ദാവൂദ് ഇബ്രാഹിം തന്റെ തലയ്ക്ക് വില പറഞ്ഞു; തന്നെ കൊലപ്പെടുത്താന്‍ ഷാര്‍പ്പ് ഷൂട്ടര്‍മാരെ അയച്ചു; ദാവൂദ് തന്നെ വേട്ടയാടിയത് ഈ കാരണം കൊണ്ട്; ഇന്ത്യ വിട്ടത് നിയമ കുരുക്കുകള്‍ കൊണ്ടല്ല, ദാവൂദിന്റെ വധ ഭീഷണി ഭയന്നാണെന്ന് ഐപിഎല്‍ സ്ഥാപകന്‍ ലളിത് മോദി; ഷോട്ടാ ഷക്കീലിന്റെ കയ്യില്‍ നിന്ന് ലളിത് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇന്ത്യ വിട്ടത് ദാവൂദിന്റെ വധഭീഷണി കാരണമെന്ന് ലളിത് മോദി

Update: 2024-11-25 15:20 GMT

ന്യൂഡല്‍ഹി: 14 വര്‍ഷം മുമ്പ് താന്‍ ഇന്ത്യ വിട്ടത് കേസ് കുരുക്കില്‍ പെട്ടത് കൊണ്ടല്ലെന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സ്ഥാപകന്‍ ലളിത് മോദി. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ വധഭീഷണി ഭയന്നാണ് രാജ്യം വിട്ടതെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. രാജ് ഷമാനിയുടെ പോഡ്കാസ്റ്റ് 'ഫിഗറിങ് ഔട്ടില്‍' സംസാരിക്കവേയാണ് ലളിത് മോദി ഇക്കാര്യം തുറന്നുപറഞ്ഞത്. ഐ പി എല്‍ താരലേലം സൗദിയില്‍ നടക്കുന്നതിനിടെയാണ് ലളിതിന്റെ തുറന്നുപറച്ചില്‍.


' രാജ്യം വിടാന്‍ തക്കവണ്ണം നിയമപ്രശ്‌നങ്ങള്‍ ആദ്യമില്ലായിരുന്നു. പക്ഷേ, എനിക്ക് ദാവൂദ് ഇബ്രാഹിമില്‍ നിന്ന് വധഭീഷണി വന്നു. ദാവൂദിന് ഐപിഎല്ലില്‍ മാച്ച് ഫിക്‌സിങ് നടത്താന്‍ വേണ്ടിയാണ് എന്നെ പിന്തുടര്‍ന്നത്. എന്നാല്‍, ഒത്തുകളി ഒരുകാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഞാന്‍. എന്നെ സംബന്ധിച്ചിടത്തോളം അഴിമതി വിരുദ്ധ പ്രചാരണം വളര പ്രധാനമായിരുന്നു. കളിയുടെ സത്യസന്ധതയും എനിക്ക് മുഖ്യമായിരുന്നു'-ലളിത് മോദി പറഞ്ഞു.

വിമാനത്താവളത്തില്‍, വിഐപി എക്‌സിറ്റിലൂടെ മാത്രമേ പോകാവൂ എന്ന് തന്റെ പേഴ്‌സണല്‍ ബോഡി ഗാര്‍ഡ് നിര്‍ബ്ബന്ധിച്ചെന്നും ലളിത് മോദി പറഞ്ഞു. താന്‍ ദാവൂദിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉണ്ടെന്നും 12 മണിക്കൂര്‍ നേരത്തേക്ക് മാത്രമേ സംരക്ഷണം ഉറപ്പാക്കാന്‍ കഴിയൂ എന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു.

വിമാനത്താവളത്തില്‍ പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ ഹിമാന്‍ഷു റോയ് എന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹം എന്നോടുപറഞ്ഞു: ' ഞങ്ങള്‍ക്ക് നിങ്ങളെ ഇനി സംരക്ഷിക്കാനാവില്ല. നിങ്ങളുടെ ജീവന് ഭീഷണിയുണ്ട്. ഞങ്ങള്‍ക്ക് 12 മണിക്കൂര്‍ മാത്രമേ നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാകൂ.'- അവിടെ നിന്ന് എന്നെ മുംബൈയിലെ ഫോര്‍ സീസണ്‍സ് ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി.

തനിക്ക് ഇന്ത്യയിലേക്ക് ഏതുദിവസം വേണമെങ്കിലും മടങ്ങാമെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. 'നിയമപരമായി താന്‍ അഭയാര്‍ഥിയല്ല. ഒരുകോടതിയിലും ഒരുകേസുമില്ല. അങ്ങനെ ഒന്നുണ്ടെങ്കില്‍ ഹാജരാക്കൂ,'- ലളിത് മോദി വെല്ലുവിളിച്ചു.

ഡി കമ്പനിയുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്ളയാളാണ് ലളിത് മോദി എന്ന കാര്യം നേരത്തെ പുറത്തുവന്നിരുന്നു. ഏതാനും വര്‍ഷം മുമ്പ് ദാവൂദിന്റെ വിശ്വസ്തനായ കൂട്ടാളി ഛോട്ടാ ഷക്കീല്‍, തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ വച്ച് ദാവൂദിന്റെ നിര്‍ദ്ദേശപ്രകാരം ഷാര്‍പ് ഷൂട്ടര്‍മാരെ വച്ച് ലളിത് മോദിയെ വകവരുത്താന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തിയിരുന്നു. ലളിത് മോദി താമസിക്കുന്ന ഹോട്ടലില്‍ ഛോട്ടാ ഷക്കീലും സംഘവും എത്തിയപ്പോഴേക്കും മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ അവിടെ നിന്ന് രഹസ്യവിവരം കിട്ടിയതോടെ രക്ഷപ്പെട്ടിരുന്നു.

ഐപിഎല്ലിന്റെ മാസ്റ്റര്‍ ബ്രെയിന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍), ട്വന്റി20 ക്രിക്കറ്റ് ആവിഷ്‌കരിച്ചു നടപ്പാക്കി ബിസിസിഐയെ സമ്പന്നതയുടെ നെറുകയിലെത്തിച്ച മാസ്റ്റര്‍ ബ്രയിനാണ് ലളിത് മോദി. ഒരുവര്‍ഷം മുമ്പ് അദ്ദേഹം രോഗാതുരനാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ലളിത് മോദിയെ സാമ്പത്തിക തട്ടിപ്പുകളുടെ പേരില്‍ 2010ല്‍ ഐപിഎലില്‍നിന്നു പുറത്താക്കിയിരുന്നു. തുടര്‍ന്ന് ബിസിസിഐയില്‍നിന്ന് ആജീവനാന്ത വിലക്കു ലഭിച്ച ലളിത് മോദി ഇന്ത്യ വിട്ട് ലണ്ടനിലേക്ക് ചേക്കേറിയിരുന്നു. മോദി കുടുംബ ട്രസ്റ്റിന്റെ തലത്തേക്ക് മകന്‍ രുചിര്‍ മോദിയുടെ പേര് ലളിത് മോദി പ്രഖ്യാപിച്ചു എന്ന വാര്‍ത്തയും കഴിഞ്ഞ വര്‍ഷം വന്നിരുന്നു.


2010 ഐ.പി.എല്‍ സീസണോടെ സാമ്പത്തിക ക്രമക്കേടുകളും അച്ചടക്കലംഘനവുമടക്കം കുറ്റങ്ങള്‍ ചുമത്തി ബി.സി.സിഐയില്‍നിന്ന് ലളിത് മോദിയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കുറ്റക്കാരനെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് 2013 മുതല്‍ ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി. നിയമനടപടികളില്‍നിന്ന് രക്ഷപ്പെടാന്‍ വിദേശത്തേക്ക് കടന്ന മോദി നിലവില്‍ ലണ്ടനില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.

ലളിത് മോദിയുടെ ജീവിത കഥ വിവരിക്കുന്ന പുസ്തകം 2022 ല്‍ പുറത്തിറങ്ങിയിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ ബോറിയ മജുംദാര്‍ രചിച്ച 'മാവ്റിക് കമ്മിഷണര്‍ ദ് ഐപിഎല്‍ലളിത് മോദി സാഗ' എന്ന പുസ്തകം എങ്ങനെയാണ് ആഡംബരത്തില്‍ മോദി അഭിരമിച്ചത് എന്ന് വ്യക്തമാക്കുന്നതാണ്

ബെന്‍സ് നിര്‍ബന്ധം, ഒരു ഫ്ളോര്‍ മുഴുവന്‍ ബുക്ക് ചെയ്യും

ബിസിസിഐയെയും ഐപിഎലിനെയും പുതിയ ഉയരങ്ങളിലേക്കെത്തിച്ച ലളിത് മോദിയുടെ ഉയര്‍ച്ചയുടെയും താഴ്ച്ചയുടെയും വഴികള്‍ പുസ്തകത്തിലുണ്ട്.

മെഴ്‌സിഡീസ് ബെന്‍സ് എസ് ക്ലാസ് കാറുകളുടെ കടുത്ത ആരാധകനായിരുന്നു ലളിത് മോദിയെന്നു പുസ്തകത്തില്‍ പറയുന്നു. ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ ലളിത് മോദിക്കു യാത്ര ചെയ്യാന്‍ വേണ്ടി 2 എസ് ക്ലാസ് കാറുകളാണ് ഡല്‍ഹിയില്‍നിന്ന് ഓടിയെത്തിയത്. ധരംശാലയില്‍ എസ് ക്ലാസ് കാറുകള്‍ കിട്ടാനില്ലത്തതുകൊണ്ടാണ് ലളിത് മോദിയുടെ ഓഫിസ് ഡല്‍ഹിയില്‍നിന്ന് ഇവ ധരംശാല വരെ റോഡ് മാര്‍ഗം ഓടിച്ചെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

മറ്റൊരിക്കല്‍ നാഗ്പുരില്‍ ഐപിഎല്‍ മത്സരം കാണാനെത്തുന്ന ലളിത് മോദിക്കു വേണ്ടി അദ്ദേഹത്തിന്റെ ഓഫിസ് മെഴ്‌സിഡീസ് എസ് ക്ലാസ് എത്തിച്ചതു ഹൈദരാബാദില്‍നിന്നാണ്. നാഗ്പുരില്‍ കാര്‍ ലഭ്യമല്ലാത്തതായിരുന്നു കാരണം.ഐപിഎലിന്റെ ആദ്യ 2 സീസണുകളുടെ വന്‍ വിജയം ലളിത് മോദിയെ വേറൊരു ലോകത്തെത്തിച്ചു. താന്‍ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഒരു ഫ്‌ളോര്‍ മുഴുവനായാണ് അദ്ദേഹം ബുക്ക് ചെയ്തിരുന്നത്. 'ലളിത് മോദിയെ ചോദ്യം ചെയ്യുകയെന്നാല്‍ ഐപിഎലിനെ ചോദ്യം ചെയ്യുന്ന നിലയിലായിരുന്നു അന്നു കാര്യങ്ങള്‍.

ബിസിസിഐയ്ക്കു വലിയ വരുമാനം നല്‍കിത്തുടങ്ങിയ ഐപിഎലിനെ വിമര്‍ശിക്കാന്‍ ആരും തയാറായില്ല. ഐപിഎല്‍ കമ്മിഷണറായിരുന്ന ലളിത് മോദി സാമ്പത്തിക തിരിമറികളുടെ പേരില്‍ 2010ല്‍ ഇന്ത്യ വിടുകയായിരുന്നു.


Tags:    

Similar News