വയനാട് ദുരന്ത നിവാരണം: പുറത്ത് വന്നത് പ്രതീക്ഷിത കണക്കുകളെന്ന് സര്‍ക്കാര്‍ വാദം; പെരുപ്പിച്ച് കാട്ടിയാള്‍ ഉള്ളതും കിട്ടില്ലെന്ന് പ്രതിപക്ഷവും; ശരിക്കുള്ള ചെലവുകള്‍ പുറത്ത് വിടാന്‍ സര്‍ക്കാറിന് സമ്മര്‍ദമേറുന്നു
വയനാട് ദുരന്തം: പുറത്ത് വന്നത് പ്രതീക്ഷിത കണക്കുകളെന്ന് സര്‍ക്കാര്‍ വാദം
തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ കോടതിയില്‍ സമര്‍പ്പിച്ച കണക്കുകളെ ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചെലവുകള്‍ പുറത്തുവിടാന്‍ സര്‍ക്കാറിന് മേല്‍ സമ്മര്‍ദമേറുന്നു. കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയെന്ന് സര്‍ക്കാരിനു മേല്‍ ആരോപണം ശക്തമായിരിക്കെയാണ് കണക്കുകള്‍ പുറത്തു വിടണമെന്ന ആവശ്യം ഉയരുന്നത്. അതേസമയം വയനാട് ദുരന്തമുഖത്തെ പ്രാഥമിക കണക്കുകളുടെയും തുടര്‍ന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനമുള്‍പ്പെടെയുള്ള ചെലവുകള്‍ സംബന്ധിച്ച പ്രതീക്ഷിത കണക്കുകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ മെമ്മോറാണ്ടമാണ് പുറത്തുവന്നതെന്നാണ് സര്‍ക്കാര്‍ വാദം.
പ്രതീക്ഷിക്കുന്നതും തുടര്‍ചെലവുകളും ഉള്‍പ്പെടുമെന്നതിനാല്‍ ഫലത്തില്‍ യഥാര്‍ഥ ചെലവല്ല മെമ്മോറാണ്ടത്തിലേതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷം. സര്‍ക്കാര്‍ കണക്ക് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ആളുകള്‍ തലയില്‍ കൈവെക്കുന്ന തരത്തിലാണ് മെമ്മോറാണ്ടം തയാറാക്കിയയത്. സാധാരണക്കാരന്റെ യുക്തിക്ക് പോലും നിരക്കാത്ത കണക്ക് മെമ്മോറാണ്ടം പരിശോധിക്കുന്ന കേന്ദ്ര ഉദ്യോഗസ്ഥര്‍ ഗൗരവത്തിലെടുക്കുമോ എന്നും സര്‍ക്കാര്‍ പുനര്‍വിചിന്തനത്തിന് തയാറാകണമെന്നും സതീശന്‍ പറഞ്ഞു.
ഇതോടെയാണ് രക്ഷാദൗത്യത്തിനും താല്‍ക്കാലിക പുനരധിവാസത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുമെല്ലാം സര്‍ക്കാര്‍ ഇതിനകം ചെലവഴിച്ച തുക പുറത്തുവിടണമെന്ന ആവശ്യമുയരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പോര്‍ട്ടലിലെ കണക്ക് പ്രകാരം വയനാടിനായി ഇതുവരെ ലഭിച്ചത് 379.04 കോടി രൂപയാണ്. എന്നാല്‍, ചെലവഴിച്ച കണക്കൊന്നും പോര്‍ട്ടലില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ചെലവഴിക്കല്‍ കോളത്തില്‍ '0' എന്നാണുള്ളത്. 2018ലെയും 2019 ലെയും പ്രളയ ദുരിതാശ്വാസത്തിന് 4970.29 കോടി ലഭിച്ചതായും 4738.77 കോടി ചെലവഴിച്ചതായും കാണിക്കുന്നുണ്ട്. കോവിഡ് കാലത്ത് 1129.74 കോടി ലഭിച്ചതിന്റെയും 1111.15 കോടി ചെലവഴിച്ചതിന്റെയും കണക്കും കാണാം. എന്നാല് വയനാട് ദുരിതാശ്വാസ നിധിയിലെ ചിലവുകള്‍ ഇനിയും രേഖപ്പെടുത്തിയിട്ടില്ല.
ഇതിനിടെയാണ് കണക്കുകള്‍ പെരിപ്പിച്ചു കാട്ടിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഇതോടെയാണ് കണക്കുകള്‍ പുറത്ത് വിടാന്‍ സമ്മര്‍ദമേറുന്നത്. അതേസമയം രക്ഷാപ്രവര്‍ത്തന ചെലവ് വാര്‍ത്തകള്‍ക്കെതിരെ എല്‍.ഡി.എഫ് രംഗത്തെത്തി. സര്‍ക്കാര്‍ സത്യവാങ്മൂലം വിവാദമായിരിക്കെ വാര്‍ത്തകള്‍ക്കെതിരെ എല്‍.ഡി.എഫ്. ദുരിതബാധിതര്‍ക്ക് ലഭിക്കാനിടയുള്ള കേന്ദ്ര സഹായംപോലും തകര്‍ക്കുന്നവിധം വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
അടിയന്തര സഹായം തേടി കേന്ദ്രത്തിന് സമര്‍പ്പിച്ച നിവേദനത്തെ ദുരന്തമേഖലയില്‍ ചെലവഴിച്ച തുകയാണെന്ന് കള്ളക്കഥ പ്രചരിപ്പിക്കുകയാണ് ചില ദൃശ്യമാധ്യമങ്ങള്‍ ചെയ്തത്. വാര്‍ത്ത വന്ന ഉടനെ യാഥാര്‍ഥ്യം പുറത്തുവരുകയും ചെയ്തു. എന്നിട്ടും കള്ളക്കഥക്കു പ്രാധാന്യം കൊടുത്ത് പ്രസിദ്ധീകരിക്കുകയായിരുന്നു. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ എത്രത്തോളം തരംതാണിരിക്കുന്നുവെന്നതിന്റെ അവസാനത്തെ തെളിവാണിത്.
എല്‍.ഡി.എഫിനും സംസ്ഥാന സര്‍ക്കാറിനുമെതിരെ നിരന്തരമായ കള്ളപ്രചാരവേലയാണ് നടക്കുന്നത്. കേരളത്തിന്റെ പൊതു താല്‍പര്യങ്ങള്‍ക്കെതിരായി മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തേണ്ടതുണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
വയനാട് പുനരധിവാസം അവതാളത്തില്‍ -കെ. സുരേന്ദ്രന്‍
കോഴിക്കോട്: വയനാട് പുനരധിവാസം അവതാളത്തിലാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച തുക സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തത വരുത്തിയിട്ടില്ല. കണക്കുകള്‍ പെരുപ്പിച്ചു കാട്ടി കേന്ദ്രത്തെ കബളിപ്പിക്കാനുള്ള നീക്കമാണ്. അല്ലെങ്കില്‍ പണം അടിച്ചുമാറ്റാന്‍ ശ്രമിക്കുകയാണ്. ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍ എസ്റ്റിമേറ്റ് ആണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് വിശ്വസിക്കാനാവില്ല. തുകയില്‍ നേരത്തേയും കൃത്രിമം നടന്നിട്ടുണ്ടെന്ന് സുരേന്ദ്രന്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
ദുരിതാശ്വാസ ഫണ്ട്: മാധ്യമങ്ങള്‍ വസ്തുത പറയണം - മന്ത്രി രാജേഷ്
പാലക്കാട്: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തിയിരിക്കെ, വയനാട് ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിന്റെ വസ്തുത എന്താണെന്ന് മാധ്യമങ്ങള്‍ ജനങ്ങളോട് വ്യക്തമാക്കണമെന്ന് മന്ത്രി എം.ബി. രാജേഷ്.
തെറ്റായ ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണ്. പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നായി സര്‍ക്കാറിനെതിരെ വ്യാജ പ്രചാരണം നടത്തുകയാണ്. കേന്ദ്രത്തെ രക്ഷിക്കാനുള്ള ഗൂഢാലോചനയില്‍ ഇടതുപക്ഷത്തിനെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും മാധ്യമങ്ങളും ഒറ്റക്കെട്ടാണ്. തിരിച്ചടിയാകുമെന്ന് കരുതി ഇവര്‍ 50 ദിവസം കാത്തിരുന്നു. അതിനുശേഷമാണ് വ്യാജനിര്‍മിതി പുറത്തുവിട്ടത്.
പ്രധാനമന്ത്രി വന്നുപോയിട്ട് ദിവസങ്ങളായിട്ടും ചില്ലിക്കാശ് കേന്ദ്രം നല്‍കിയിട്ടില്ല. തെറ്റായി വാര്‍ത്ത നല്‍കിയവര്‍ ഇപ്പോള്‍ അതില്‍ കിടന്ന് ഉരുളുകയാണ്. ഇടതുപക്ഷത്തോട് രാഷ്ട്രീയ വിയോജിപ്പാകാം. പക്ഷേ, ഇടതുപക്ഷത്തോടുളള പക ദുരന്തബാധിതരോട് ക്രൂരത കാണിച്ചുകൊണ്ടാകരുത്- മന്ത്രി പറഞ്ഞു.
യഥാര്‍ഥ കണക്ക് സര്‍ക്കാര്‍ പുറത്ത് വിടണം -ചെന്നിത്തല
തൃശൂര്‍: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച യഥാര്‍ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെറ്റായ കണക്കുകള്‍ നല്‍കിയാല്‍ കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന സഹായം പ്രതിസന്ധിയിലാകും. സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ കാണിച്ച 'ആക്ച്വല്‍സ്' എന്ന വാക്കിന്റെ അര്‍ഥം ചെലവാക്കിയതെന്നാണ്.
എസ്റ്റിമേറ്റാണോ ആക്ച്വല്‍സ് ആണോ എന്നത് സര്‍ക്കാറാണ് വ്യക്തമാക്കേണ്ടത്. ചില സംഘടനകളെ ഭക്ഷണവിതരണത്തില്‍നിന്ന് ഒഴിവാക്കിയത് മറ്റ് ചില സംഘടനകള്‍ക്ക് കള്ളക്കണക്കുകള്‍ ഉണ്ടാക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ സഹായം ആവശ്യമാണെന്ന് കാണിച്ച് കണക്ക് നല്‍കുകയാണ് വേണ്ടത്. അപ്പോഴെല്ലാം സഹായം ലഭ്യമായിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.