പത്രികയോടൊപ്പം സമര്‍പ്പിക്കേണ്ട ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ വാങ്ങണം; വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുള്ള സാക്ഷ്യപത്രങ്ങളും; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി നാല് ദിവസം മാത്രം; അതില്‍ പെരുന്നാള്‍ അവധിയും ഞായറാഴ്ചയും? കണ്ണൂരിലെ പടക്കം പൊട്ടിക്കലും കൂട്ടത്തല്ലുമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തുലാസില്‍; കോണ്‍ഗ്രസിന് മുന്നില്‍ വന്‍ പ്രതിസന്ധി; കേന്ദ്ര തിരഞ്ഞടുപ്പ് കമ്മിഷന്‍ തീയതി നീട്ടുമോ?
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പണത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് മുന്നില്‍ കടുത്ത പ്രതിസന്ധി. ആകെ 55 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇതുവരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. 41 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ ഇനിയും പ്രഖ്യാപിക്കേണ്ടതുണ്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്. 23ാം തീയതി വരെയാണ് പത്രിക സമര്‍പ്പണത്തിന് സമയമുള്ളതെങ്കിലും ഇതിനിടയില്‍ പെരുന്നാള്‍ അവധിയും ഞായറാഴ്ചയും വരും. അതായത് 21, 23 തീയ്യതികളില്‍ മാത്രമാണ് പത്രിക സമര്‍പ്പിക്കാന്‍ സമയം ലഭിക്കുക. നാളെ ഈദുല്‍ ഫിത്ര്‍ അവധിയായി നേരത്തെ നിശ്ചയിച്ചിരുന്നു. ഇത് ശനിയാഴ്ചയിലേക്ക് മാറാനും ഇടയുണ്ട്. അതോടെ അവധി ദിവസവും ഞായറാഴ്ചയും പത്രികാസമര്‍പ്പണം സാധ്യമല്ല. തിങ്കളാഴ്ച മൂന്നു മണിക്കു മുന്‍പുതന്നെ പത്രിക സമര്‍പ്പിക്കേണ്ടതുണ്ട്.
പത്രികയോടൊപ്പം സമര്‍പ്പിക്കേണ്ട ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുള്ള സാക്ഷ്യപത്രങ്ങള്‍ എന്നിവ സംഘടിപ്പിക്കാന്‍ അവധി ദിവസങ്ങള്‍ തടസ്സമാകും. ഇതിനൊന്നും സാധിക്കാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഇപ്പോഴും കോണ്‍ഗ്രസിന് പല സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ സാധിച്ചിട്ടില്ല. പല സീറ്റുകളിലും സ്ഥാനാര്‍ത്ഥികളാരെന്നതില്‍ തര്‍ക്കം നിലനില്‍ക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. എല്‍.ഡി.എഫ്, എന്‍.ഡി.എ മുന്നണികളിലും ചില സീറ്റുകളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ബാക്കിയുണ്ട്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സംയുക്തമായി ആവശ്യപ്പെട്ടാല്‍ മാത്രമേ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീയതി നീട്ടി നല്‍കുന്ന കാര്യം പരിഗണിക്കു.
കെ സുധാകരന് സീറ്റ് ലഭിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ഡിസി.സിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തി. തൊട്ടുപിന്നാലെ കോണ്‍ഗ്രസിന്റെ കണ്ണൂര്‍ മണ്ഡലം നേതൃയോഗത്തില്‍ ബഹളമുണ്ടായി. മോഹനന്‍ -സുധാകരന്‍ അനുകൂലികള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. അനുനയത്തിലെത്താന്‍ സുധാകരനോട് ആവശ്യപ്പെട്ടെന്നും ഇടതുപക്ഷത്തിന് മൂന്നാമത് ഭരണം ഉണ്ടാകരുതെന്നും പറഞ്ഞെന്നും എ.കെ.ആന്റണി സ്ഥിരീകരിച്ചു. പാര്‍ട്ടി തീരുമാനം അനുസരിക്കണമെന്ന് അഭ്യര്‍ഥിച്ചെന്നും എ.കെ.ആന്റണി പറഞ്ഞു. എന്നാല്‍ കെ. സുധാകരന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പ്രചരിക്കുന്നത് അഭ്യൂഹമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. സിഇസി ലിസ്റ്റ് മാറും എന്ന് കരുതുന്നില്ല. ഇനിയത് മാറ്റുക ദുഷ്‌കരമെന്നും രാജ്‌മോഹന്‍ ഡല്‍ഹിയില്‍ വ്യക്തമാക്കി.
കെ.സുധാകരന് സീറ്റ് നല്‍കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ കോന്നി സീറ്റിനായി സമ്മര്‍ദം ശക്തമാക്കി അടൂര്‍ പ്രകാശ് രംഗത്ത് വന്നതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കെ.സി.വേണുഗോപാല്‍, വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുമായി അടൂര്‍ പ്രകാശ് ഫോണില്‍ സംസാരിച്ചു. പാര്‍ട്ടി നിര്‍ദേശം അനുസരിക്കുന്നെന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടെങ്കിലും അല്‍പസമയത്തിനകം പോസ്റ്റ് പിന്‍വലിച്ചു. പെരുമ്പാവൂരില്‍ മല്‍സരിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍ ഡിസിസി അധ്യക്ഷനാക്കണമെന്ന് നേത്യത്ത്വത്തോട് ആവശ്യപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളി ഇതിനിടെ രംഗത്ത് വന്നു. അനുനയശ്രമത്തിനായി വിളിച്ച രമേശ് ചെന്നിത്തലയോടും ഈ കാര്യം ആവശ്യപ്പെട്ടുവെന്നാണ് വിവരം.
സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് രാജിഭീഷണി മുഴക്കി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും നേതൃത്വത്തിന് തലവേദനയാകുന്നു. സ്ഥാനമൊഴിയുകയാണെന്ന സൂചന നല്‍കിയതിന് പിന്നാലെ കെ.സി.വേണുഗോപാല്‍ അലോഷ്യസിനെ വിളിച്ചു. പ്രത്യേക സാഹചര്യത്തിലാണ് സീറ്റ് നല്‍കാന്‍ കഴിയാതിരുന്നതെന്ന് അലോഷ്യസിനെ അറിയിച്ചു. തുടര്‍ന്ന് അലോഷ്യസ് സേവ്യര്‍ രാജി തീരുമാനത്തില്‍ നിന്ന് പിന്മാറി. തിരഞ്ഞെടുപ്പ് ഗോദയില്‍ എല്‍.ഡി.എഫും എന്‍.ഡി.എയും പ്രചാരണം ശക്തമാക്കുമ്പോഴും സ്വന്തം പാളയത്തിലെ പടലപ്പിണക്കങ്ങളും സാങ്കേതിക തടസ്സങ്ങളും പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. വരും മണിക്കൂറുകളിലെ ചര്‍ച്ചകള്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ഗതി നിര്‍ണ്ണയിക്കും.
