നിയമ വഴികള്‍ എല്ലാം അടഞ്ഞപ്പോള്‍ മനുഷ്യ കടത്ത് സംഘത്തിന്റെ സഹായത്തോടെ യുകെയിലേക്ക് മടങ്ങാന്‍ ഒരുങ്ങി ഷമീമ ബീഗം; സിറിയയിലെ അല്‍ റോജ് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന ഐസിസ് വധുവിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ച് സര്‍ക്കാര്‍; മുന്‍ അമേരിക്കന്‍ പൗരനൊപ്പം തുര്‍ക്കിയിലെത്താന്‍ വഴിതേടി ഷമീമ
നിയമ വഴികള്‍ എല്ലാം അടഞ്ഞപ്പോള്‍ മനുഷ്യ കടത്ത് സംഘത്തിന്റെ സഹായത്തോടെ യുകെയിലേക്ക് മടങ്ങാന്‍ ഒരുങ്ങി ഷമീമ ബീഗം
ലണ്ടന്‍: യു കെയിലേക്ക് തിരിച്ചു വരാന്‍ നിയമപരമായ വഴികളെല്ലാം അടഞ്ഞതോടെ മനുഷ്യക്കടത്ത് സംഘങ്ങളുടെ സഹായത്തോടെ ഇവിടെയെത്താനുള്ള ശ്രമത്തിലാണ് ഐസിസ് വധു ഷമീമ ബീഗം എന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2015 ല്‍, തീവ്രവാദി സംഘടനയായ ഐസിസില്‍ ചേരാനായി ബ്രിട്ടന്‍ വിട്ടുപോയ ഷമീമയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയിരുന്നു. ഇപ്പോള്‍ വടക്ക് കിഴക്ക് സിറിയയിലെ, തികച്ചും വൃത്തിഹീനവും, നിത്യേനയെന്നോണം ആക്രമണങ്ങള്‍ നടക്കുന്നതുമായ് അല്‍ റോജ് അഭയാര്‍ത്ഥി ക്യാമ്പിലാണ് ഇവര്‍ താമസിക്കുന്നത്. കിഴക്കന്‍ ലണ്ടനിലെ ബേത്‌നാല്‍ ഗ്രീനില്‍ താമസിച്ചിരുന്ന ഈ 26 കാരി, കേവലം 15 വയസ്സുണ്ടായിരുന്നപ്പോഴായിരുന്നു തീവ്രവാദി സംഘടനയില്‍ ചേരാനായി രാജ്യം വിട്ടത്.
യു കെയിലേക്ക് തിരികെ എത്താന്‍ നിരവധി നിയമപോരാട്ടങ്ങള്‍ നടത്തിയിരുന്നെങ്കിലും അവയെല്ലാം പരാജയപ്പെടുകയായിരുന്നു. അതിനെ തുടര്‍ന്നാണ് ഇപ്പോള്‍ രാജ്യത്ത് മടങ്ങിയെത്താന്‍ മനുഷ്യക്കടത്ത് സംഘങ്ങളുടെ സഹായം തേടിയിരിക്കുകയാണെന്ന വിവരം പുറത്തു വരുന്നത്. ഇവര്‍ താമസിക്കുന്ന ക്യാമ്പില്‍ നിന്നുള്ള ചില സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും അതില്‍ അവകാശപ്പെടുന്നുണ്ട്. യൂറോപ്യന്‍ മനുഷ്യാവകാശ കോടതി ഷമീമ ബീഗത്തിന്റെ കാര്യത്തിലെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടിക്ക് അവര്‍ മുതിരുന്നത്.
ഷമീമ ബീഗം മനുഷ്യക്കടത്തിന്റെ ഇരയാണോ എന്നത് പരിശോധിക്കണം എന്നാണ് മനുഷ്യാവകാശ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ, ഷമീമ ബീഗവുമായി ഒന്നിലധികം തവണ അഭിമുഖങ്ങള്‍ നടത്തിയിട്ടുള്ള സിനിമ സംവിധായകന്‍ കൂടിയായ ആന്‍ഡ്രു ഡ്രുറി പറയുന്നത് ഇതേ ക്യാമ്പില്‍ കഴിയുന്ന ഒരു മുന്‍ അമേരിക്കന്‍ ജിഹാദി യുവതിയും ഷമീമ ബീഗത്തിനൊപ്പം അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട് എന്നാണ്. ഹോഡ മുത്താന എന്ന ഈ യുവതിക്ക്, ഐസിസില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് അമേരിക്കന്‍ പൗരത്വം നഷ്ടപ്പെട്ടിരുന്നു.
എങ്ങനെയെങ്കിലും തൊട്ടടുത്തുള്ള തുര്‍ക്കിയില്‍ എത്താനാണ് ഇരുവരും പദ്ധതി തയ്യാറക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനായി ഡ്രുറിയോടെ ഹോഡ പണം നല്‍കി സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് സന്ദേശങ്ങള്‍ അയച്ചിരുന്നത്രെ. തുര്‍ക്കിയില്‍ എത്തി, അവരവരുടെ രാജ്യങ്ങളുടെ എംബസികളെ സമീപിക്കാനാണത്രെ ഇരുവരുടെയും ശ്രമം. തുര്‍ക്കി നാടുകടത്തിയാല്‍ തങ്ങളെ സ്വീകരിക്കാന്‍ തങ്ങളുടെ രാജ്യങ്ങള്‍ നിര്‍ബന്ധിതരാകും എന്നാണ് ഇവര്‍ കരുതുന്നത്.
അടുത്തിടെ ഷമീമ ബീഗത്തെയും മറ്റ് ഐഎസ് തടവുകാരെയും സിറിയയിലെ അഭയാര്‍ഥി ക്യാംപുകളില്‍ തടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കുര്‍ദിഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്ഡിഎഫ്) ആണ് ഈ അഭയാര്‍ഥി ക്യാംപ് നിയന്ത്രിക്കുന്നത്. 9,000ത്തിലധികം ഐഎസ് തടവുകാരാണ് ഇവിടെയുള്ളത്. മാത്രമല്ല, 40,000 സ്ത്രീകളും കുട്ടികളും താമസിക്കുന്ന മറ്റ് ക്യാംപുകളും എസ്ഡിഎഫിന്റെ നിയന്ത്രണത്തിലുണ്ട്.
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിന്റെ സേനയുമായുള്ള പോരാട്ടത്തില്‍ എസ്ഡിഎഫിന് ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണം നഷ്ടമായി. എന്നാല്‍ ഇരു ഗ്രൂപ്പുകളും വെടിനിര്‍ത്തലില്‍ ഒപ്പുവച്ചതിന് പിന്നാലെ എസ്ഡിഎഫ് നിയന്ത്രിത മൂന്ന് തടങ്കല്‍ കേന്ദ്രങ്ങള്‍ക്ക് ചുറ്റും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്. റാഖയ്ക്കടുത്തുള്ള അല്‍-അഖ്താന്‍ ജയില്‍, ദേര്‍ അല്‍-സൂറിലെ ജയില്‍, അല്‍-ഷദാദി പട്ടണത്തിലെ ജയില്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.
ഐഎസ് തടവുകാരെ 'സുരക്ഷിത സ്ഥലങ്ങളിലേക്ക്' മാറ്റാന്‍ ശ്രമിക്കുകയാണെന്ന് എസ്ഡിഎഫ് പറഞ്ഞു. പക്ഷേ, നിലവില്‍ അത് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒട്ടേറെ തടവുകാര്‍ ദേര്‍ അല്‍-സൂറില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനകം പുറത്തുവന്നിരുന്നു.
