വിരമിച്ച ശേഷം ആത്മീയതയിലേക്ക് നീങ്ങിയ സൂപ്പര്‍ കോപ്പിനെ തിരിച്ചുകൊണ്ടുവന്നത് മോദി; ഏഴ് വര്‍ഷം പാക്കിസ്ഥാനിലെ ഇന്ത്യന്‍ ചാരന്‍; സര്‍ജിക്കല്‍ സ്ട്രൈക്കിനുപിന്നിലെ തല; ഇപ്പോള്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെയും സൂത്രധാരന്‍; ഇന്ത്യയുടെ ബ്രഹ്‌മാസ്ത്രമായ ഡോവലിന്റെ അടുത്ത നീക്കമെന്ത്?

ഡോവലിന്റെ അടുത്ത നീക്കമെന്ത്?

Update: 2025-05-09 16:48 GMT

പ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ തകര്‍ത്ത ഇന്ത്യയുടെ 'ബ്രഹ്‌മാസ്ത്രം' ഏതാണെന്ന് മാധ്യമങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്യുന്നുണ്ട്. റഫേല്‍ യുദ്ധവിമാനം തൊട്ട്, ഏറ്റവും ആന്ത്യന്തികമായ മിസൈല്‍- ഡ്രോണ്‍ ശൃംഖലവരെയുള്ള ആയുധങ്ങള്‍ ഇന്ന് ലോക മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയാവുകയാണ്. പക്ഷേ നരേന്ദ്ര മോദിയുടെ യഥാര്‍ത്ഥ ബ്രഹ്‌മാസ്ത്രം ഇത് ഒന്നുമല്ല. അത് പാക്കിസ്ഥാന്റെ ഓരോ മുക്കും മൂലയും നന്നായി അറിയാവുന്ന, ജെയിംസ് ബോണ്ട്- റാമ്പോ ചിത്രങ്ങളോട് കിടപിടിക്കുന്ന ഒരു അപസര്‍പ്പക ജീവിതമുള്ള ഇന്ത്യയുടെ സൂപ്പര്‍ കോപ്പ് അജിത്ത് ഡോവലാണ്. ഇപ്പോള്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാനെ തകര്‍ത്തതിന് പിന്നിലെ ബുദ്ധിയും ഈ 80-ാം വയസ്സിലും യുവത്വം കാത്തുസുക്ഷിക്കുന്ന ഇന്ത്യന്‍ ജെയിംസ് ബോണ്ടിന്റെതാണ്.

1945ല്‍ ഇപ്പോള്‍ ഉത്തരാഖണ്ഡിന്റെ ഭാഗമായ പൗരി ഗഡ്്വാളിലെ ഗിരി ബനേല്‍സ്യൂന്‍ ഗ്രാമത്തിലാണ് ഡോവലിന്റെ ജനനം. അജിത് കുമാര്‍ ഡോവല്‍ എന്നാണ് മുഴുവന്‍ പേര്. ഗഡ്വാളി ബ്രാഹ്‌മണ കുടുംബമാണ് ഡോവലിന്റേത്. അച്ഛന്‍ ഇന്ത്യന്‍ ആര്‍മിയിലായിരുന്നു. അജ്മീര്‍ മിലിട്ടറി സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. പഠിക്കാനും കായിക രംഗത്തും ചെറുപ്പത്തിലേ ഇദ്ദേഹം മിടുമിടുക്കന്‍ ആയിരുന്നു.

സാമ്പത്തിക ശാസ്ത്രത്തില്‍ ആഗ്ര യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫസ്റ്റ് റാങ്കോടെ ബിരുദാനന്തര ബിരുദമെടുത്തു. 1968 ബാച്ച് കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായി. ഡോവലിന്റെ കഴിവു ആദ്യം തിരിച്ചറിഞ്ഞത്, അന്നത്തെ ആഭ്യന്തര മന്ത്രി കെ.കരുണാകരനായിരുന്നു. 1971 ലെ തലശ്ശേരി കലാപം അമര്‍ച്ച ചെയ്യാന്‍ അന്ന് കെ. കരുണാകരന്‍ അവിടത്തെ എ.എസ്.പി. ആയി അയച്ചത് ഡോവലിനെ ആയിരുന്നു. അന്ന് അവിടെ അദ്ദേഹം നടത്തിയ പല കാര്യങ്ങളും കലാപം നിയന്ത്രിക്കുന്നതിലേക്ക് മുതല്‍ക്കൂട്ടായി.

പിന്നെ അദ്ദേഹം കേന്ദ്ര കേഡറിലേക്ക് മാറി. റോയുടെയും ഐബിയുടെയും പ്രധാന ദൗത്യങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടു. അവിടെനിന്ന് അദ്ദേഹത്തിന്റെ കരിയറും ജീവിതവും മാറിമറിയുകായിരുന്നു. ഒന്നും രണ്ടും വര്‍ഷമല്ല 33 വര്‍ഷം രഹസ്യാന്വേഷണ വിഭാഗത്തിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചത്. ആറു വര്‍ഷം പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈകമ്മീഷണറായും ഡോവല്‍ പ്രവര്‍ത്തിച്ചു.




ആത്മീയതയില്‍ നിന്ന് തിരിച്ചുകൊണ്ടുവന്നത് മോദി

ഐതിഹാസികമായ ഒരു കരിയറിനുശേഷം 2005ലാണ് അജിത്ത് ഡോവല്‍ വിരമിക്കുന്നത്. അതിനുശേഷം ആത്മീയ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ആത്മീയതയും സേവനവും ലക്ഷ്യമാക്കി വിവേകാനന്ദ ഫൗണ്ടേഷന്‍ എന്ന സംഘടന സ്ഥാപിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു ഡോവല്‍. പക്ഷേ ഡോവലിനെ നന്നായി അറിയാമായിരുന്ന നരേന്ദ്രമോദി അയാളെ വിടാന്‍ ഒരുക്കം അല്ലായിരുന്നു.



2014 -ല്‍ മോദി പ്രധാനമന്ത്രിയതിന് ശേഷമാണ് ഡോവല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. മോദി സര്‍ക്കാര്‍ ഏറ്റവും ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കുക എന്നാണ്. പ്രതിരോധ, നയതന്ത്ര വിഷയങ്ങളില്‍ ഇന്ത്യ കൈക്കൊള്ളേണ്ട നിലപാടുകള്‍ രൂപീകരിക്കുന്ന, രാജ്യസുരക്ഷയില്‍ ഏറ്റവും നിര്‍ണായകമായ പങ്കുവഹിക്കുന്ന സ്ഥാനമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റേത്. 2014 മേയ് 30നാണ് അജിത് ഡോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കപ്പെടുന്നത്. അതിനുശേഷമുള്ള ഇന്ത്യയുടെ പ്രൊഫഷണല്‍ മികവ് നാം കണ്ടറിഞ്ഞതാണ്.

സുവര്‍ണ്ണക്ഷേത്രം മുതല്‍ പോപ്പുലര്‍ ഫ്രണ്ട് വരെ

പഞ്ചാബ് അമൃതസറിലെ സുവര്‍ണക്ഷേത്രം കയ്യടക്കിയ ദിവസങ്ങളിലാണ് അജിത് ഡോവലെന്ന സാഹസികനായ ഓഫിസറുടെ ധൈര്യം രാജ്യം മനസിലാക്കിയത്. ഭീകരവാദികളുടെ ഇടയിലേക്ക് ഇദ്ദേഹം ഓട്ടോഡ്രൈവറുടെ വേഷത്തില്‍ കടന്നുചെന്നു. താനൊരു പാക്കിസ്ഥാന്‍ ചാരനാണെന്ന് ഖാലിസ്ഥാന്‍ വാദികളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. ക്ഷേത്രത്തിനുള്ളിലെ ഭീകരരുടെ രഹസ്യങ്ങള്‍ ചോര്‍ത്തി സേനയ്ക്കു നല്‍കി. ധീരമായ ഈ സേവനത്തിന് രാജ്യം അജിത്തിന് കീര്‍ത്തിചക്ര നല്‍കി ആദരിച്ചു.

കാണ്ഡഹാര്‍ വിമാനം റാഞ്ചലിലും ഇറാഖില്‍ ഇന്ത്യന്‍ നഴ്സുമാരെ ഐഎസ് ബന്ദികളാക്കിയപ്പോഴും ഭീകരന്മാരുമായി സംസാരിക്കാന്‍ ഇന്ത്യ നിയോഗിച്ചതു ഡോവലിനെത്തന്നെ. 2016 ല്‍ ഉറി ഭീകരാക്രമണത്തിനു ഉചിതമായ മറുപടി നല്‍കാന്‍ പ്രധാനമന്ത്രി ഡോവലിനെയാണ് ദൗത്യമേല്‍പ്പിച്ചത്. നിയന്ത്രണരേഖയില്‍നിന്നു രണ്ടു കിലോമീറ്റര്‍വരെ ഉള്ളില്‍ കടന്ന് നമ്മുടെ സൈന്യം ഭീകരരുടെ കേന്ദ്രങ്ങള്‍ തകര്‍ത്തപ്പോള്‍ വിജയം കണ്ടത് ഡോവിലിന്റെ കൃത്യമായ പ്ലാനിങിലുടെ. ബ്രംഗ്ലദേശ്, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു പല പിടികിട്ടാപ്പുള്ളികളെയും ഇന്ത്യയിലെത്തിച്ചത് ഡോവലിന്റെ ബുദ്ധികൂര്‍മതയായിരുന്നു.




ഏഴ് വര്‍ഷം പാക്കിസ്ഥാനിലെ ഇന്ത്യന്‍ ചാരന്‍. വേഷംമാറി അവിടെ ജീവിച്ച് പാക്കിസ്ഥാന്റെ മുക്കും മൂലയും പഠിച്ചെടുത്തു. മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന ഡോവലിന്റെ ചരടുവലികള്‍ ഇന്ത്യന്‍ സൈന്യത്തിനു എന്നും മുതല്‍ക്കൂട്ടായിരുന്നു.സുരക്ഷാ ഉപദേഷ്ടാവായ ആ വര്‍ഷം തന്നെ ജൂണില്‍ ഇറാക്കിലെ തിക്രിത്ത് ഐസിസ് ഭീകരര്‍ പിടിച്ചെടുത്തതിനുശേഷം ആശുപത്രിയില്‍ കുടുങ്ങിയ 46 ഇന്ത്യന്‍ നഴ്സുമാരെ തിരിച്ചെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. ഇറാക്കില്‍ നേരിട്ടെത്തിയ ഡോവല്‍ അവിടെ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടത്തിയാണ് ഇതു സാധ്യമാക്കിയത്.

മണിപ്പൂരില്‍ 18 പട്ടാളക്കാരെ വധിച്ച ഭീകരരെ മ്യാന്‍മറില്‍ കയറിയാണ് ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയത്. അതിന്റെ പിന്നിലും ഡോവലിന്റെ ബുദ്ധിയായിരുന്നു. നേപ്പാളില്‍ ഭരണഘടന മാറ്റത്തിനുശേഷം മാദേശി പ്രക്ഷോഭം ഇളക്കി വിട്ട് ഹിന്ദു രാഷ്്ട്രമെന്ന വികാരമുണര്‍ത്തി പ്രധാനമന്ത്രി പ്രചണ്ഡയെ താഴെയിറക്കിയതിനു പിന്നിലും ഡോവലിന്റെ ബുദ്ധിയുണ്ടായിരുന്നു. അതു പോലെ തന്നെ ശ്രീലങ്കയില്‍ മഹീന്ദ രാജപക്സയെ പരാജയപ്പെടുത്തി സിരിസേന അധികാരത്തിലേറിയതിനു പിന്നിലും ഡോവലിന്റെ ബുദ്ധിയും ചരടുവലികളുമുണ്ടായിരുന്നു.

പാക്കിസ്ഥാന് ഇന്ന് എറ്റവും കൂടുതല്‍ പേടിക്കുന്നതം ഡോവലിനെയാണ്. അഫ്ഗാന്‍പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിക്ക് ഇന്ത്യ പിന്തുണ നല്‍കുന്നു എന്നും ഇതിനു പിന്നില്‍ ഡോവലാണെന്നുമാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. കാശ്മീരില്‍ വിഘടനവാദികള്‍ക്കും ഭീകരര്‍ക്കുമെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നതും ഡോവല്‍ തന്നെ. ഇതുകൊണ്ടു തന്നെ പാക് തീവ്രവാദികളുടെ ഹിറ്റ്ലിസ്റ്റില്‍ ഡോവല്‍ എന്നുമുണ്ടായിരുന്നു.

ഉറിയിലെ സര്‍ജിക്കല്‍ സ്ട്രൈക്കോടെ ഡോവല്‍ ശരിക്കും ഇന്ത്യയുടെ സൂപ്പര്‍ ഹീറോ ആയി. പാക്കിസ്ഥാനില്‍ കയറി ആക്രമണം നടത്തി തിരിച്ചു വന്ന ശേഷം ഇന്ത്യ അറിയിച്ചപ്പോഴാണ് ആ രാജ്യംപോലും കാര്യം അറിഞ്ഞത് പോലും. അതിനുശേഷമാണ് ഓപ്പറേഷന്‍ ഒക്റ്റോപ്പസ് വരുന്നത്. ഇരുട്ടിവെളുക്കുന്നതിന് മുമ്പ് പോപ്പുലര്‍ ഫ്രണ്ട് എന്ന പാര്‍ട്ടിയുടെ നേതാക്കള്‍ ഒക്കെയും അകത്തായി! അതിന് രാത്രി മുഴവന്‍ ഉറക്കം ഇളച്ച് നേതൃത്വം കൊടുത്തതും അജിത്താണ്. അരിയും മലരും കുന്തിരക്കവും വാങ്ങിവെച്ച് കാലനെ കാത്തിരിക്കാന്‍ എതിരാളികളോട് ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ടുകാര്‍ അറിഞ്ഞില്ല, പാക്കിസ്ഥാനെയും പഞ്ചാബ് തീവ്രവാദികളെയുമൊക്കെ വിറപ്പിച്ച ഒരു 'കാലന്‍' തങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന്!

കാണ്ടഹാറിന്റെ പ്രതികാരം

ഇപ്പോഴത്തെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഡോവല്‍ കണക്കുതീര്‍ക്കുന്നത്, കാണ്ഡഹാര്‍ വിമാന റാഞ്ചലിനും തുടര്‍ന്നുള്ള ഭീകരരുടെ മോചനത്തിനുമാണ്. ഇന്ത്യയുടെ സുരക്ഷാനയതന്ത്ര ചരിത്രത്തില്‍ ഏറ്റവും മാനക്കേടുണ്ടാക്കിയ ഒന്നായാണ് കാണ്ഡഹാര്‍ വിമാന റാഞ്ചലിനെ കണക്കാക്കുന്നത്. അന്ന് ഭീകരരുമായി അവസാന ചര്‍ച്ചകള്‍ക്കായി നിയമിക്കപ്പെട്ടത് മൂന്നുപേരാണ്. അന്നത്തെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്, ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായിരുന്ന അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിവേക് കട്ജു.

1999 ഡിസംബര്‍ 24ന്, ക്രിസ്മസ് തലേന്ന് രാത്രിയിലാണ് 176 യാത്രക്കാരുമായി പോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കഇ814 ഭീകരര്‍ റാഞ്ചുന്നത്. അന്ന് ഭീകരര്‍ താലിബാന്‍ നിയന്ത്രിത അഫ്ഗാനിസ്ഥാനിലാണ് വിമാനമെത്തിക്കുന്നത്. കാണ്ഡഹാര്‍ വിമാനത്താവളത്തില്‍. തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ വിമാനത്തെയും അതിലെ യാത്രക്കാരെയും രക്ഷപ്പെടുത്താന്‍ ഒട്ടേറെ അവസരങ്ങളുണ്ടായിട്ടും ഉപയോഗപ്പെടുത്താതിരുന്നു എന്നതാണ് അന്ന് രാജ്യം ഏറ്റുവാങ്ങിയ ഏറ്റവും വലിയ വിമര്‍ശനം. ഒടുവില്‍ വിമാനം കാണ്ഡഹാറിലെത്തിയതോടെ ഇന്ത്യ തികച്ചും നിസ്സഹായാവസ്ഥയിലാകുകയായിരുന്നു. യാത്രക്കാരെ വിട്ടുനല്‍കാന്‍ ഭീകരര്‍ ഉന്നയിച്ച ആവശ്യം മൂന്ന് ഭീകരവാദികളുടെ മോചനമായിരുന്നു. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട അബ്ദുല്‍ അസര്‍ റൗഫിന്റെ സഹോദരന്‍ മസൂദ് അസ്ഹര്‍, ഒമര്‍ ഷെയ്ഖ്, മുഷ്താഖ് സര്‍ഗര്‍ എന്നിവരുടെ മോചനം.



അന്ന് ഭീകരുമായുള്ള ചര്‍ച്ചകള്‍ക്ക് അജിത് ഡോവലങ്ങുന്ന സംഘത്തെയാണ് ഇന്ത്യ അയച്ചത്. റാഞ്ചലിന്റെ നാലാം ദിവസമായിരുന്നു സംഘം അഫ്ഗാനിസ്ഥാനില്‍ എത്തുന്നത്. എന്നാല്‍ ഭീകരരുമായി ആദ്യ ഘടങ്ങളില്‍ കൃത്യമായി ആശയവിനിമയം നടത്താന്‍ പോലും സംഘത്തിന് ആയിരുന്നില്ല. വിമാനത്തിലെ ആളുകളുടെ അവസ്ഥ എന്താണെന്ന് പോലും അറിയാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഭീകരരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഇന്ത്യ മൂന്നുപേരെയും മോചിപ്പിക്കുകയായിരുന്നു. അന്ന് ഭീകരരുമായി ചര്‍ച്ചകള്‍ നടത്താന്‍ ചുമതലപ്പെട്ട വിവേക് കട്ജുവും അജിത് ഡോവലുമടങ്ങുന്ന സംഘത്തിന് നിരവധി വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഭീകരരെ താലിബാന്‍ അറസ്റ്റ് ചെയ്യുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നെങ്കിലും അതും നടന്നില്ല. താലിബാന്‍ നേതാക്കള്‍ ഭീകരരെ കാണ്ഡഹാറില്‍ നിന്ന് രക്ഷപ്പെടാന്‍ അനുവദിച്ചു.

ഭീകരരെ മോചിപ്പിച്ചതിലൂടെ യാത്രക്കാരെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും ഇന്ത്യ കൊടുക്കേണ്ടി വന്നത് വലിയ വിലയായിരുന്നു. മസൂദ് അസ്റിനെ വിട്ടയച്ചതിന്റെ ഫലം പിന്നീട് പലതവണ ഇന്ത്യ ഏറ്റുവാങ്ങി. 2001 ലെ പാര്‍ലമെന്റ് ആക്രമണം, 2019-ല്‍ 40 സൈനികര്‍ വീരമൃത്യു വരിച്ച പുല്‍വാമ ഭീകരാക്രണം, പത്താന്‍കോട്ട് ആക്രണം ഇതെല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് മസൂദായിരുന്നു. അന്ന് മസൂദ് അസറിനെ വിട്ടയക്കാന്‍ ഇടയായ കാണ്ഡഹാര്‍ ഹൈജാക്കിന്റെ സൂത്രധാരനാകട്ടെ ഇയാളുടെ സഹോദരന്‍ അബ്ദുല്‍ അസര്‍ റൗഫും. ഒടുവില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ അബ്ദുല്‍ അസര്‍ റൗഫ് കൊല്ലപ്പെടുമ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരിക്കുന്ന അജിത് ഡോവലിന് അത് ഒരു പ്രതികാരത്തിന്റെ പൂര്‍ത്തീകരണം കൂടിയാണ്.

കാല്‍ നൂറ്റാണ്ടത്തെ മുറിവിന്റെ പ്രതികാരമെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ഇപ്പോള്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഒരുഘട്ടം മാത്രമേ ആയുള്ളൂ. പാക്കിസ്ഥാനെ പാഠം പഠിപ്പിക്കിക്കാന്‍ അജിത്ത് ഡോവല്‍ എന്ന വെയിലാറത്ത സായാഹ്നം ഇനി എന്തെല്ലാം അടവുകളാണ് എടുക്കുക എന്ന് കാത്തിരുന്ന് കാണാം.

Tags:    

Similar News