ഒരു നനഞ്ഞ തോര്‍ത്തെടുത്ത് പിഴിഞ്ഞ് വെള്ളം കളയുന്നതുപോലെയാണ് എംടിയുടെ കഥയുടെ ഇഫക്റ്റ്, പെണ്ണുങ്ങളുടെ ഹൃദയത്തില്‍; പാവമാണ് ആള്, ശുദ്ധനാ; പറയുമോ വാസുവിനോട് ഒന്നു ചിരിക്കാന്‍? മാധവക്കുട്ടി എം ടിയെ കുറിച്ച് പറഞ്ഞത്

മാധവക്കുട്ടി എം ടിയെ കുറിച്ച് പറഞ്ഞത്

Update: 2024-12-25 17:51 GMT

കോഴിക്കോട്: എം ടിയെ കുറിച്ച് സദാ എല്ലാവരും പറയുന്ന ഒരുകാര്യമുണ്ട്. ചിരിയില്‍ പിശുക്കനാണെന്ന്. എം ടിയെ കുറിച്ച് മാധവക്കുട്ടി പറഞ്ഞ ചിലതാണ് അപ്പോള്‍ ഓര്‍മ വരിക.

'ജനലു തുറന്നപ്പോള്‍ ഒരു സപ്പോര്‍ട്ട മരമുണ്ട്. അതിനു ചുവട്ടില്‍ പച്ച നിറമുള്ള ഷര്‍ട്ടിട്ട് ഒരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നുണ്ട്. മെലിഞ്ഞൊരു പയ്യന്‍. ആരാണവിടെ നില്‍ക്കുന്നതെന്നു ചോദിച്ചപ്പോള്‍ എന്നോട് ഒരു സ്ത്രീ പറഞ്ഞു. 'അതു മൂപ്പടയിലെ കുട്ടിയാണ് വാസു, വിഎം നായരെ കാണാന്‍ വന്നിരിക്കുകയാണ്. പിന്നെ ഞാന്‍ കാണുന്നത് മാതൃഭൂമിയിലാണ്.'

മാതൃഭൂമിയില്‍ ജോലി ചെയ്യുന്ന സമയത്ത്.... ഞാന്‍ എംടിയെ എപ്പോ കാണുമ്പോഴും വരയുള്ള ഷര്‍ട്ടാണ്. വരയില്ലാത്തൊരു ഷര്‍ട്ടിട്ട് ഞാന്‍ എംടിയെ കണ്ടിട്ടേയില്ല.

പിന്നൊരു ദിവസം അച്ഛന്‍ എംടിയേയും ഭാര്യയേയും രാത്രി ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് ക്ഷണിച്ചു, ഞാനുള്ളപ്പോഴായിരുന്നു അത്. അപ്പോഴാണ് സംസാരിച്ചത്, അപ്പോഴും ഗ്രേയില്‍ കറുത്ത വരയുള്ള ഷര്‍ട്ടാണ് വേഷം. പല്ലും ചുണ്ടുമൊക്കെ കറുത്തിട്ടുണ്ട്, ബീഡി വലിച്ചിട്ട്. വലിയ ഗൗരവഭാവമായിരുന്നു, കളിയും ചിരിയുമൊന്നുമില്ല. ഒരു സീരിയസ് പേഴ്സണ്‍.

വാസുവിന്റെ വര്‍ത്തമാനമൊക്കെ കേള്‍ക്കുമ്പോള്‍ ഞാന്‍ വളരെ സന്തോഷിക്കാറുണ്ട്. അധ്വാനത്തിന്റെ ഫലമായി കിട്ടിയിരിക്കുന്ന കുറേ അവാര്‍ഡുകളൊക്കെ നേടിയിട്ടുണ്ട്. ശരിക്കും അധ്വാനിച്ചിട്ടുള്ള എഴുത്തുകാരനാണ്. മടിയനല്ല. ഒരുപാട് അഭിമാനമുണ്ട്, ചിലപ്പോള്‍ ഞങ്ങളൊക്കെ ഒരേ നാട്ടുകാരായതുകൊണ്ടും ചെറുപ്പത്തിലേ കണ്ടു പരിചയമുള്ളതുകൊണ്ടുമാവാം. ഐ ആം പ്രൗഡ് ഓഫ് ഹിം.

വാസ്തവത്തില്‍ ഞാനൊരു സഹോദരനെ പോലെ തന്നെയാണ് മനസ്സില്‍ കാണുന്നത്. കരയിപ്പിച്ചു കുറേ, ഹൃദയത്തില്‍ പിടിച്ചൊന്നു ഞെരുക്കി, ഒരു നനഞ്ഞ തോര്‍ത്തെടുത്ത് പിഴിഞ്ഞ് വെള്ളം കളയുന്നതുപോലെയാണ് എംടിയുടെ കഥയുടെ ഇഫക്റ്റ്, പെണ്ണുങ്ങളുടെ ഹൃദയത്തില്‍. കുട്ട്യേടത്തി വായിച്ചപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്.

ചിരിക്കില്ല ആള്, ആദ്യം ഞാന്‍ വിചാരിച്ചു എംടിയുടെ പല്ല് മോശമായിരിക്കും അതോണ്ടാവും ചിരിക്കാത്തതെന്ന്, സിഗരറ്റ് വലിച്ചുവലിച്ചു മോശമായതാവും എന്നോര്‍ത്തു. പിന്നെ പറയുന്നതു കേട്ടു, അതങ്ങനെയാ വീട്ടിലും ചിരിക്കില്ലെന്ന്. വീട്ടിലെങ്കിലും ചിരിക്കേണ്ടേ? പാവമാണ് ആള്, ശുദ്ധനാ. ചിരിയൊന്നും കാണാത്തോണ്ട് ആളുകള്‍ എംടിയെ പേടിക്കും.

ശുണ്ഠി വന്നാല്‍ വലിയ ദേഷ്യമാണ്. പാവമാണെങ്കിലും മുഖഭാവം അങ്ങനെ വെച്ചോണ്ടിരിക്കും. അതൊരു തരം പ്രൊട്ടക്ഷനാണ്. ഒരു പരിച കൊണ്ടു നടക്കും പോലെ. ആ മുഖം എംടിയുടെ മുഖമല്ല. എംടി അത് പരിചയായി ഉപയോഗിക്കുകയാണ്. ആളെ പേടിപ്പിച്ചൊന്നു ഒതുക്കാന്‍. ആ മുഖം എപ്പോഴെങ്കിലുമൊരിക്കല്‍ നിലത്തുവച്ച് നോര്‍മലായി കാണാന്‍ മോഹമുണ്ട്. പറയുമോ വാസുവിനോട് ഒന്നു ചിരിക്കാന്‍?

Tags:    

Similar News