സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് സൗജന്യമായി കിറ്റ് വാങ്ങാന്‍ കൂട്ടത്തോടെ വീട്ടമ്മമാര്‍; ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടിനായാണ് ഈ കിറ്റ് വിതരണമെന്ന് എല്‍ഡിഎഫ്; രാധാകൃഷ്ണന്‍ എന്നയാളാണ് കിറ്റുകള്‍ തയ്യാറാക്കാന്‍ ഏല്‍പ്പിച്ചതെന്ന് കടയുടമ; സൂപ്പര്‍മാര്‍ക്കറ്റ് അടപ്പിച്ചു
തൃശൂര്‍: വോട്ടുറപ്പിക്കാന്‍ തൃശൂരില്‍ ബിജെപി കിറ്റുകള്‍ വിതരണം ചെയ്തുവെന്ന ആരോപണവുമായി എല്‍ഡിഎഫ്. ഒളരിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പ്രാദേശിക ബി ജെ പി നേതാവായ രാധാകൃഷ്ണന്‍ എന്നയാളുടെ നിര്‍ദ്ദേശപ്രകാരമാണ് കിറ്റുകള്‍ വിതരണം ചെയ്തതെന്നും അമ്പതോളംപേര്‍ കിറ്റുകള്‍ വാങ്ങിയെന്നുമാണ് മുന്‍ മന്ത്രിയും സി പി ഐ നേതാവുമായ വി എസ് സുനില്‍കുമാര്‍ അടക്കമുളള എല്‍ ഡി എഫ് നേതാക്കള്‍ ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് അവര്‍ പരാതിയും നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫിന്റെ പരാതിയെത്തുടര്‍ന്ന് കിറ്റുകള്‍ വിതരണംചെയ്തിരുന്ന സൂപ്പര്‍മാര്‍ക്കറ്റ് പോലീസ് അടപ്പിച്ചു. ഇവിടെനിന്ന് അമ്പതോളം കിറ്റുകളും കണ്ടെടുത്തു.
കഴിഞ്ഞദിവസം മുതലാണ് ബിജെപി സൂപ്പര്‍മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് കിറ്റ് വിതരണം ആരംഭിച്ചതെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. ഒളരിയിലെ ചില ഉന്നതികളിലുള്ളവര്‍ക്കാണ് കിറ്റ് വിതരണംചെയ്തിരുന്നത്. സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് സൗജന്യമായി കിറ്റ് വാങ്ങാനായി വീട്ടമ്മമാര്‍ ഉള്‍പ്പെടെ എത്തിയിരുന്നു. ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടിനായാണ് ഈ കിറ്റ് വിതരണമെന്നും എല്‍ഡിഎഫ് ആരോപിച്ചു.
വോട്ടുറപ്പിക്കാനായി ബിജെപി കിറ്റും വസ്ത്രങ്ങളും ഉള്‍പ്പെടെ മണ്ഡലത്തില്‍ വ്യാപകമായി വിതരണംചെയ്യുകയാണെന്ന് സിപിഐ നേതാവ് വി.എസ്. സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ''ബിജെപി നേതൃത്വത്തില്‍ വ്യാപാരസ്ഥാപനങ്ങളുമായി സഹകരിച്ച് കിറ്റുകള്‍ തയ്യാറാക്കുകയാണ്. സ്വര്‍ണവ്യാപാരികളടക്കം ഇതില്‍ സഹകരിക്കുന്നു. ചില ബാറുടമകളുമായും സഹകരണമുണ്ട്. ഈ ബാറുകളില്‍ പോയാല്‍ മദ്യം കൊടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതില്‍ പരാതി കൊടുത്തിട്ടുണ്ട്. 2024-ല്‍ സുരേഷ് ഗോപി മത്സരിക്കുമ്പോള്‍ പണം വിതരണംചെയ്തിരുന്നു. ഇപ്പോള്‍ പണം മാത്രമല്ല, കിറ്റും വസ്ത്രങ്ങളും ഉള്‍പ്പെടെ വ്യാപകമായി വിതരണം ചെയ്യുകയാണ്'', വി.എസ്. സുനില്‍കുമാര്‍ ആരോപിച്ചു.
അതേസമയം, രാധാകൃഷ്ണന്‍ എന്നയാളാണ് കിറ്റുകള്‍ തയ്യാറാക്കാന്‍ ഏല്‍പ്പിച്ചതെന്ന് സൂപ്പര്‍മാര്‍ക്കറ്റ് ഉടമ പറഞ്ഞു. 75-ഓളം കിറ്റുകള്‍ക്കാണ് ഓര്‍ഡര്‍ ലഭിച്ചിരുന്നത്. കഴിഞ്ഞദിവസം പത്തുകിറ്റുകള്‍ കൊണ്ടുപോയി. ഇയാളുടെ പാര്‍ട്ടിയോ രാഷ്ട്രീയമോ തനിക്കറിയില്ലെന്നും സൂപ്പര്‍മാര്‍ക്കറ്റ് ഉടമ പ്രതികരിച്ചു. കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നയാളാണ് സൂപ്പര്‍മാര്‍ക്കറ്റിലെ ബില്‍ തുകയും അടച്ചതെന്നാണ് വിവരം. ഇയാള്‍ പറയുന്നതനുസരിച്ച് സൂപ്പര്‍മാര്‍ക്കറ്റില്‍ വന്നിരുന്നവരാണ് ഈ കിറ്റുകള്‍ കൊണ്ടുപോയിരുന്നതെന്നും പറയുന്നു.
18 ഐറ്റങ്ങളാണ് കിറ്റില്‍ ഉണ്ടായിരുന്നത്. രാധാകൃഷ്ണന്‍ എന്നയാള്‍ പറഞ്ഞതനുസരിച്ചാണ് കിറ്റുകള്‍ വാങ്ങാനെത്തിയതെന്നാണ് സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളില്‍ ചിലര്‍ പറയുന്നത്. അയല്‍വാസികള്‍ പറഞ്ഞതനുസരിച്ച് കിറ്റുകള്‍ വാങ്ങാനെത്തിയവരും ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് പോലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടര്‍ന്നാണ് പോലീസ് ഇടപെട്ട് സൂപ്പര്‍മാര്‍ക്കറ്റ് അടപ്പിച്ചത്.
വിവരം അറിഞ്ഞ് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. സ്ഥാപനത്തിന് പിന്നിലെ ഗോഡൗണിലാണ് കിറ്റുകള്‍ സൂക്ഷിച്ചിരുന്നത്.എന്നാല്‍, ബി ജെ പിക്കുവേണ്ടിയല്ല തങ്ങള്‍ കിറ്റുകള്‍ തയ്യാറാക്കിയതെന്നും വിഷുവിന് വേണ്ടിയാണെന്നുമാണ് സൂപ്പര്‍മാര്‍ക്കറ്റ് ഉടമ പറയുന്നത്. കിറ്റുകള്‍ തയ്യാറാക്കി വയ്ക്കുമെന്നും ആവശ്യക്കാര്‍ എത്തുമ്പോള്‍ അവര്‍ക്ക് ആവശ്യമുള്ള കിറ്റുകള്‍ നല്‍കുമെന്നും ഉടമ വ്യക്തമാക്കി. എന്നാല്‍ എല്‍ ഡി എഫിന്റേത് വെറും ആരോപണം മാത്രമാണെന്നാണ് ബി ജെ പി പറയുന്നത്.
