രണ്ട് കുട്ടികളായതോടെ ഗര്‍ഭപാത്രം അനുജത്തിക്ക് നല്‍കി ചേടത്തി; മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഗര്‍ഭപാത്രമാറ്റ ശസ്ത്രക്രിയ നടത്തി കാത്തിരുന്നത് വെറുതെയായില്ല; വച്ചു പിടിപ്പിച്ച ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് അനുജത്തി
രണ്ട് കുട്ടികളായതോടെ ഗര്‍ഭപാത്രം അനുജത്തിക്ക് നല്‍കി ചേടത്തി
ലണ്ടന്‍: ആധുനിക വൈദ്യശാസ്ത്രം കൈവരിച്ച നേട്ടങ്ങളുടെ പട്ടികയില്‍ ഒന്നുകൂടി. സ്വന്തം സഹോദരിയില്‍ നിന്നും ഗര്‍ഭപാത്രം മാറ്റിവെച്ച യുവതി ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നല്‍കി. ഭാവിയില്‍ ആയിരക്കണക്കിന് സ്ത്രീകളുടെ സ്വപ്നങ്ങള്‍ പൂവണിയാന്‍ സഹായിക്കുന്ന ഈ നേട്ടം കൈവരിച്ചത് ബ്രിട്ടനിലെ ഡോക്ടര്‍മാരാണ്. ജന്മനാല്‍ തന്നെ ഗര്‍ഭപാത്രമില്ലാതിരുന്ന ഗ്രേസ് ഡേവിഡ്‌സണ്‍ എന്ന 36 കാരിയും ഭര്‍ത്താവ് ആന്‍ഗസ് ഡേവിഡ്‌സണ്‍ എന്ന 37 കാരനും പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര സന്തോഷത്തോടെയാണ് തങ്ങളുടെ കുഞ്ഞ് ആമി ഇസബേലിനെ വരവേറ്റത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 27 ന് ആമി ഈ ലോകത്തേക്ക് കടന്നുവന്നപ്പോള്‍ ഡേവിഡ്‌സണ്‍ ദമ്പതികള്‍ പറയുന്നത് ഇതിലും വലിയൊരു സമ്മാനം തങ്ങള്‍ക്ക് കിട്ടാനില്ല എന്നാണ്. ലണ്ടനിലെ ക്യൂസ് ഷാര്‍ലറ്റ് ആന്‍ഡ് ചെല്‍സിയ ഹോസ്പിറ്റലില്‍ ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന 20 അംഗ സംഘമാണ് സിസേറിയ ശസ്ത്രക്രിയയിലൂടെ പ്രസവം നടത്തിയത്. സങ്കീര്‍ണ്ണതകള്‍ ഏറെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. മാത്രമല്ല 2,06 കിലോഗ്രാം ഭാരവുമായി ജനിച്ച ആമിയ്ക്ക് ഏതെങ്കിലും വിധത്തിലുള്ള പ്രത്യേക ചികിത്സകള്‍ ആവശ്യവുമില്ല.
ഡയറ്റീഷ്യന്‍ ആയ ഗ്രേസ് ജനിച്ചത് ഗര്‍ഭപാത്രമില്ലാതെയായിരുന്നു. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ഗ്രേസിന്റെ മൂത്ത സഹോദരി ആമി പുര്‍ഡി (42) തന്റെ ഗര്‍ഭപാത്രം അനുജത്തിക്ക് ദാനം നല്‍കുകയായിരുന്നു. 2023 ഫെബ്രുവരിയിലായിരുന്നു ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ നടന്നത്. പതിനേഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഗര്‍ഭപാത്രം മാറ്റിവച്ചത്. അത് വെറുതെയായില്ല എന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. സ്വന്തം ഗര്‍ഭപാത്രം നല്‍കി, തങ്ങളുടെ സ്വപ്നം പൂവണിയാന്‍ സഹായിച്ച സഹോദരിയോടുള്ള സ്നേഹം കൊണ്ടാണ് കുഞ്ഞിനും സഹോദരിയുടെ പേരായ ആമി എന്നത് നല്‍കിയത്.
പതിനേഴ് മണിക്കൂര്‍ നീണ്ടുനിന്ന മാരത്തോണ്‍ ശസ്ത്രക്രിയയിലൂടെ ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്നതിന് നേതൃത്വം നല്‍കിയ, ഓക്സ്‌ഫോര്‍ഡ് ചര്‍ച്ച്ഹില്‍ ഹോസ്പിറ്റലിലെ ട്രാന്‍സ്പ്ലാന്റേഷന്‍ ആന്‍ഡ് എന്‍ഡോക്രൈന്‍ വിഭാഗത്തിലെ കണ്‍സള്‍ട്ടന്റ് ആയ ഇസബേല്‍ ക്വിരോഗയുടെ ബഹുമാനാര്‍ത്ഥമാണ് കുഞ്ഞിന് ഇസബേല്‍ എന്ന മിഡില്‍ നെയിം നല്‍കിയിരിക്കുന്നത്. പ്രസവ സമത്ത് കൂടെയുണ്ടായിരുന്ന ക്വിരോഗ തന്റെ പേര് കുഞ്ഞിന് നല്‍കുന്നതറിഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് സന്തോഷം പ്രകടിപ്പിച്ചത്.
ക്വിരോഗയ്‌ക്കൊപ്പം ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഇംപീരിയല്‍ കോളേജ് ഹെല്‍ത്ത്‌കെയര്‍ എന്‍ എച്ച് എസ് ട്രസ്റ്റ് ലണ്ടനിലെ കണ്‍സള്‍ട്ടന്റ് ഗൈനോക്കോളജിക്കല്‍ സര്‍ജന്‍ ആയ പ്രൊഫസര്‍ റിച്ചാര്‍ഡ് സ്മിത്ത് പറഞ്ഞത് അമ്മയാകാന്‍ കഴിയാതെ നിരാശപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് പ്രത്യാശ നല്‍കുന്ന ഒന്നാണ് ആമി ഇസബേലിന്റെ ജനനം എന്നാണ്. ഇതേ സംഘം ഇപ്പോള്‍ മറ്റ് മൂന്ന് പേരില്‍ കൂടി ഗര്‍ഭപാത്രം മാറ്റിവച്ചിട്ടുണ്ട്. മരണമടഞ്ഞവരുടെ ഗര്‍ഭപാത്രങ്ങളാണ് ഇതിനായി ഉപയോഗിച്ചത്.