'കോടംതുരുത്തിലെ യോഗം കഴിഞ്ഞ് മടങ്ങുമ്പോള്‍ ബാഗ് തുറന്ന് വി എസ് ഒരു പാര്‍ട്ടിരേഖ രാമന്‍സഖാവിനു നല്‍കി; അദ്ദേഹം അത് എന്റെ കൈയില്‍ തന്നു. വി എസ് പോയിക്കഴിഞ്ഞപ്പോള്‍ ടി കെ രാമന്‍സഖാവ് എന്നോട് ചോദിച്ചു.....; വി എസിന്റെ വിവാഹം 44ാം വയസില്‍; കുടുംബം വേണ്ടെന്നുവച്ച വിഎസിന്റെ മനസുമാറ്റിയത് ആ നേതാവ്; മണവാട്ടിയെ സഹോദരിയുടെ വീട്ടിലാക്കി നിയമസഭാ സമ്മേളനത്തിന് പോയ വി എസ്

വി എസിന്റെ വിവാഹം 44ാം വയസില്‍

Update: 2025-07-21 12:06 GMT

തിരുവനന്തപുരം: പാര്‍ട്ടി പ്രവര്‍ത്തനത്തിന് വിവാഹ ജീവിതം തടസ്സമാകുമെന്ന് കരുതി വിവാഹമേ വേണ്ടെന്ന് കരുതിയ ആളായിരുന്നു വിഎസ് അച്യുതാനന്ദന്‍. പലപ്പോഴും പാര്‍ട്ടി സഖാക്കളും അടുത്ത ബന്ധുക്കളും പെണ്ണുകാണലിനെ ക്കുറിച്ച് സൂചിപ്പിച്ചോഴൊക്കെ അച്യുതന്‍ ഒഴിഞ്ഞുമാറി നിന്നു. തന്റെ ജീവിതം പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണെന്ന ചിന്തയായിരുന്നു യൗവനകാലത്ത് വി എസ് അച്യുതാനന്ദന്. വിവാഹം, ഭാര്യ, കുട്ടികള്‍, കുടുംബം എന്നിവയെല്ലാം പൊതുപ്രവര്‍ത്തനത്തിന് തടസങ്ങളായിരിക്കുമെന്ന ചിന്താഗതി അടുപ്പമുള്ളവര്‍ ഏറെ നിര്‍ബന്ധിച്ചിട്ടും മാറ്റിയിരുന്നില്ല.

സാധാരണ യുവാക്കള്‍ 25-30 വയസ്സിനുള്ളില്‍ത്തന്നെ വിവാഹിതരാകുന്ന രീതിയായിരുന്നു അന്ന്. എന്നാല്‍, പിന്നീട് വൈകിയ വേളയില്‍ അദ്ദേഹം വിവാഹത്തിന് തയാറായതിനു പിന്നിലും ഒരു സംഭവമുണ്ട്. ആര്‍ സുഗതന്റെ ജീവിതം കണ്ട് മനസുമാറിയ വിഎസ്

1967 ഫെബ്രുവരി 21ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു വി എസ് അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. പാര്‍ലമെന്റ്‌ററി രംഗത്തെ അദ്ദേഹത്തിന്റെ കന്നിവിജയമായിരുന്നു അത്. അപ്പോള്‍ പ്രായം 43 കഴിഞ്ഞിരുന്നു. വിവാഹമേ വേണ്ടെന്ന് വച്ച് ജീവിച്ച വി എസിന്റെ കടുംപിടിത്തം മാറ്റാനുള്ള കാരണം സഹപ്രവര്‍ത്തകനും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും ആയിരുന്ന ആര്‍ സുഗതനുമായി ബന്ധപ്പെട്ടിരിക്കുന്നു.

അധ്യാപകന്‍ കൂടിയായിരുന്ന ആര്‍ സുഗതന്റെ ജീവിതം പാര്‍ട്ടി പ്രവര്‍ത്തനത്തിനും പൊതു ജനസേവനത്തിനും വേണ്ടി മാത്രമായി നീക്കിവയ്ക്കപ്പെട്ടതായിരുന്നു. 1970ല്‍ 69-ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്. അവസാന നാളുകളില്‍ രോഗപീഡകള്‍ മൂലം അത്യന്തം ക്ലേശമനുഭവിച്ച നാളുകളിലൂടെയായിരുന്നു അദ്ദേഹം കടന്നുപോയത്. കിടപ്പിലായ അദ്ദേഹത്തിന് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുപോലും പരസഹായം വേണ്ടിയിരുന്നു. ഭാര്യയോ കുടുംബമോ ഇല്ലാത്ത അദ്ദേഹത്തെ പരിചരിക്കാനുണ്ടായിരുന്നത് പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു.

പാര്‍ട്ടി ഓഫീസില്‍ത്തന്നെ ദുരിതപൂര്‍ണമായ ജീവിതവുമായി മല്ലടിക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തെ കാണാന്‍ വി എസ് എത്തി. മലമൂത്രവിസര്‍ജനത്തിനുപോലും പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായം തേടുന്ന സുഗതന്‍ സാറിന്റെ ദയനീയത വി എസിന്റെ ഉള്ളുലച്ചു. പ്രായമായി ആരോഗ്യമെല്ലാം നശിക്കുന്ന സമയത്ത് തനിക്കും ഇത്തരമൊരവസ്ഥ നേരിടേണ്ടിവരുമല്ലോ എന്ന ചിന്ത വി എസിനെ വല്ലാതെ അലട്ടി. ഈ ചിന്തകളാണ് വിവാഹത്തിലേക്ക് വിഎസിനെ എത്തിച്ചത്.

വലുതാകുമ്പോള്‍ ഒരു തുണ വേണ്ടെ

അങ്ങനെയാണ് വയ്യാതാകുമ്പോള്‍ ഒരു തുണ നല്ലതല്ലേ എന്ന് ആലോചിച്ചതെന്ന് വിഎസ് തന്നെ പറഞ്ഞിട്ടുണ്ട്. അന്ന് വിഎസിന്റെ പ്രായം നാല്‍പ്പതുകഴിഞ്ഞിരുന്നു, സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി, എംഎല്‍എയുമായിരുന്നു. താമസം ജില്ലാ കമ്മിറ്റി ഓഫിസിലും. അങ്ങനയിരിക്കെ ഒരു ദിവസം അനിയനെ കാണാന്‍ ചേട്ടന്‍ ഗംഗാധരന്‍ ഓഫീസിലെത്തി. വയസ്സ് നാല്പത് കഴിഞ്ഞില്ലേ, ഇനി ഒരു കൂട്ടും കുടുംബവുമൊക്കെ വേണ്ടേ എന്ന ഓര്‍മ്മപ്പെടുത്തി. ആയിടയ്ക്കാണ് ചേര്‍ത്തലയിലെ മുതിര്‍ന്ന സഖാവ് ടി കെ രാമന്‍ പറ്റിയ ഒരു പെണ്‍കുട്ടിയെ കണ്ടെത്തി അച്യുതാനന്ദന്റെ ശ്രദ്ധയില്‍ പെടുത്തുന്നത്. സെക്കന്ദരാബാദ് ഗാന്ധി ഹോസ്പിറ്റലില്‍ നഴ്‌സിങ്ങ് ഫൈനല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു വസുമതി. ചേര്‍ത്തല എന്‍ഇഎസ് ബ്ലോക്കില്‍ സോഷ്യല്‍ വര്‍ക്കറായി ലഭിച്ച താല്‍ക്കാലിക ജോലി ഉപേക്ഷിച്ചാണ് നഴ്സിങ് പഠനത്തിനു പോയത്. അച്ഛന്‍ നേരത്തെ മരിച്ചതിനാല്‍ അമ്മയ്ക്കൊരു താങ്ങാവാന്‍ വേഗം ജോലി നേടുക മാത്രമായിരുന്നു വസുമതിക്ക് ഉണ്ടായിരുന്നത്. കല്യാണപ്പൂതിയൊന്നും മനസ്സില്‍ ഉദിച്ചിരുന്നില്ല.

തന്നെ കെട്ടാന്‍ പോകുന്ന ആളെ അടുത്ത് കണ്ടതിനെപ്പറ്റി വസുമതി ഒരു ഓര്‍മ്മക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇങ്ങനെ- 'കോടംതുരുത്തില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വി എസ്. ഏറ്റവും പിന്നില്‍ നിന്ന് പ്രസംഗം കേള്‍ക്കുകയായിരുന്നു ഞാനും മറ്റു സ്ത്രീസഖാക്കളും. യോഗം കഴിഞ്ഞ് പിരിയാന്‍ തുടങ്ങുമ്പോള്‍ ടി കെ രാമന്‍സഖാവ് എന്നെ വിളിച്ചു. ഞാന്‍ ചെന്നു. അക്കാലത്ത് വി എസി ന്റെ കൈയില്‍ ഒരു ബാഗ് സ്ഥിരമായി കാണുമായിരുന്നു. ബാഗ് തുറന്ന് വി എസ് എന്തോ ഒരു പാര്‍ട്ടിരേഖ രാമന്‍സഖാവിനു നല്‍കി. അദ്ദേഹം അത് എന്റെ കൈയില്‍ തന്നു. വി എസ് പോയിക്കഴിഞ്ഞപ്പോള്‍ ടി കെ രാമന്‍സഖാവ് എന്നോട് ചോദിച്ചു- എങ്ങനെയുണ്ട് വി എസ് സഖാവി ന്റെ പ്രസംഗം. ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. ആ ചോദ്യത്തിന്റെ അര്‍ത്ഥം അപ്പോള്‍ ഞാന്‍ ആലോചിച്ചില്ല. അന്ന് എനിക്ക് അറിയില്ലെങ്കിലും ടി കെ രാമനെപോലുള്ള സഖാക്കള്‍ എന്നെ വി എസിന്റെ ജീവിതസഖിയായി സങ്കല്പിച്ചിരുന്നു. അന്നത്തെ പ്രസ്ഥാനത്തില്‍ അങ്ങനെയായിരുന്നു. ഓരോ സഖാവിന്റെ ജീവിതത്തെക്കുറിച്ചും പ്രസ്ഥാനത്തിന് വ്യക്തമായ ചില തീരുമാനങ്ങളുണ്ടായിരുന്നു...'.

വസുമതിയുമായി വിവാഹം

1967 ജൂലൈ 16 ഞായറാഴ്ച 44-ാം വയസിലായിരുന്നു വി എസിന്റെ വിവാഹം. വധു ആലപ്പുഴ ജില്ലയിലെ കുത്തിയതോട് കോടുംതുരുത്ത് കൊച്ചുതറയില്‍ കുഞ്ഞന്‍ - പാര്‍വതി ദമ്പതികളുടെ മകള്‍ കെ വസുമതി. കുഞ്ഞിയതോട്-എരമല്ലൂര്‍ മേഖലയിലെ അക്കാലത്തെ പ്രധാന പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന ടി കെ രാമന്‍ മുഖേനയാണ് വസുമതിയെ വി എസ് വധുവായി തിരഞ്ഞെടുത്തത്. വസുമതിയുടെ കുടുംബവുമായി ടി കെ രാമന് അടുപ്പമുണ്ടായിരുന്നു. പരമ്പരാഗതമായ പെണ്ണുകാണല്‍ ചടങ്ങൊന്നും ഉണ്ടായിരുന്നില്ല. അന്ന് സെക്കന്ദരാബാദ് ഗാന്ധി ആശുപത്രിയില്‍ ജനറല്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായിരുന്നു വസുമതി. നാലുവര്‍ഷം നീളുന്ന പഠനത്തിനുശേഷം ഒരു വര്‍ഷം അവിടെത്തന്നെ നഴ്സായി ജോലി ചെയ്യണമെന്ന ബോണ്ട് വ്യവസ്ഥയുണ്ടായിരുന്നു. ബോണ്ടിന്റെ കാലാവധി തീരാന്‍ കഷ്ടിച്ച് ഒരു മാസമുള്ളപ്പോഴാണ് ഉടന്‍ വീട്ടിലെത്തണമെന്ന കമ്പി സന്ദേശം വസുമതിക്ക് ലഭിക്കുന്നത്. തന്റെ വിവാഹം വി എസ് അച്യുതാനന്ദന്‍ എം എല്‍ എയുമായി നിശ്ചയിച്ചിരിക്കുന്നു എന്ന വാര്‍ത്തയായിരുന്നു ആ കമ്പിസന്ദേശത്തില്‍ മറഞ്ഞിരുന്നത്.

ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കായിരുന്നു. എന്‍ ശ്രീധരന്റെ പേരിലായിരുന്നു ക്ഷണക്കത്ത്. കല്യാണത്തിന് മൂഹൂര്‍ത്തമില്ല, സ്വീകരിച്ചാനയിക്കലില്ല. ആഭരണാലങ്കാരങ്ങളില്ല; സദ്യയുമില്ല. പരസ്പരം പൂമാല ചാര്‍ത്തല്‍ മാത്രം. പിറ്റേന്നു നേരം പുലര്‍ന്നപ്പോള്‍ പുതുമണവാളന്‍ നവവധുവിനെ സഹോദരിയുടെ വീട്ടിലാക്കി നിയമസഭാ സമ്മേളനത്തിനായി തിരുവനന്തപുരത്തേക്കു വണ്ടി കയറി.

ആ ക്ഷണക്കത്ത്

'കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി സെക്രട്ടറി സഖാവ് അച്യുതാനന്ദനും കുത്ത്യതോട് കോടംതുരുത്തുമുറിയില്‍ കൊച്ചുതറയില്‍ ശ്രീമതി വസുമതിയമ്മയും തമ്മിലുള്ള വിവാഹം 1967 ജൂലൈ 18 ന് ഞായറാഴ്ച പകല്‍ മൂന്നുമണിക്ക് ആലപ്പുഴ മുല്ലയ്ക്കല്‍ നരസിംഹപുരം കല്യാണമണ്ഡപത്തില്‍വച്ചു നടത്തുന്നതിനു നിശ്ചയിച്ചിരിക്കുന്നതിനാല്‍ തദവസരത്തില്‍ താങ്കളുടെ മാന്യസാന്നിധ്യം ഉണ്ടായിരിക്കണമെന്നു താല്‍പര്യപ്പെടുന്നു. വിധേയന്‍, എന്‍ ശ്രീധരന്‍. ജോയിന്റ് സെക്രട്ടറി, കമ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ജില്ലാ കമ്മറ്റി.

നവവധുവിനെ തനിച്ചാക്കി തലസ്ഥാനത്തേക്ക്

വിവാഹത്തിന് മുന്‍പ് പാര്‍ട്ടി ഓഫീസായിരുന്നു വി എസിന്റെ അഭയകേന്ദ്രം. അതിനാല്‍ വിവാഹത്തിനുശേഷം നവദമ്പതികള്‍ക്കു താമസിക്കാനായി ആലപ്പുഴ പട്ടണത്തിനു സമീപം തന്നെ ഒരു ചെറിയ വീട് പാര്‍ട്ടി ഏര്‍പ്പാടാക്കി. അന്നൊരു രാത്രി വിഎസ് വസുമതിക്കൊപ്പം അവിടെ കഴിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലും അവിടെ തങ്ങാനാവശ്യമായ വീട്ടുസാധനങ്ങളും പലചരക്കു സാധനങ്ങളുമൊക്കെ സംഘടിപ്പിക്കാന്‍ വീട്ടുകാരുടെ ശ്രമമുണ്ടായെങ്കിലും അതെല്ലാം വി എസ് വിലക്കി. വിവാഹത്തിന്റെ പിറ്റേദിവസംതന്നെ ഭാര്യയെ കോടംതുരുത്തിലുള്ള അവരുടെ വീട്ടില്‍ കൊണ്ടുപോയി നിര്‍ത്തിയിട്ട് വി എസ് തിരുവനന്തപുരത്തേക്ക് വണ്ടികയറി.

നിയമസഭാ സമ്മേളനം നടക്കുന്ന സമയമായതുകൊണ്ട് സമ്മേളനത്തില്‍നിന്നും വിട്ടു നില്‍ക്കരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. വിവാഹപ്പിറ്റേന്നു തന്നെ നവവധുവിനെ തനിച്ചാക്കി പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ തിരക്കുകളിലേക്ക് മടങ്ങിയതില്‍ വസുമതിക്ക് വിഷമം തോന്നാതിരുന്നില്ല. എന്നാല്‍ പാര്‍ട്ടിയെയും പൊതുപ്രവര്‍ത്തനത്തെയും വരിച്ചതിനുശേഷമായിരുന്നുവല്ലോ വി എസ് തന്നെ വരണമാല്യം ചാര്‍ത്തിയത് എന്ന സമാധാനത്തില്‍ അവര്‍ കുടുംബിനിയുടെ റോള്‍ ഭംഗിയായി ഏറ്റെടുത്തു.

വേലിക്കകത്ത് വീട്

വിവാഹത്തിന് പിന്നാലെ വസുമതിക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചു. ആദ്യം ആലപ്പുഴ കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജിലും നഴ്സായി സേവനമനുഷ്ഠിച്ചു. കടപ്പുറത്തെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഘട്ടത്തിലാണ് വസുമതി മൂത്തമകള്‍ ആശയെ പ്രസവിക്കുന്നത്. മകളെ പ്രസവിക്കുന്ന സമയത്തും വി എസ് അടുത്തുണ്ടായിരുന്നില്ല. എംഎല്‍എയുടെ ഉത്തരവാദിത്തങ്ങളുടെ ഭാഗമായി ആലപ്പുഴ കളക്‌റ്റേറില്‍ ചേര്‍ന്ന ഒരു യോഗത്തില്‍ സംബന്ധിക്കുകയായിരുന്നു. അതിനുശേഷമാണ് അദ്ദേഹം ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ടത്. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട് വീട്ടിലേക്കു പോകാന്‍ നേരവും വി എസ് പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കുകളിലായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് വാടകവീട്ടിലേക്ക് പോയതെന്ന് വസുമതി തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.

രണ്ടുവര്‍ഷത്തിനുശേഷം മകന്‍ അരുണ്‍കുമാര്‍ പിറന്നു. ഇതിനുശേഷമാണ് വി എസിന് സ്വന്തമായി വീടുണ്ടാകുന്നത്. അതാണ് ഇപ്പോഴത്തെ വേലിക്കകത്ത് വീട്. അന്ന് ഈ വീടും പറമ്പും ജ്യേഷ്ഠസഹോദരന്‍ ഗംഗാധരന്റെ ഭാര്യയുടെ പേരിലുള്ളതായിരുന്നു. അത് വി എസ് വിലകൊടുത്ത് വസുമതിയുടെ പേരില്‍ വാങ്ങുകയായിരുന്നു. ഓടിട്ട ചെറിയൊരു വീടും പുരയിടവും. ഈ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കേരളമാകെ വ്യാപിച്ചു തുടങ്ങിയിരുന്നു. കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയില്‍ ഇടയ്ക്ക് ഡല്‍ഹി യാത്രയും ഒഴിവാക്കാനാവാത്തതായിരുന്നു. അതോടെ കുടുംബഭാരം ഏറക്കുറെ പൂര്‍ണമായും വസുമതിയുടെ ചുമലിലായി. അവരത് നന്നായി നിര്‍വഹിക്കുകയും ചെയ്തു.

Tags:    

Similar News