കരമന മുതല്‍ കിള്ളിപ്പാലം വരെ റോഡ് ഷോ; ദീപപ്രഭയില്‍ തെളിയുന്ന താമര ചിഹ്നവുമേന്തി മോദിക്കൊപ്പം നാല് സ്ഥാനാര്‍ത്ഥികള്‍; എന്‍ഡിഎ പ്രചരണത്തിന് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത്
തിരുവനന്തപുരം: വോട്ടെടുപ്പിന് നാല് ദിവസം മാത്രം ബാക്കി നില്‍ക്കെ എന്‍ഡിഎ പ്രചാണത്തിന് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത്. ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തിയ മോദി തിരുവല്ലയിലെ ആദ്യപരിപാടിക്ക് ശേഷമാണ് തലസ്ഥാന നഗരത്തിലെത്തിയത്. കരമന മുതല്‍ കിള്ളിപ്പാലം വരെയുള്ള റോഡ് ഷോയില്‍ മോദി പങ്കെടുത്തു. മോദിക്കൊപ്പം 4 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നു.
തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെയായിരുന്നു റോഡ് ഷോ. രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍, ശ്രീലേഖ, കരമന ജയന്‍ എന്നീ സ്ഥാനാര്‍ത്ഥികളാണ് പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തത്. റോഡിന്റെ ഇരുവശവും പ്രധാനമന്ത്രിയെ കാണാന്‍ ജനങ്ങള്‍ തിങ്ങിക്കൂടുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.
തിരുവല്ലയില്‍ പൊതുയോഗത്തില്‍ മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇവിടെ പൊതുയോഗമില്ല. പൂക്കളുമായിട്ടാണ് ജനങ്ങള്‍ റോഡിനിരുവശവും പ്രധാനമന്ത്രിയെ കാത്തുനിന്നത്. തുറന്ന വാഹനത്തില്‍ വളരെ പതിയെ ആണ് പ്രധാനമന്ത്രിയുടെ വാഹനം സഞ്ചരിച്ചത്. മോദി, മോദി, വിളികളോടെ പ്രധാന സേവകനെ വരവേറ്റു.
വാഹനത്തിലെ സ്ഥല പരിമിതിയും സുരക്ഷാ വ്യവസ്ഥകളും മൂലം മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രിക്ക് ഒപ്പം ചേരാനായില്ല. ഇവരെ പ്രധാനമന്ത്രി പ്രത്യേകം കാണുകയുണ്ടായി. സന്ധ്യയായതിനാല്‍ ദീപപ്രഭയില്‍ തെളിയുന്ന താമര ചിഹ്നവുമേന്തിയാണ് നേതാക്കള്‍ ജനക്കുട്ടത്തെ അഭിവാദ്യം ചെയ്തത്. സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തില്‍ പ്രധാനമന്ത്രിയുടെ പരിപാടികളുടെ പരിസമാപ്തികൂടിയായിരുന്നു ഇന്ന്.തിരുവല്ലയില്‍ നടന്ന പൊതുയോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് എത്തിയത്.