വാളയാര്‍ പെണ്‍കുട്ടികളുടെ മരണ കേസില്‍ മാതാപിതാക്കളെ പ്രതിചേര്‍ക്കാന്‍ കാരണം ചെറിയമ്മയുടെയും ചെറിയച്ഛന്റെയും പിതൃസഹോദരിയുടെയും മൊഴികള്‍; സിബിഐ ഓഫീസിലെത്തി ബോധിപ്പിച്ചത് വീട്ടിലെ സാഹചര്യങ്ങള്‍; സി.ബി.എയുടെത് വിചിത്രവാദമെന്ന് സമരസമിതി
പാലക്കാട്: വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ചകേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെക്കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സി.ബി.ഐയെ പ്രേരിപ്പിച്ചത് മൊഴികള്‍. കുട്ടികളുടെ ചെറിയമ്മയുടെയും ചെറിയച്ഛന്റെയും പിതൃസഹോദരിയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് മാതാപിതാക്കളെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സി.ബി.ഐ ഓഫിസിലെത്തിയാണ് ഇവര്‍ മൊഴി നല്‍കിയത്. പെണ്‍കുട്ടികളുടെ വീട്ടിലെ സാഹചര്യങ്ങള്‍ മോശമായിരുന്നു എന്നതാണ മൊഴികളില്‍ ഉണ്ടായരുന്നത്. മാതാവിനും രണ്ടാനച്ഛനുമെതിരെയായിരുന്നു മൊഴികള്‍. സമാനമായ അഭിപ്രായം പ്രാദേശിക വാസികളില്‍ പലരും നേരത്തെ ചൂണ്ടിക്കാട്ടിയതുമാണ്.
പെണ്‍കുട്ടികളുടെ അമ്മ പ്രതികളെ സഹായിക്കുന്ന നിലപാടെടുത്തെന്ന് സൂചിപ്പിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറച്ച് മുമ്പ് പങ്കുവെച്ച പോസ്റ്റും ഈ മൊഴിയോട് സമാനതകളുള്ളതായിരുന്നു. മൂത്ത പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊഴിയില്‍ അമ്മ കൂടി അറിഞ്ഞുകൊണ്ട് നടന്ന ബലാത്സംഗത്തെപ്പറ്റി പറയുന്നതായി അഡ്വ. ഹരീഷ് വാസുദേവന്‍ സൂചിപ്പിച്ചിരുന്നു. രണ്ടാനച്ഛന്‍ ചീത്തയാണെന്ന് കുട്ടി പറഞ്ഞതായും മൊഴിയുണ്ട്.
പെണ്‍കുട്ടികളുടെ മാതാവ് ഉള്‍പ്പെടുന്ന വാളയാര്‍ നീതി സമരസമിതിയില്‍ നിന്ന് വേര്‍പിരിഞ്ഞ് നീതി സമരസമിതി എന്ന പേരില്‍ സംഘടനയുണ്ടാക്കിയവരും ഈ വാദമാണുയര്‍ത്തുന്നത്. കുട്ടികളുടെ ദുരിതാവസ്ഥ മനസ്സിലാക്കി അധ്യാപകര്‍ വിദ്യാലയത്തിലേക്ക് വിളിച്ചപ്പോള്‍ മാതാവ് പോയിരുന്നോ, പിന്നീട് കുട്ടികളെ മാതാവ് വീട്ടില്‍ സംരക്ഷിച്ചിരുന്നോ എന്നീ സംശയങ്ങളാണ് ഇവര്‍ ഉന്നയിച്ചിരുന്നത്.
അതേസമയം സി.ബി.ഐ അട്ടിമറിച്ചെന്ന് മരിച്ച പെണ്‍കുട്ടികളുടെ അമ്മ പറയുന്നത്. മാതാപിതാക്കളായ തങ്ങളെയും പ്രതിചേര്‍ത്ത നടപടി നിയമപരമായി നേരിടുമെന്നും അവര്‍ പറഞ്ഞു. സി.ബി.ഐക്ക് യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് തങ്ങളെ പ്രതിയാക്കി കുറ്റപത്രം നല്‍കിയിരിക്കുന്നത്. സി.ബി.ഐ വിചാരിച്ചിരുന്നെങ്കില്‍ ഈ കേസ് സത്യസന്ധമായി തെളിയുമായിരുന്നു. 2017 ജനുവരിയില്‍ മൂത്ത മകള്‍ മരിച്ച സമയത്ത് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരമറിഞ്ഞിട്ടും തങ്ങള്‍ മറച്ചുവെച്ചെന്നാണ് സി.ബി.ഐ പറയുന്നത്. അന്ന് ആ വിവരമറിഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ ഇങ്ങനെ പ്രതികരിക്കേണ്ട ഗതികേട് എനിക്കുണ്ടാകില്ലായിരുന്നെന്ന് അമ്മ പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയാണ് കുട്ടികള്‍ പീഡനത്തിനിരയായ വിവരമറിയുന്നത്. മൂത്തമകളുടെ മരണശേഷം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി പല തവണ സ്റ്റേഷനില്‍ കയറിയിറങ്ങി. ഓരോ കാരണങ്ങള്‍ പറഞ്ഞ് അന്ന് മടക്കിയയച്ചു. രണ്ടാമത്തെ മകളും മരിച്ചശേഷമാണ് രണ്ടുപേരുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഒരുമിച്ച് നല്‍കിയത്. രണ്ട് മക്കളും പീഡിപ്പിക്കപ്പെട്ടെന്നാണ് അതില്‍ പറയുന്നത്.
ഈ കേസ് ഒരിക്കലും തെളിയാന്‍ പാടില്ലെന്നാണ് സി.ബി.ഐയുടെ ആവശ്യം. അതിനാലാണ് അവസാനഘട്ടത്തില്‍ അച്ഛനെയും അമ്മയെയും പ്രതിചേര്‍ത്ത് നാടകവുമായി സി.ബി.ഐ ഇറങ്ങിയിരിക്കുന്നത്. യഥാര്‍ഥ പ്രതികളിലേക്കെത്താന്‍ അവര്‍ ശ്രമിച്ചില്ല. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണ്. അവരെ കൊന്നതാണെന്ന് ഈ ലോകത്തോട് പറയണം. ഞങ്ങള്‍ കുറ്റവാളികളല്ലെന്ന് തെളിയിക്കണം. നിയമപോരാട്ടം തുടരും -അവര്‍ പറഞ്ഞു.
സി.ബി.ഐ ആദ്യം സമര്‍പ്പിച്ച കുറ്റപത്രം പാലക്കാട് പോക്‌സോ കോടതി തള്ളിയതിനെ തുടര്‍ന്ന് നിയോഗിക്കപ്പെട്ട രണ്ടാം അന്വേഷണ സംഘവും കൊലപാതക സാധ്യത തേടിയില്ലെന്ന് വാളയാര്‍ നീതി സമരസമിതിയും ആരോപിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കുട്ടിയുടെ ഉയരവും സെലോഫിന്‍ പരിശോധന വിവരങ്ങളും ആദ്യകുട്ടി കൊല്ലപ്പെട്ടപ്പോള്‍ രണ്ടാമത്തെ കുട്ടി നല്‍കിയ മൊഴികളും മറ്റു സാഹചര്യത്തെളിവുകളും പരിഗണിച്ചില്ല.
അമ്മയും അച്ഛനും ബലാത്സംഗത്തിന് പ്രേരിപ്പിച്ചെന്നതും ബന്ധു കൂടിയായ പ്രതി പീഡിപ്പിച്ച കാര്യം അമ്മ മറച്ചുവെച്ചെന്നതും വിചിത്രവാദമാണ്. ഇത് ഹൈകോടതിയുടെ നേരത്തേയുള്ള വിധിയെ പരിഹസിക്കുന്നതാണ്. ഇരകള്‍ക്ക് മേല്‍ പ്രതി നടത്തിയ ലൈംഗികാതിക്രമം സംബന്ധിച്ച വിവരങ്ങള്‍ രക്ഷിതാക്കള്‍ വെളിപ്പെടുത്തിയത് രണ്ടു മാസത്തിനു ശേഷം മാത്രമാണെന്ന വിചാരണകോടതി ജഡ്ജിയുടെ നിലപാടിനെ ഹൈകോടതി തന്നെ തള്ളിയതാണ്. അമ്മയെയും അച്ഛനെയും വിസ്തരിച്ചപ്പോള്‍ നല്‍കിയ മൊഴികളില്‍നിന്ന് മനസ്സിലായത് അവര്‍ ഇക്കാര്യം ആരെയും അറിയിക്കാതിരുന്നത് കൗമാരക്കാരിയായ മകള്‍ക്കുണ്ടാകാവുന്ന അപമാനം ഭയന്നിട്ടായിരുന്നു എന്നാണെന്ന് ഹൈകോടതി പറഞ്ഞിരുന്നു.
ഇരകളുടെ കുടുംബം വരുന്നത് സാമൂഹികമായും സാമ്പത്തികമായും താഴ്ന്ന പശ്ചാത്തലത്തില്‍നിന്നാണെന്നത് മനസ്സിലുണ്ടാകണം. ലൈംഗികാതിക്രമം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അവര്‍ മറച്ചുവെച്ചു എന്നത്, ഹൈകോടതി വിധിയനുസരിച്ചുതന്നെ ന്യായീകരിക്കത്തക്കതാണെന്നും സമര സമതി ചൂണ്ടിക്കാട്ടുന്നു.