ശശിയും അജിത് കുമാറും രക്ഷപ്പെട്ടു; പാര്‍ട്ടി സമ്മേളനങ്ങളും അന്‍വറിന്റെ ആരോപണങ്ങളെ അവഗണിക്കും; സിപിഐയ്ക്കും ഇനി ആ വാദങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയില്ല; അന്‍വര്‍ അനുകൂലികള്‍ ഇനി സിപിഎമ്മിന് ശത്രുക്കള്‍; നിലമ്പൂരാന്റെ പൊട്ടിത്തെറി ആശ്വാസമാകുന്നത് പിണറായിയ്ക്ക്!
കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിലെ അന്വേഷണം ഇനി ശരിയായ ദിശയിലേക്ക് പോലീസ് കൊണ്ടു പോകുമെന്നും സൂചനയുണ്ട്
തിരുവനന്തപുരം: പിവി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളെ എല്ലാം സിപിഎം ഇനി തള്ളി കളയും. അന്‍വറിന് പിന്നല്‍ രാഷ്ട്രീയ ഗൂഡാലോചനയാണെന്നും തൃശൂര്‍ പൂരം അടക്കം ചര്‍ച്ചയാക്കിയതിന് പിന്നില്‍ കുതന്ത്രമാണെന്നും സിപിഎം അണികളോടും പൊതു സമൂഹത്തിനോടും വിശദീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരെ 'ഗള്‍ഫ്' കേന്ദ്രീകരിച്ച് നടന്ന ഗൂഡാലോചനയുടെ ഭാഗമാണ് അന്‍വര്‍ എന്നും പറഞ്ഞുവയ്ക്കും. ഫലത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിനും ആശ്വാസമാണ് അന്‍വറിന്റെ പിണറായിയ്‌ക്കെതിരെയുള്ള കടന്നാക്രമണം. തൃശൂര്‍ പൂരത്തിന്റെ അട്ടിമറിയിലെ ഇടനിലക്കാരന്‍ മാത്രമാണ് അജിത് കുമാര്‍ എന്ന് സ്ഥാപിക്കാനാണ് അന്‍വര്‍ ശ്രമിച്ചത്. ഇതോടെ തന്നെ ലക്ഷ്യം പിണറായി ആണെന്നും വ്യക്തമായതായി സിപിഎം കരുതുന്നു. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും മുഖ്യമന്ത്രിയും ഒരുമിച്ച് അന്‍വറിനെ പ്രതിരോധിക്കും.
സൈബര്‍ സഖാക്കളെ എല്ലാം പാര്‍ട്ടി നിരീക്ഷണത്തിലാക്കും. പോരാളി ഷാജി എന്ന ഫെയ്‌സ് ബുക്ക് പേജ് അന്‍വറിന് അനുകൂലമായി മാറിയിട്ടുണ്ട്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിലെ അന്വേഷണം ഇനി ശരിയായ ദിശയിലേക്ക് പോലീസ് കൊണ്ടു പോകുമെന്നും സൂചനയുണ്ട്. ഈ സ്‌ക്രീന്‍ ഷോട്ടിന് പിന്നിലെ സിപിഎം വിരുദ്ധ ഇടപെടല്‍ നടന്നത് നിലമ്പൂര്‍ കേന്ദ്രീകരിച്ചാണെന്ന സംശയം സിപിഎമ്മിനുണ്ട്. ഇതിലേക്ക് കെകെ ലതികയെ അടക്കം കൊണ്ടു വരികയായിരുന്നുവെന്നും സിപിഎം കരുതുന്നു. യുഡിഎഫ് അനുകൂല തരംഗമുണ്ടാക്കാനുള്ള ഗൂഡാലോചനയായിരുന്നു ഇത്. ഇത് കൈകാര്യം ചെയ്തതില്‍ സിപിഎമ്മിന് വീഴ്ചയുണ്ടായി എന്നാണ് വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയുടെ 'ഡിഎന്‍എ' പരാമര്‍ശവും സിപിഎമ്മിനെ തളര്‍ത്താനുള്ള ഉന്നത ഗൂഡാലോചനയാണെന്നും ഇപ്പോള്‍ സംശയിക്കുന്നുണ്ട്. ഇതെല്ലാം ഇനി സിപിഎം പരിശോധിക്കും.
തനിക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിട്ടുണ്ട്. വിശദമായ മറുപടി പിന്നീട് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പി.വി. അന്‍വര്‍ നേരത്തെ ചില ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ തന്നെ എന്താണ് അതിന് പിന്നിലെന്ന സംശയമുണ്ടായിരുന്നു. ഒരു എം.എല്‍.എ. എന്ന നിലയ്ക്ക് അദ്ദേഹം ഉന്നയിച്ച കാര്യങ്ങളില്‍ ഏറ്റവും മികച്ച അന്വേഷണ സംവിധാനം ഏര്‍പ്പെടുത്തിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അതില്‍ അദ്ദേഹം തൃപ്തനല്ലെന്നാണ് പറഞ്ഞിരിക്കുന്നത്. നേരത്തെ സംശയിച്ചത് പോലെ തന്നെയാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു. ഇത് പരസ്യമായി അന്‍വറിനുള്ള മുന്നറിയിപ്പാണ്. സിപിഎമ്മും നേതാക്കളും അന്‍വറിനെ കടന്നാക്രമിക്കുന്നു. അന്‍വറിനെ പിന്തുണയ്ക്കുന്നവരെല്ലാം പാര്‍ട്ടിയ്ക്ക് ഇനി ശത്രുക്കളായിരിക്കും.
പാര്‍ട്ടി സമ്മേളനത്തില്‍ അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് സിപിഎം നേതൃത്വം ആശങ്കപ്പെട്ടിരുന്നു. അതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന സംശയവും ഉണ്ടായിരുന്നു. ഇതിനിടെയാണ് അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ചത്. ഇതോടെ പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഡാലോചനയാണ് അന്‍വറിന്റേതാണ് എന്ന് സമ്മേളനങ്ങളില്‍ വിശദീകരിക്കാന്‍ സിപിഎം തയ്യാറെടുക്കും. പാര്‍ട്ടിക്കും എല്‍.ഡി.എഫിനും സര്‍ക്കാരിനുമെതിരെയുള്ള കാര്യങ്ങളാണ് അന്‍വര്‍ ഇന്നലെ പറഞ്ഞിട്ടുള്ളത്. എല്‍.ഡി.എഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പറയുന്നതും കേട്ടു. ഉദ്ദേശ്യം വ്യക്തമാണ്. അദ്ദേഹം തന്നെ അത് തുറന്ന് പറഞ്ഞുവെന്നും പിണറായി വിശദീകരിച്ചിട്ടുണ്ട്. ഇത് തന്നെയാകും ഇനി പാര്‍ട്ടി സമ്മേളനത്തില്‍ നേതാക്കളും ഉയര്‍ത്തുക. അതിന് വേണ്ടി കൂടിയാണ് മുഖ്യമന്ത്രി അതിവേഗം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരണം നടത്തിയത്.
പാര്‍ട്ടിക്കും സര്‍ക്കാരിനും എല്‍.ഡി.എഫിനും എതിരെ അന്‍വര്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും തള്ളിക്കളയുന്നു. അത് പൂര്‍ണ്ണമായും എല്‍.ഡി.എഫിനേയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ആരോപണമായേ കണക്കാക്കാനാകൂ. ഈ നിലപാട് നേരത്തെ നിശ്ചയിച്ച അന്വേഷണസംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. അത് കൃത്യമായി നിഷ്പക്ഷമായി തുടരുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ട്. ഇത് സിപിഐ അടക്കമുള്ള ഇടതു നേതാക്കള്‍ക്ക് കൂടിയുള്ള നിലപാട് വിശദീകരണമാണ്. അന്‍വറിനെ പിന്തുണയ്ക്കുന്നതവര്‍ക്കെതിരെ ശക്തമായ സംഘടനാ നടപടികള്‍ വേണമെന്ന് ഘടകകക്ഷികളോട് കൂടി പറഞ്ഞുവയ്ക്കുകായണ് പിണറായി. എംആര്‍ അജിത് കുമാറിനെ പരസ്യമായി വിമര്‍ശിച്ച സിപിഐയുടെ നിലപാടുകളും അന്‍വറിനെ വളര്‍ത്തിയെന്ന് നിലപാടും സിപിഎമ്മിനുണ്ട്.
പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി തിരിക്കും മുന്‍പ് കേരള ഹൗസിലെ കൊച്ചിന്‍ ഹൗസിനു മുന്നില്‍ വച്ചാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. മാധ്യമങ്ങളെ കാണുന്നതിനു മുന്നേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.