അന്‍വര്‍ ഇനി പറഞ്ഞാല്‍ ഞാന്‍ വീണ്ടും വരും; ഞാന്‍ പോകില്ലെന്നും എല്ലാത്തിനും മറുപടി പറയുമെന്നുമുള്ള പിണറായിയുടെ പ്രതികരണം മാധ്യമ പ്രവര്‍ത്തകരേയും ഞെട്ടിച്ചു; ഒപ്പം നില്‍ക്കുന്നവര്‍ക്ക് പിന്തുണ; ഗവര്‍ണ്ണറുടെ പരാതിയില്‍ അന്‍വറിന് മുന്നറിയിപ്പും; പിണറായി നല്‍കുന്നത് രാഷ്ട്രീയ സന്ദേശം

എല്ലാം അര്‍ത്ഥത്തിലും മുഖ്യമന്ത്രിയായ ശേഷമുള്ള പതിവ് ശൈലി മറികടക്കുകയാണ് പിണറായി

Update: 2024-09-21 07:37 GMT

തിരുവനനന്തപുരം: പതിവ് ശൈലിവിട്ട് മാധ്യമങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടെപട്ടു. പത്രസമ്മേളനത്തില്‍ തന്റെ ഭാഗം മാത്രം വിശദീകരിച്ച് മടങ്ങുന്ന ശൈലി പിണറായി കൈവിട്ടു. ദുരിതാശ്വാസ ഫണ്ടിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയ വാര്‍ത്താ സമ്മേളനം ഒരു മണിക്കൂറിന് അടുത്ത് എത്തി. അന്‍വറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് സമയമുണ്ടാകുമോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആശങ്കയിലായി. പക്ഷേ ഞാന്‍ പോകില്ല. ഇവിടെ ഇരുന്ന് എല്ലാത്തിനും മറുപടി പറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ആരും ഇത്രയും മനസ്സില്‍ കണ്ടില്ല. പിന്നേയും ഒരു മണിക്കൂര്‍ പിണറായി വാര്‍ത്താ സമ്മേളനത്തിന്റെ ഭാഗമായി. കമ്യൂണിസ്റ്റ് നേതാവ് എംഎം ലോറന്‍സിന്റെ മരണ വാര്‍ത്ത കാതില്‍ എത്തും വരെ പിണറായി മറുപടി പറഞ്ഞു കൊണ്ടിരുന്നു. പിവി അന്‍വര്‍ ഇനിയും ആരോപണം തുടര്‍ന്നാല്‍ താന്‍ ഇനിയും വരുമെന്നും പിണറായി സൂചിപ്പിച്ചു. അന്‍വറിന്റെ പഴയ കാല ചരിത്രവും മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഓര്‍മ്മിപ്പിച്ചു. എല്ലാം അര്‍ത്ഥത്തിലും മുഖ്യമന്ത്രിയായ ശേഷമുള്ള പതിവ് ശൈലി മറികടക്കുകയാണ് പിണറായി.

സിപിഎം വഴികളിലൂടെ വന്ന അന്‍വര്‍ ഇടതു പക്ഷക്കാരനല്ലെന്ന് വ്യക്തമാക്കി. എസ് പി സുജിത് ദാസുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണം പുറത്തു വിട്ടതിനെയും തള്ളി പറഞ്ഞു. ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇതെന്നും മുഖ്യമന്ത്രി ചോദിച്ചു. മറുനാടന്‍ മലയാളിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്‍വറിന്റെ പരാതിയേയും പരോക്ഷമായി തള്ളി. പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ പൂര്‍ണ്ണമായും അനുകൂലിച്ച പിണറായി എഡിജിപി അജിത് കുമാറിനേയും തള്ളി പറഞ്ഞില്ല. അന്വേഷണം നടക്കട്ടേ എന്നും അതിന് ശേഷമേ തീരുമാനം ഉണ്ടാകൂവെന്നും കൂട്ടിച്ചേര്‍ത്തു. ആരോപണം ഉന്നയിച്ചുവെന്ന് പറഞ്ഞ് ആര്‍ക്കെതിരേയും നടപടി എടുക്കില്ല. ആ വ്യോമോഹം ആര്‍ക്കും വേണ്ട. സ്വര്‍ണ്ണ കടത്തില്‍ പോലീസ് നടപടി തുടരും. മാഫിയകള്‍ പോലീസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. അത് അനുവദിക്കില്ല. തുടര്‍ച്ചയായി വാര്‍ത്താ സമ്മേളനം അന്‍വര്‍ നടത്തിയാല്‍ താന്‍ ഇനിയും മറുപടി പറയുമെന്ന് പിണറായി പ്രഖ്യാപിക്കുകയാണ്. എല്ലാ അര്‍ത്ഥത്തിലും അന്‍വറിനെ തള്ളി പറയുകയാണ് എന്ന് വേണം അനുമാനിക്കാന്‍.

പിണറായിയുടെ ശരീര ഭാഷയില്‍ അടക്കം മാറ്റം പ്രകടമായിരുന്നു. ദുരിതാശ്വസത്തില്‍ മാധ്യമങ്ങളെ കടന്നാക്രമിച്ചപ്പോള്‍ മുഖത്ത് നിറഞ്ഞത് ക്ഷോഭത്തിന്റെ ഭാവമായിരുന്നു. എന്നാല്‍ അന്‍വറിലേക്ക് ചോദ്യങ്ങളെത്തിയപ്പോള്‍ മുഖത്ത് നിറച്ചത് പുഞ്ചിരിയും. അന്‍വറിനെ താന്‍ അഞ്ചു മിനിറ്റ് മാത്രമേ കണ്ടുള്ളൂവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ശശിയുടേത് മാതൃകാപരമായ ഇടപെടലുകളാണെന്ന് പറഞ്ഞ് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. മറുനാടന്‍ വിഷയത്തില്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റു ചെയ്യാന്‍ പോലീസ് എല്ലാ ശ്രമവും നടത്തിയെന്നും പക്ഷേ അതിന് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി സമ്മതിച്ചു. അക്കാര്യത്തില്‍ ഒരു വീഴ്ചയും പോലീസിന് സംഭവിച്ചില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ഇതിലെല്ലാം ഉപരി അന്‍വര്‍ എഴതി തന്ന ആരോപണങ്ങള്‍ക്കൊപ്പം അന്‍വറിനെതിരെ ഗവര്‍ണ്ണര്‍ നല്‍കിയ പരാതിയും പരിശോധിക്കുന്നുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. അങ്ങനെ സ്വതന്ത്ര എംഎല്‍എയെ എല്ലാ അര്‍ത്ഥത്തിലും പിണറായി തള്ളിക്കളഞ്ഞു.

പോലീസിനും കൃത്യമായ സന്ദേശം നല്‍കുകയാണ് മുഖ്യന്ത്രി. അന്‍വറിന്റെ പരാതിയില്‍ അമിതാവേശം ചിലര്‍ കാട്ടുന്നുണ്ട്. പോലീസിലെ രഹസ്യ രേഖകള്‍ പോലും ചോരുന്നു. ഇതൊന്നും സര്‍ക്കാര്‍ ഇഷ്ടപ്പെടുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ലെന്നും പിണറായി പറഞ്ഞു വച്ചു. അജിത് കുമാറിനെതിരെ വിജിലന്‍സ് നടത്തുന്നത് പ്രാഥമിക പരിശോധന മാത്രമാണെന്ന് പിണറായി വിശദീകരിക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഏതാണ്ട് 50 മിനിറ്റോളം മുഖ്യമന്ത്രി മറുപടി നല്‍കിയത്. എഡിജിപി എം.ആര്‍.അജിത്കുമാറിനെ തല്‍ക്കാലം ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മുഖ്യമന്ത്രി.

സിപിഐ ഉള്‍പ്പെടെ ഘടകകക്ഷികള്‍ അതിശക്തമായ സമ്മര്‍ദം ചെലുത്തിയിട്ടും വിശ്വസ്തനെ തല്‍ക്കാലം കൈവിടാനില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. അന്വേഷണറിപ്പോര്‍ട്ട് കിട്ടുന്നതു വരെ നടപടിയുണ്ടാകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. എഡിജിപിക്കെതിരെ ഉയര്‍ന്നുവന്ന ആക്ഷേപത്തെപ്പറ്റി അന്വേഷണം നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് യുക്തമായ നടപടി സ്വീകരിക്കും. ഒരു തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെയോ സംഘടനാ നേതാവിനെയോ കണ്ടിട്ടുണ്ടെങ്കില്‍ അത് ഔദ്യോഗിക കൃത്യനിര്‍വഹണത്തെ ബാധിക്കുന്ന തരത്തിലുള്ള കൂടിക്കാഴ്ച ആണെങ്കില്‍ നിയമത്തിനും ചട്ടങ്ങള്‍ക്കും അനുസൃതമായ നടപടി ഉണ്ടാകും.

അത് അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം ഉണ്ടാകേണ്ട തീരുമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് എന്റെ ഇടനിലക്കാരനായി ആണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥരെ പലതരം ഇടനിലയ്ക്കായി ഉപയോഗിച്ചതിന്റെ മുന്‍കാല അനുഭവം വച്ചായിരിക്കും പ്രതിപക്ഷ നേതാവ് അങ്ങനെ പറഞ്ഞത്. ഞങ്ങള്‍ക്ക് അത്തരം പതിവില്ല. - മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News