിഎസ് ആശുപത്രിയിലാണെന്ന് ആഴിക്കുട്ടിയെ അറിയിച്ചിരുന്നില്ല. . ഭര്‍ത്താവ് ഭാസ്‌കരന്‍ കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. മകള്‍ സുശീല 2013ല്‍ പനി ബാധിച്ചു മരിച്ചു. പരമേശ്വരന്‍ വീടിനോടു ചേര്‍ന്നു സ്റ്റേഷനറിക്കട നടത്തുകയാണ്. കിടപ്പിലായ ആഴിക്കുട്ടിയെ എഴുന്നേല്‍പിച്ചിരുത്തി ആഹാരം വാരിക്കൊടുക്കുന്നതു പരമേശ്വരനാണ്.
അന്ന് പങ്കുവച്ച ഓര്‍മകള്‍...
സഹോദരനായ അച്യുതാനന്ദനെക്കുറിച്ചുള്ള ഓര്‍മകള്‍ക്ക് ആഴിക്കുട്ടിയുടെ മനസ്സില്‍ എന്നും തിളക്കമായിരുന്നു. 'അണ്ണന്‍ ഒരുപാടു സഹിച്ചിട്ടുണ്ട്. എന്തുമാത്രം പട്ടാളവും പൊലീസും അണ്ണനെത്തിരക്കി ഇവിടെ വന്നു. ഈരാറ്റുപേട്ടയില്‍ ഒളിവിലായിരുന്നപ്പോള്‍ ഞാന്‍ അണ്ണനെ കാണണം എന്നു പാര്‍ട്ടിക്കാരോടു പറഞ്ഞു. അവര്‍ എന്നെ അവിടെക്കൊണ്ടുപോയി കാണിച്ചു. പാര്‍ട്ടിയില്‍ സജീവമായ ശേഷം വല്ലപ്പോഴുമേ വീട്ടിലെത്തൂ. അണ്ണന്‍ വരുമെന്നു കരുതി എല്ലാ രാത്രിയും ചോറ് പാത്രത്തിലാക്കി ഉരുളിക്കടിയില്‍ വയ്ക്കും. വരുമ്പോള്‍ അഞ്ചെട്ടു സഖാക്കള്‍ ഒപ്പമുണ്ടാകും. അവര്‍ ഒന്നിച്ചിരുന്നു കഴിക്കും. ഞാന്‍ പാടത്തു ജോലിക്കു പോയിത്തുടങ്ങിയപ്പോള്‍ യൂണിയനില്‍ അംഗത്വം തന്നു.
അണ്ണനു കുട്ടിക്കാലത്ത് ദൈവവിശ്വാസം ഉണ്ടായിരുന്നു. കളര്‍കോട് ക്ഷേത്രത്തിലും അറവുകാട് ക്ഷേത്രത്തിലുമൊക്കെ പോയിരുന്നു.' മാതാപിതാക്കള്‍ മരിച്ചശേഷം ഇളയ സഹോദരങ്ങളെ വളര്‍ത്താന്‍ വിഎസിന്റെ ജ്യേഷ്ഠന്‍ ഗംഗാധരന്‍ കഷ്ടപ്പെടുന്നതു കണ്ടു നാട്ടുകാരനായ കവി കേശവന്‍ എഴുതിയ കവിതയും ആഴിക്കുട്ടി ഓര്‍ത്തു പറയുമായിരുന്നു: 'ആഴിക്കുട്ടിയാം പൊന്മകളുണ്ണിയെ ഈ വയസ്സില്‍ വളര്‍ത്തേണ്ടതെങ്ങനെ...'
ഓണക്കോടിയുമായി വീട്ടിലെത്തുന്ന പതിവ് വി എസ് പറവൂരിലെ വേലിക്കകത്ത് വീട്ടിലേക്ക് മാറിത്താമസിച്ച അന്നുതുടങ്ങിയതാണ്. എല്ലാ ഓണനാളിലും വെന്തലത്തറയിലെത്തും. പാര്‍ട്ടിയുടെ പിബി അംഗമായപ്പോഴും പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും ഈ പതിവ് വി എസ് തെറ്റിച്ചിട്ടില്ല. എന്നാല്‍ 2018 ലെ മഹാപ്രളത്തില്‍ മാത്രം എത്താനായില്ല. അന്നും ഓണക്കോടിയും സെറ്റുമുണ്ടും കൊടുത്തുവിട്ടിരുന്നു. തിരുവോണത്തിനോ തൊട്ടടുത്ത ഏതെങ്കിലും ദിവസമോ ആണ് വി എസ് എത്താറുള്ളത്. ഭാര്യ വസുമതി, മകന്‍ അരുണ്‍ കുമാര്‍, കൊച്ചു മക്കള്‍ എന്നിവരും കൂടെയുണ്ടാകും. അധികം സംസാരിക്കുന്ന ശീലം അദ്ദേഹത്തിനില്ലെന്ന് ആഴിക്കുട്ടി പറയുന്നു. എങ്കിലും ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കും. പിന്നെ ഭക്ഷണകാര്യങ്ങളും ചോദിച്ചറിയും. ആയുര്‍വ്വേദ മരുന്നുകള്‍ മുടങ്ങാതെ കഴിക്കണമെന്നും പറയും.
പോകാന്‍ നേരം വീടിനു വെളിയിലിറങ്ങി പരിസരമൊക്കെ നോക്കും. എന്താ നോക്കുന്നതെന്ന് ചോദിച്ചാല്‍, പണ്ട് തന്നെ പിടികൂടാന്‍ പൊലീസ് വളഞ്ഞിരുന്നത് ഈ പറമ്പിനു ചുറ്റുമാണെന്ന് കൈ ചൂണ്ടി പറയും. അടിയന്തിരാവസ്ഥക്കാലത്ത് പലയാവര്‍ത്തി പൊലീസ് വളഞ്ഞെങ്കിലും ഒരിക്കല്‍ മാത്രമാണ് പിടികൂടാനായത്. അന്ന് ഞങ്ങളുടെ മുന്നിലിട്ട് ഒരു പാട് ഉപദ്രവിച്ചു. മറ്റാരെയോ കൂടി അവര്‍ക്ക് കണ്ടെത്താനുണ്ടായിരുന്നു. അയാള്‍ എവിടെയാണന്ന് ചോദിച്ചാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഒളിവില്‍ കഴിയുന്ന സ്ഥലമറിയാം. പക്ഷേ കൊന്നാലും പറയില്ലന്ന് വി എസ് പൊലീസിനോട് പറയുന്നതു കേട്ടു. മര്‍ദ്ദനം കണ്ട് സഹിക്കവയ്യാതെ ഞാന്‍ അലമുറയിട്ടു കരഞ്ഞെങ്കിലും അവര്‍ അദ്ദേഹത്തെ കൊണ്ടുപോയി. ഭീകരതയുടെ നാളുകളായിരുന്നു അത്. കൊച്ചുമക്കളോട് ചിലപ്പോഴെല്ലാം ഇത് പറഞ്ഞിട്ടുണ്ട്. പരേതനായ ഭാസ്‌കരനാണ് ആഴിക്കുട്ടിയുടെ ഭര്‍ത്താവ്. തങ്കമണി, സുശീല എന്നിവരാണ് മക്കള്‍. ഇവരില്‍ സുശീല മരിച്ചു. സുശീലയുടെ ഭര്‍ത്താവ് പരമേശ്വരനും മക്കള്‍ക്കും കൊച്ചു മക്കള്‍ക്കുമൊപ്പമാണ് ആഴിക്കുട്ടി വെന്തലത്തറയിലെ വീട്ടില്‍ കഴിയുന്നത്.