വിവി രാജേഷ് തിരുവനന്തപുരത്ത് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി; സ്ത്യപ്രതിജ്ഞയിലെ 'ദൈവനാമ വിവാദത്തില്‍' 20 പേര്‍ അയോഗ്യരായില്ലെങ്കില്‍ രാജേഷിന്റെ ജയം ഉറപ്പ്; യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന അധ്യക്ഷന് തിരുവനന്തപുരത്ത് നഗര പിതാവാകാന്‍ ഇനിയും കടമ്പ; രാജേഷിനെ അധ്യക്ഷനാക്കിയത് ഡല്‍ഹി നേതൃത്വം; ആശാനാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: വിവി രാജേഷിനെ തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപിയില്‍ ധാരണ. ബിജെപിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളും നിലവില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലറുമാണ്. ബിജെപിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. തിരുവനന്തപുരം നഗര രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമാണ് വിവി രാജേഷ്. 100 അംഗ കൗണ്‍സിലില്‍ ബിജെപിക്ക് 50 പേരുടെ പിന്തുണയുണ്ട്. അപ്പോഴും നാളെ മേയര്‍ തിരഞ്ഞെടുപ്പില്‍ രാജേഷ് ജയിക്കണമെന്ന് ഉറപ്പില്ല. സത്യപ്രതിജ്ഞാ വിവാദമാണ് ഇതിന് കാരണം.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ പൂജപ്പുര വാര്‍ഡില്‍ നിന്നാണ് അദ്ദേഹം വിജയിച്ചത്. വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയുടെ ശക്തമായ മുഖമായി വി.വി. രാജേഷ് ശ്രദ്ധിക്കപ്പെടാറുണ്ട്. രാഷ്ട്രീയ പരിചയസമ്പത്തും തലസ്ഥാന നഗരിയിലുള്ള സ്വാധീനവുമാണ് രാജേഷിന് മേയര്‍ സ്ഥാനാര്‍ത്ഥി പദം കിട്ടുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണത്തില്‍ ബിജെപി ചരിത്രപരമായ മുന്നേറ്റം നടത്തുമ്പോള്‍, പാര്‍ട്ടിയെ നയിക്കാന്‍ വി.വി. രാജേഷ് എത്തുന്നുവെന്നതാണ് ശ്രദ്ധേയം. മുന്‍ ഡിജിപി ആര്‍ ശ്രീലേഖയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ആശാനാഥാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി.
മേയറെ തീരുമാനിക്കുന്നതില്‍ ആര്‍എസ്എസിന്റെ ഇടപെടലാണ് നിര്‍ണായകമായത്. ആര്‍എസ്എസിന്റെ പിന്തുണ വി.വി. രാജേഷിനായിരുന്നു. ആര്‍. ശ്രീലേഖ, വി.വി. രാജേഷ് എന്നിവരുടെ പേരുകളാണ് മേയര്‍സ്ഥാനത്തേക്ക് അവസാന നിമിഷങ്ങളില്‍ പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍, ആര്‍എസ്എസിന്റെ പിന്തുണ വി.വി. രാജേഷിന് ലഭിച്ചതോടെ അദ്ദേഹത്തിന് മുന്‍തൂക്കം ലഭിക്കുകയായിരുന്നു. ഇതിനിടെ, ബിജെപി സംസ്ഥാന നേതൃത്വം ആര്‍. ശ്രീലേഖയുമായി ചര്‍ച്ച നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, ജില്ലാ പ്രസിഡന്റ് കരമന ജയന്‍ എന്നിവരാണ് ശ്രീലേഖയുമായി ചര്‍ച്ച നടത്തിയത്.
ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ശ്രീലേഖയെ പരിഗണിക്കുന്നുണ്ട്. ഇന്നലെ കൗണ്‍സിലര്‍മാരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞ് അതെല്ലാം സംസ്ഥാന അധ്യക്ഷന് ജില്ലാ പ്രസിഡന്റ് കൈമാറി. അത് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. അതിന് ശേഷമാണ് തീരുമാനം വരുന്നത്. മുനിസിപ്പല്‍ നിയമപ്രകാരം 'ദൈവനാമത്തില്‍' എന്നാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്നിരിക്കെ, 20 ബിജെപി അംഗങ്ങള്‍ പ്രത്യേക ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞത് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സിപിഎം വാദിക്കുന്നത്. ചട്ടം ലംഘിച്ചുള്ള ഈ സത്യപ്രതിജ്ഞ അസാധുവാണെന്നും, അതിനാല്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും കാണിച്ച് സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിയും എസ്.പി. ദീപക്കും രംഗത്തെത്തി. ഇക്കാര്യത്തില്‍ അടിയന്തര തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ്.
സത്യപ്രതിജ്ഞാ വേളയില്‍ തന്നെ തെറ്റ് തിരുത്താന്‍ കലക്ടര്‍ തയ്യാറായില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. പരാതിയില്‍ കമ്മീഷന്‍ സ്വീകരിക്കുന്ന നിലപാട് മേയര്‍ തിരഞ്ഞെടുപ്പ് ഫലത്തെ നേരിട്ട് സ്വാധീനിക്കുമെന്നതിനാല്‍ വരും മണിക്കൂറുകള്‍ തിരുവനന്തപുരം കോര്‍പ്പറേഷനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്. 100 പേരാണ് കൗണ്‍സിലര്‍മാരായുള്ളത്. ഇതില്‍ 50 പേര്‍ ബിജെപിക്കാരാണ്. സിപിഎമ്മും കോണ്‍ഗ്രസും മത്സരിക്കും. ഇടതിന് 29 പേരുടേയും കോണ്‍ഗ്രസിന് 19 പേരുടേയും പിന്തുണയുണ്ട്. രണ്ടു സ്വതന്ത്രന്മാരും. ഇതില്‍ സ്വതന്ത്രന്മാരുടെ പിന്തുണ നിര്‍ണ്ണായകമാണ്.
20 പേരെ വോട്ടു ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ 80 പേരായി അംഗ ബലം ചുരുങ്ങും. കോണ്‍ഗ്രസിനായി മത്സരിക്കുന്ന ശബരിനാഥിന് രണ്ടു സ്വതന്ത്രന്മാര്‍ കൂടി വോട്ട് ചെയ്താല്‍ 21 വോട്ടാകും. സിപിഎമ്മിനാണ് സ്വതന്ത്രന്മാര്‍ വോട്ട് ചെയ്യുന്നതെങ്കില്‍ അവര്‍ക്ക് കിട്ടുന്ന വോട്ട് 31 ആയി മാറും. അങ്ങനെ വരുമ്പോള്‍ 30 വോട്ടു മാത്രം ആ സാഹചര്യത്തിലുള്ള ബിജെപി സ്ഥാനാര്‍ത്ഥി തോല്‍ക്കും. സിപിഎം മേയറാകുകയും ചെയ്യും. അതായത് സ്വതന്ത്രന്മാര്‍ എവിടെ നില്‍ക്കുമെന്നത് നിര്‍ണ്ണായകമാണ് ആ ഘട്ടത്തില്‍. എന്നാല്‍ 100 പേരും വോട്ട് ചെയ്താല്‍ ബിജെപിക്ക് അനായാസം ജയിക്കാം. 50 പേരുടെ വോട്ട് അവര്‍ക്ക് നല്ല മുന്‍തൂക്കം നല്‍കും. 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കലക്ടര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മേയര്‍ തിരഞ്ഞെടുപ്പിന് മുമ്പ് കമ്മീഷന്‍ തീരുമാനം എടുക്കും. അങ്ങനെ വന്നാല്‍ അത് മേയര്‍ തിരഞ്ഞെടുപ്പിനേയും സ്വാധീനിക്കും.
