സംഗീതവും ചിരിയും നിമിഷങ്ങള്‍ക്കകം നിലവിളികളായി മാറി; വധുവിനോടൊപ്പം നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് വരന്‍ മരിച്ചു; ഞെട്ടിത്തരിച്ച് ബന്ധുക്കള്‍

Update: 2025-09-28 15:42 GMT

കെയ്‌റോ: വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ വരന്‍ കുഴഞ്ഞുവീണ് മരിച്ചു. ഈജിപ്റ്റിലെ അസ്വാനില്‍ വ്യാഴാഴ്ച നടന്ന വിവാഹച്ചടങ്ങിലാണ് വരനായ അഷ്‌റഫ് അബു ഹഖം വധുവിനോടൊപ്പം നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതത്താല്‍ തല്‍ക്ഷണം മരിച്ചത്.

വിരുന്നില്‍ അതിഥികള്‍ക്കും ബന്ധുക്കള്‍ക്കും മുന്നില്‍ വധുവിനോടൊപ്പം സന്തോഷത്തോടെ നൃത്തം ചെയ്യുന്നതിനിടെയാണ് ഹഖം പെട്ടെന്ന് നിലത്തേക്ക് വീണത്. പരമ്പരാഗത ഈജിപ്ഷ്യന്‍ നൃത്തച്ചുവടുകള്‍ ചെയ്യുന്നതിനിടെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. നിലത്തുവീണ വരനെ ചുറ്റും കൂടിയ അതിഥികള്‍ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഗീതവും ചിരിയും നിമിഷങ്ങള്‍ക്കകം നിലവിളികളായി മാറി. സംഭവം വന്‍ പരിഭ്രാന്തി സൃഷ്ടിച്ചുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഡോക്ടര്‍മാര്‍ പിന്നീട് മരണകാരണം ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചു. ഈ ഹൃദയഭേദകമായ സംഭവം ഈജിപ്ഷ്യന്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. നിരവധി പേര്‍ ഞെട്ടല്‍ രേഖപ്പെടുത്തി അനുശോചനം അറിയിച്ചിട്ടുണ്ട്.

'അദ്ദേഹം സന്തോഷവാനായിരുന്നു, ഭാവി സ്വപ്നം കണ്ടിരുന്നു' എന്നായിരുന്നു ഒരു സുഹൃത്തിന്റെ വാക്കുകള്‍. 'ദൈവം അദ്ദേഹത്തോട് കരുണ കാണിക്കട്ടെ' എന്ന് മറ്റൊരാള്‍ കുറിച്ചു. ആഘോഷം ദുഃഖത്തിലേക്ക് വഴിമാറിയെന്നും പലരും ഓര്‍ത്തെടുത്തു.

Similar News