രണ്‍വീര്‍ അലഹബാദിയയുടെ ഗുരുതര അശ്ലീല പരാമര്‍ശം: 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ'യിലെ വിവാദ എപ്പിസോഡ് നീക്കി യുട്യൂബ്; പിന്നാലെ നിയമ നടപടിയും തുടങ്ങി; രണ്‍വീര്‍ കഴിഞ്ഞ വര്‍ഷം മികച്ച ക്രിയേറ്റര്‍ക്കുള്ള പുരസ്‌കാരം നേടിയ ആള്‍
രണ്‍വീര്‍ അലഹബാദിയയുടെ ഗുരുതര അശ്ലീല പരാമര്‍ശം
ന്യൂഡല്‍ഹി: വ്യാപക വിമര്‍ശനമുയര്‍ന്നതോടെ യുട്യൂബര്‍ രണ്‍വീര്‍ അലഹബാദിയയുടെ ഗുരുതര അശ്ലീല പരാമര്‍ശം അടങ്ങിയ 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ' എപ്പിസോഡ് യുട്യൂബ് നീക്കം ചെയ്തു. ഇന്നലെ രണ്‍വീര്‍ സമൂഹമാധ്യമങ്ങളിലൂടെ മാപ്പപേക്ഷിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് യുട്യൂബ് വീഡിയോ നീക്കിയത്. ് അതേസമം അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ രണ്‍വീറിനെതിരെ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.
'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ'യിലെ വിധികര്‍ത്താക്കളിലൊരാളായ രണ്‍വീര്‍, മത്സരാര്‍ഥിയോടാണ് ഗുരുതര അശ്ലീല പരാമര്‍ശം നടത്തിയത്. 'ഇനിയുള്ള ജീവിതം നിങ്ങള്‍ മാതാപിതാക്കളുടെ ലൈംഗിക രംഗം ദിവസേന നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ' എന്നാണ് മത്സരാര്‍ഥിയോട് രണ്‍വീര്‍ ചോദിച്ചത്.
ഇത് വ്യാപക വിമര്‍ശനത്തിനാണ് ഇടയാക്കിയത്. രാഷ്ട്രീയക്കാരും നെറ്റിസണ്‍സുമെല്ലാം രണ്‍വീറിനെതിരെ രംഗത്തെത്തി. ബോംബെ ഹൈകോടതി അഭിഭാഷകരായ ആശിഷ് റേയും പങ്കജ് മിശ്രയും മുംബൈ പൊലീസ് കമീഷ്ണര്‍ വിവേക് ഫാല്‍ശങ്കറിന് രണ്‍വീറിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മീഷനും വിഷയത്തില്‍ കത്തയച്ചിട്ടുണ്ട്.
രണ്‍വീര്‍, ഷോ സംഘാടകര്, ഇന്‍ഫ്‌ലുവന്‍സര്‍ അപൂര്‍വ മഖിജ, ഹാസ്യതാരം സമയ് റെയ്ന എന്നിവര്‍ക്കെതിരെയും മുംബൈ പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ച പൊലീസ്, ഇന്നലെ 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ'യുടെ സ്റ്റുഡിയോയില്‍ പരിശോധന നടത്തിയിരുന്നു. രണ്‍വീറിനെതിരെ രാഹുല്‍ ഈശ്വറും പരാതി നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രണ്‍വീറിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു. വീഡിയോ ഇതുവരെ കണ്ടിട്ടില്ലെന്നും നമ്മുടെ സംസാര സ്വാതന്ത്ര്യം മറ്റുള്ളവരുടെ സ്വാതന്ത്രത്തിന്റെ പരിധി ലംഘിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പരിധികള്‍ ലംഘിക്കപ്പെട്ടാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷയും രാജ്യസഭാ എംപിയുമായ രേഖ ശര്‍മയും രംഗത്തെത്തി. വീഡിയോ ഞെട്ടിപ്പിക്കുന്നതാണെന്നും ആണായും പെണ്ണായാലും ഇത്തരം തമാശകള്‍ സമൂഹത്തില്‍ അംഗീകരിച്ചു കൊടുക്കാന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു. ശിവസേന വാക്താവ് രാജു വാഗ്മാരെയും വിഷയത്തില്‍ പ്രതികരിച്ചു. ശിവജി മഹാരാജിന്റെ പാരമ്പര്യമുള്ള മഹാരാഷ്ട്രയില്‍ ഇത്തരം ഭാഷ ഉപയോഗിക്കുന്നത് സഹിക്കാന്‍ പറ്റുന്നതല്ല. അവര്‍ ഇത് ഉടനടി നിര്‍ത്തണം. അല്ലെങ്കില്‍ ഞങ്ങളുടെ രീതിയില്‍ നടപടിയെടുക്കും- രാജു പറഞ്ഞു. കഴിഞ്ഞ വര്‍ഷം മികച്ച സാമൂഹിക മാധ്യമ ക്രിയേറ്റര്‍ക്കുള്ള 'ഡിസ്‌റപ്റ്റര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം രണ്‍വീറിനായിരുന്നു.