തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ആന്തൂര്‍ സാജന്റെ മരണത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുകളിലും തളിപ്പറമ്പിലെ ഹാപിനെസ് ഫെസ്റ്റ് നടത്തിപ്പിലും എം.എല്‍.എ ഫണ്ട് വിനിയോഗത്തിലും വിശദമായ വിശദീകരണ കുറിപ്പ് പുറത്തിറക്കും; പുകഞ്ഞ കൊള്ളി പുറത്ത്, ടി കെ ഗോവിന്ദന്‍ മാസ്റ്ററെ കടുത്ത ഭാഷയില്‍ തള്ളി പറയും; സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കണ്ണൂരിലേക്ക്

Update: 2026-03-17 03:22 GMT

കണ്ണൂര്‍ :സിപിഎമ്മില്‍ നിന്ന് രാജിവച്ച് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ് ടികെ ഗോവിന്ദനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കും. സി പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിദ്ധ്യത്തില്‍ ബുധനാഴ്ച്ച ചേരുന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഈ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് വിവരം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി.കെ ഗോവിന്ദന്‍ മാസ്റ്ററെ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്വത്തില്‍ നിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയേക്കും.

ടി. കെ ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ട്ടിക്ക് നല്‍കി രാജിക്കത്ത് പരിഗണിച്ചും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ നടത്തിയ പാര്‍ട്ടി വിരുദ്ധ വാര്‍ത്താ സമ്മേളനവും ചാനല്‍ ചര്‍ച്ചകളും ഗുരുതരമായ വീഴ്ച്ചയാണെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ തുറന്ന് പറച്ചിലുകള്‍ പാര്‍ട്ടി അണികളിലും പ്രവര്‍ത്തകരിലും ആശയകുഴപ്പമുണ്ടാക്കിയിട്ടുണ്ട്. തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിനിര്‍ണയം, ആന്തൂര്‍ സാജന്റെ മരണത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍, തളിപ്പറമ്പിലെ ഹാപിനെസ് ഫെസ്റ്റ് നടത്തിപ്പ്. എം.എല്‍.എ ഫണ്ട് വിനിയോഗം എന്നിവ സംബന്ധിച്ച് വിശദമായ വിശദീകരണ കുറിപ്പ് പുറത്തിറക്കും.

ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തതിനു ശേഷം കരട് അംഗീകരിച്ചു കഴിഞ്ഞാലാണ് കീഴ്ഘടകങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്യുക. പാര്‍ട്ടികോട്ടയായ തളിപ്പറമ്പില്‍ ടി.കെ ഗോവിന്ദന്‍ സ്വതന്ത്രനായി മത്സരിക്കുന്നത് നേതൃത്വത്തിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജന്‍, പി. ജയരാജന്‍ എന്നിവര്‍ക്കാണ് മണ്ഡലത്തിന്റെ ചുമതല നല്‍കിയിട്ടുള്ളത്. പ്രത്യേക സാഹചര്യം പരിഗണിച്ചു കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി ടീച്ചറും മണ്ഡലത്തില്‍ ക്യാംപ് ചെയ്തു പ്രവര്‍ത്തിക്കുന്നുണ്ട്.

പാര്‍ട്ടി കുടുംബങ്ങളുടെയും അനുഭാവികളുടെയും വോട്ടു ചോരാതിരിക്കാന്‍ ഗൃഹ സമ്പര്‍ക്ക സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഇതിനിടെ സി.പി.എമ്മില്‍ നിന്നും കളം മാറിയ ടി.കെ ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പിന്‍തുണ നല്‍കുന്നതില്‍ തളിപ്പറമ്പ് കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ രാജിക്ക് ഒരുങ്ങുന്നതായാണ് വിവരം. മയ്യില്‍, കുറ്റിയാട്ടൂര്‍, കൊളച്ചേരി, ചേലേരി മണ്ഡലം കമ്മറ്റി ഭാരവാഹികളാണ് രാജിക്കൊരുങ്ങുന്നത്.

ടികെ ഗോവിന്ദന്റെ ജന്മ നാടായ മലപ്പട്ടത്ത് അദ്ദേഹത്തിനെതിരെ പ്രകടനവും നടന്നു. സി.പി എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. തളിപ്പറമ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള ടി കെ ഗോവിന്ദന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് സൂചന. ഇദ്ദേഹത്തിന് പിന്‍തുണ നല്‍കാനുള്ള തീരുമാനം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെയും കെ.പി.സി.സിയുടെ തുമാണ്.

ഇതിനുള്ള ഗൂഡാലോചനകള്‍ ഡല്‍ഹിയിലാണ് നടന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടത്. മൂന്നു തവണ എംഎല്‍എ ആയതിന് ശേഷം നാലാം തവണ ആ കസേരയില്‍ ഭാര്യയെ ഇരുത്തുന്നത് ശരിയല്ല. ഭാര്യയെ സ്ഥാനാര്‍ഥി ആക്കിയതിന്റെ പിന്നില്‍ അഴിമതി നടത്താനാണെന്നും ടി കെ ഗോവിന്ദന്‍ ആരോപിച്ചു. ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും യുഡിഎഫ് പിന്തുണ തന്നാല്‍ സ്വീകരിക്കുമെന്നും ടി കെ ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു.

പികെ ശ്യാമളയ്ക്ക് എതിരെ ആന്തൂരിലെ വ്യവസായി സാജന്റെ ആത്മഹത്യ വിഷയവും ടി കെ ഗോവിന്ദന്‍ ഉയര്‍ത്തി. താന്‍ നഗരസഭ ചെയര്‍പേഴ്സന്റെ കസേരയില്‍ ഇരിക്കുന്നുണ്ടെങ്കില്‍ അനുമതി കൊടുക്കില്ലെന്ന് പറഞ്ഞത് കൊണ്ടാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നും ആത്മഹത്യയ്ക്ക് ശേഷം, പികെ ശ്യാമളയ്ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ ജനവികാരം തണുപ്പിക്കാന്‍ നടന്ന പൊതുയോഗം നടത്തിയ പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍എം.വി ഗോവിന്ദന്റെ കണ്ണില്‍ കരടായെന്നും താനടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ ഒതു ക്കലിന് വിധേയരായെന്നും ടി.കെ ഗോവിന്ദന്‍ മാസ്റ്റര്‍ തുറന്നടിച്ചിരുന്നു.

Tags:    

Similar News