അഞ്ചു സീറ്റ് ഓഫറുമായി സിപിഎം; ആലപ്പുഴയില്‍ ജയസാധ്യതയുള്ള മൂന്ന് സീറ്റ് നല്‍കാമെന്നും വാഗ്ദാനം; കോണ്‍ഗ്രസിനും ഈഴവ വോട്ട് ബാങ്ക് അനിവാര്യത; രാജ്യസഭാ അംഗം പോലും തുഷാറിനെ ബിജെപി ആക്കിയതുമില്ല; കോട്ടയത്തെ മുന്നണി മാറ്റ പ്രമേയം തുഷാറിന്റെ സാന്നിധ്യത്തില്‍; ഫെബ്രുവരിയിലേത് സമ്മര്‍ദ്ദത്തിനുള്ള യോഗ തന്ത്രമോ? ബിഡിജെഎസ് മുന്നൊരുക്കത്തിന്!
ആലപ്പുഴ: ബിഡിജെഎസ് മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന നേതൃത്വം അടിയന്തര യോഗം വിളിച്ചതിന് പിന്നില്‍ മുന്നണി മാറ്റ താല്‍പ്പര്യം. ഫെബ്രുവരി ഒന്ന് ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്ന് മുന്നണി മാറ്റം ചര്‍ച്ച ചെയ്യും. സംസ്ഥാന ഭാരവാഹികളോടും 14 ജില്ലകളിലെയും പ്രസിഡന്റുമാരോടും യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ ക്യാമ്പില്‍ മുന്നണി മാറ്റം പ്രമേയം വന്നതിന് പിന്നാലെയാണ് യോഗം വിളിച്ചത്. മുന്നണി വിടണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായി ഉയരുന്നുണ്ട്. 2025 മുന്നൊരുക്കം എന്ന പേരിലാണ് ജില്ലാ യോഗം കോട്ടയത്ത് ചേര്‍ന്നത്. ഇതിലാണ് നിര്‍ണ്ണായക പ്രമേയം പാസാക്കിയത്.
അതിനിടെ അഞ്ചു സീറ്റുകള്‍ നിയമസഭയില്‍ മത്സരിക്കാന്‍ നല്‍കാമെന്ന നിലപാട് ബിഡിജെഎസിനെ സിപിഎം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ആലപ്പുഴയില്‍ മൂന്നിടത്തും തിരുവനന്തപുരത്തും കോട്ടയത്തും ഓരോ സീറ്റും നല്‍കാമെന്നാണ് വാഗ്ദാനമെന്നാണഅ സൂചന. നിയമസഭയില്‍ പ്രാതിനിധ്യമില്ലാതെ ഇനിയും കേരള രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നാണ് ബിഡിജെഎസ് നിലപാട്. അതിനിടെ ബിജെപിയില്‍ നിന്നും തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റും കേന്ദ്ര മന്ത്രി പദവും നേടിയെടുക്കാനുള്ള നീക്കമായും ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. എന്നാല്‍ എസ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന് ബിഡിജെഎസ് ഇടതു മുന്നണിയില്‍ പോകണമെന്ന ആഗ്രഹം കലശലാണെന്നാണ് സൂചന.
ആലപ്പുഴയിലും കൊല്ലത്തും പരമാവധി സീറ്റുകള്‍ ഇടതു പക്ഷത്ത് നിന്നും വാങ്ങിയുള്ള മുന്നണി മാറ്റത്തിനാണ് വെള്ളാപ്പള്ളി ആഗ്രഹിക്കുന്നത്. സിപിഎം ഓഫറുകള്‍ നല്‍കുമ്പോള്‍ കോണ്‍ഗ്രസും ബിഡിജെഎസിനെ കൂട്ടാന്‍ സന്നദ്ധരാണ്. രമേശ് ചെന്നിത്തലയാണ് ഈ നീക്കത്തിന് പിന്നില്‍. ഈഴവ വോട്ട് ബാങ്ക് രാഷ്ട്രീയം അനുകൂലമാക്കുന്നതിനാണ് കോണ്‍ഗ്രസ് ശ്രമം. ആലപ്പുഴയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈഴവ വോട്ടുകള്‍ വന്‍ തോതില്‍ ബിജെപിക്ക് കിട്ടിയിരുന്നു. ഇതിന് കാരണം എന്‍ഡിഎയിലെ ബിഡിജെഎസ് സാന്നിധ്യമാണെന്ന വിലയിരുത്തല്‍ സജീവമാണ്. ഇതുകൊണ്ടാണ് ബിഡിജെഎസിന് വേണ്ടി ചരടു വലികള്‍ തുടങ്ങിയത്.
മുന്നണി മാറ്റം ആവശ്യപ്പെട്ട് ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റി എത്തുന്നത് ഈ നീക്കങ്ങള്‍ കൂടി മനസ്സിലാക്കിയാണ്. എന്‍ഡിഎ വിടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ക്യാംപില്‍ പ്രമേയം അവതരിപ്പിച്ചു. 9 വര്‍ഷമായി ബിജെപിയിലും എന്‍ഡിഎയിലും അവഗണനയാണ് നേരിടുന്നതെന്നാണ് ബിഡിജെഎസ് നേതാക്കള്‍ ഉയര്‍ത്തുന്ന പരാതി. എന്‍ഡിഎയില്‍ തുടരേണ്ട ആവശ്യമില്ലെന്നും മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നുമാണ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആവശ്യം.
പാര്‍ട്ടിയുടെ ജില്ലയിലെ 18 നിയോജക മണ്ഡലം ഭാരവാഹികളും ജില്ലാ-സംസ്ഥാന ഭാരവാഹികളും പങ്കെടുത്ത ക്യാംപ് തുഷാര്‍ വെള്ളാപ്പള്ളിയാണ് ഉദ്ഘാടനം ചെയ്തത്. ബിഡിജെഎസിന് അര്‍ഹമായ പരിഗണനയോ അധികാരമോ നല്‍കിയില്ലെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി ആയിരുന്നു. പാര്‍ട്ടിയുടെ ജില്ലയിലെ 18 നിയോജക മണ്ഡലം ഭാരവാഹികളും ജില്ലാ-സംസ്ഥാന ഭാരവാഹികളും പങ്കെടുത്ത നേതൃക്യാമ്പ് തുഷാര്‍ വെള്ളാപ്പള്ളിയാണ് ഉദ്ഘാടനം ചെയ്തത്. അതായത് തുഷാറിന്റെ സാന്നിധ്യമുണ്ടായിരുന്ന ജില്ലാ കമ്മറ്റിയാണ് പ്രമേയത്തിന് പിന്നിലെന്നതാണ് വസ്തുത.
തുടര്‍ തീരുമാനങ്ങള്‍ക്കായി സംസ്ഥാന അധ്യക്ഷനെ ചുമതലപ്പെടുത്തിയാണ് പ്രമേയം അവസാനിക്കുന്നത്. എന്നാല്‍ ബി.ഡി.ജെ.എസ് സംസ്ഥാന നേതൃത്വമോ തുഷാര്‍ വെള്ളാപ്പള്ളിയോ ഇതിനോട് പ്രതികരിച്ചിട്ടില്ല. പിന്നാലെയാണ് സംസ്ഥാന നേതൃയോഗം വിളിച്ചതെന്നതാണ് ശ്രദ്ധേയം.