കല്യാണങ്ങളിലും ആഘോഷ പരിപാടികളിലെയും നൃത്ത സംവിധായിക; സ്മൃതിയുടെയും പലാഷിന്റെയും വിവാഹത്തിലെ നൃത്തവും മേരിയുടെ മേല്‍നോട്ടത്തില്‍; സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാത്ത വ്യക്തിത്വം ചര്‍ച്ചയായത് ചാറ്റ് പുറത്ത് വന്നതോടെ; മേരി ഡി കോസ്റ്റയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
മേരി ഡി കോസ്റ്റയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
മുംബൈ: ഇന്ത്യന്‍ വനിതക്രിക്കറ്റ് ലോകവും താര ലോകവും ഒരു പോലെ ചര്‍ച്ച ചെയ്ത വിവാഹമായിരുന്നു ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീതസംവിധായകന്‍ പലാഷ് മുച്ഛലും തമ്മിലുള്ളത്.വനിത ഐ പി എല്ലില്‍ ബംഗളൂരു ചാമ്പ്യന്മാരായത് മുതല്‍ ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് സമ്മാനദാന വേദിയില്‍ വരെ പലാഷ് മന്ദാനക്കൊപ്പം എത്തിയിരുന്നു. വിശ്വകിരിടം ചൂടിയ അതെ ഗ്രൗണ്ടില്‍ വച്ചാണ് ഇരുവരും പ്രണയഭ്യര്‍ത്ഥന നടത്തിയതും.ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും ഇ താര വിവാഹം ചര്‍ച്ചയായിരുന്നു.
എന്നാല്‍ വിവാഹത്തിന്റെ അവസാന നിമിഷം ചടങ്ങ് മാറ്റിവെച്ചതോടെ ഈ ചര്‍ച്ചകള്‍ മറ്റൊരു തലത്തിലായി. സ്മൃതിയുടെ അച്ഛന് ഹൃദയാഘാതമുണ്ടായി എന്നും അതിനാലാണ് വിവാഹം മാറ്റിയതെന്നുമാണ് ആദ്യഘട്ടത്തില്‍ വന്ന വിശദീകരണം.പിന്നാലെയാണ് ഏവരെയും ഞെട്ടിച്ച് മേരി ഡി കോസ്റ്റയെന്ന യുവതി പലാഷുമായുള്ള കുറച്ച് സ്വകാര്യ ചാറ്റുകള്‍ പുറത്ത് വിടുന്നത്. ചാറ്റിന്റെ ഉള്ളടക്കം വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ ആരാണ് മേരി ഡി കോസ്റ്റയെന്നായി അന്വേഷണം !
സ്വകാര്യ ചടങ്ങുകളിലെ നൃത്ത സംവിധായിക; പൊതുയിടങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന മേരി
പലാഷുമൊത്തുള്ള സ്വകാര്യ ചാറ്റുകള്‍ പുറത്ത് വിടുന്നത് വരെ അധികമാര്‍ക്കും പരിചിതമല്ലാത്ത പേരായിരുന്നു മേരി ഡി കോസ്റ്റയുടെത്. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ മേരി അത്ര സജീവമല്ലായിരുന്നുവെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യന്നത്.
ചില എന്റര്‍ടെയിന്‍മെന്റ് മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, മേരി ഡി കോസ്റ്റ ഒരു കൊറിയോഗ്രാഫറാണെന്നാണ് വിവരം. ചില വിവാഹപാര്‍ട്ടികളിലെ നൃത്തങ്ങളില്‍ ഡി കോസ്റ്റ നേതൃത്വം നല്‍കാറുണ്ട്. സ്മൃതി മന്ദാനയുടേയും പലാഷ് മുഛലിന്റേയും വിവാഹാഘോഷങ്ങളുടെ കൊറിയോഗ്രാഫി ചുമതല മേരിക്കായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചില ചിത്രങ്ങളല്ലാതെ ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
പലാഷ് മുച്ഛലുമായുള്ള തന്റെ ചാറ്റ് എന്ന അവകാശവാദത്തോടെയാണ് മേരി, ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ പോസ്റ്റ് ചെയ്തത്. നീന്താനും, പിന്നീട് സ്പായ്ക്കും, അതിനുശേഷം പുലര്‍ച്ചെ 5 മണിയോടെ മുംബൈയിലെ വെര്‍സോവ ബീച്ചിലും തന്നോടൊപ്പം ചേരാന്‍ പലാഷ് അവരോട് ആവശ്യപ്പെടുന്നത് ചാറ്റിലൂടെ വ്യക്തമാണ്. ഇന്‍സ്റ്റഗ്രാമിനുപിന്നാലെ റെഡ്ഡിറ്റിലും ചാറ്റുകള്‍ വൈറലായി.ചാറ്റില്‍ സ്മൃതിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിക്കുമ്പോള്‍, 'ഡെഡ്' എന്നാണ് പലാഷ് പറയുന്നത്. പ്രശ്‌നം രൂക്ഷമായതോടെ മേരി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആക്കുകയും ചെയ്തു.
സങ്കേതിക വിദ്യക്ക് മനുഷ്യനെക്കാള്‍ വേഗം; പലാഷിനെ വിലയിരുത്തരുത്
സ്‌ക്രീന്‍ ഷോട്ട് പുറത്ത് വന്നതിന് പിന്നാലെ തന്റെ സമൂഹ മാധ്യമ പേജുകളില്‍ നിന്ന് വിവാഹത്തിന്റെതുള്‍പ്പടെ പലാഷുമൊത്തുള്ള ചിത്രങ്ങള്‍ സ്മൃതി നീക്കം ചെയ്തത് പ്രശ്‌നം വഷളായെന്നുള്‍പ്പടെ നിഗമനത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇപോഴിത വിഷയത്തില്‍ പലാഷിനെ പിന്തുണച്ച് സാമൂഹികമാധ്യമത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ബന്ധുവായ നീതി തക്.
ഇത്തരം അപവാദ പ്രചരണങ്ങളുടെ പേരില്‍ പലാഷിനെ മുന്‍വിധിയോടെ കാണരുതെന്ന് നീതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പലാഷ് വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്, സത്യമറിയാതെ പലാഷിനെ തെറ്റുകാരനായി കാണരുത്- എന്നാണ് നീതി കുറിച്ചത്. ഇന്ന് സാങ്കേതികവിദ്യ മനുഷ്യരേക്കാള്‍ മുന്നിലാണെന്നും, അതിനാല്‍ കിംവദന്തികളുടെ പേരില്‍ പലാഷിനെ വിലയിരുത്തരുതെന്നും നീതി കുറിച്ചു. പലാഷിനായി പ്രാര്‍ഥിക്കണം എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം സ്മൃതിയുടെ അച്ഛന്‍ ശ്രീനിവാസിന്റെ ആരോഗ്യം മെച്ചപ്പെട്ട് കഴിഞ്ഞദിവസം ആശുപത്രി വിട്ടുവെങ്കിലും വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.എന്നാല്‍ ഇക്കാര്യത്തില്‍ സ്മൃതിയോ പലാഷോ വിശദീകരണം നല്‍കിയിട്ടില്ല. കൂടാതെ സ്‌ക്രീന്‍ഷോട്ടുകളുടെ ആധികാരികതയോ സ്‌ക്രീന്‍ഷോട്ടുകളാണ് വിവാഹം മാറ്റിവെക്കാന്‍ കാരണമായതെന്നോ ഒന്നും ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടുമില്ല.
