സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ മഹിളാ മോര്‍ച്ചയുടെ പരാതി; പ്രചാരണത്തിനിടെ തടഞ്ഞ സംഭവത്തിലും കേസ
സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ മഹിളാ മോര്‍ച്ചയുടെ പരാതി
പാലക്കാട്: പാലക്കാട് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി രമേശ് പിഷാരടിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മഹിളാ മോര്‍ച്ച പൊലീസില്‍ പരാതി നല്‍കി. സംവിധായകന്‍ രഞ്ജിത്തുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസിനെക്കുറിച്ച് മാദ്ധ്യമങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ പിഷാരടി നടത്തിയ പരാമര്‍ശമാണ് പരാതിക്ക് ആധാരം. രമേശ് പിഷാരടിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.
'പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതില്‍ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ല' എന്നായിരുന്നു രമേശ് പിഷാരടിയുടെ പ്രതികരണം. ഈ പരാമര്‍ശം ബലാത്സംഗങ്ങളെ വ്യക്തിപരമായ വിഷയമായി ചിത്രീകരിക്കുക വഴി ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുന്നതാണെന്ന് മഹിളാ മോര്‍ച്ച ചൂണ്ടിക്കാട്ടി. ഇത്തരമൊരു വ്യക്തി പൊതുരംഗത്ത് തുടരുന്നത് ശരിയല്ലെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രമേശ് പിഷാരടിയെ തടഞ്ഞ സംഭവത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പാലക്കാട് വടക്കന്തറയില്‍വെച്ചാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ പിഷാരടിയുടെ പ്രചാരണം തടസ്സപ്പെടുത്തിയത്.
പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബി.ജെ.പി. കൗണ്‍സിലര്‍ സിന്ധു രാജനെ ഒന്നാം പ്രതിയാക്കിയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. കൗണ്‍സിലര്‍ സിന്ധു രാജന്‍ ഉള്‍പ്പെടെ മൂന്നുപേരാണ് ഈ കേസില്‍ പ്രതികള്‍. 'പെണ്ണുപിടിയന്മാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു വീട്ടിലും കയറി വോട്ട് ചോദിക്കാന്‍ അനുവദിക്കില്ലെന്ന്' പറഞ്ഞ് ബി.ജെ.പി. പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.