ഞാൻ വെറും സാങ്കല്‍പ്പികമായി പറഞ്ഞ കാര്യമാണ്; പിന്നീട് ടിവിയിൽ വാര്‍ത്ത കണ്ടപ്പോഴാണ് എല്ലാം അറിയുന്നത്; പരാതിക്ക് പിന്നില്‍ ഉറപ്പായിട്ടും അവർ തന്നെ; പ്രതികരണവുമായി സലിം കുമാര്‍

Update: 2026-03-31 09:05 GMT

കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്നവരെ ആക്ഷേപിച്ചു എന്നാരോപിച്ച് തനിക്കെതിരെ ദ് നാഷണൽ പ്ലാറ്റ്ഫോം ഫോർ ദ റൈറ്റ്സ് ഓഫ് ദ് ഡിസേബിൾഡ് (NPRD) നൽകിയ പരാതിക്ക് പിന്നിൽ സിപിഎം ആണെന്ന് നടൻ സലിം കുമാർ. താൻ നടത്തിയ പ്രസ്താവന പിൻവലിക്കാൻ ഒരുക്കമല്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സലിം കുമാറിനെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

തനിക്കെതിരെ ഇങ്ങനെയൊരു പരാതി പോയതായി ടിവി വാർത്ത കണ്ടപ്പോഴാണ് അറിഞ്ഞതെന്നും മറ്റാരും വിളിച്ചറിയിച്ചിട്ടില്ലെന്നും സലിം കുമാർ പറഞ്ഞു. താൻ പറഞ്ഞ കാര്യങ്ങൾ സാങ്കൽപികമായിരുന്നെന്നും, കേരളത്തിൽ അങ്ങനെയൊരു ആശുപത്രിയോ താൻ പരാമർശിച്ച അച്ഛനും മകനും എന്ന കഥാപാത്രങ്ങളോ നിലവിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയെയും വ്യക്തിഹത്യ ചെയ്യാനോ ഏതെങ്കിലും ആശുപത്രിയെയോ രോഗത്തെയോ രോഗിയെയോ മോശമായി ചിത്രീകരിക്കാനോ താൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇല്ലാത്ത വ്യക്തിയെ ആക്ഷേപിച്ചെന്ന് പറയുന്നതിന് അടിസ്ഥാനമില്ലെന്നും താനൊന്ന് ട്രോളിയതിനാണോ പരാതിയെന്നും അദ്ദേഹം ചോദിച്ചു.

സിപിഎമ്മിന്‍റെ സംസ്കാരമാണ് തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിലെന്ന് സലിം കുമാർ ആരോപിച്ചു. എതിരാളികളെ തെറി പറഞ്ഞ് തോൽപ്പിക്കുക എന്നതാണ് അവരുടെ രീതിയെന്നും അദ്ദേഹം പരിഹസിച്ചു. ഭിന്നശേഷിയുള്ള കുട്ടികളെ വെച്ച് സിനിമ പിടിക്കുകയും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കുകയും ചെയ്ത താനാണ് മാനസിക രോഗികളെ ആക്ഷേപിച്ചെന്ന് പറയുമ്പോൾ നാട്ടുകാർക്ക് എന്താണ് സത്യമെന്ന് മനസ്സിലാകുമെന്നും സലിം കുമാർ പറഞ്ഞു. താൻ പറഞ്ഞ ഒരു മെസ്സിയുടെ കഥയിലാണ് അവർക്ക് കുരുപൊട്ടിയതെന്നും അതാണ് പരാതിക്ക് പിന്നിലെ യഥാർത്ഥ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News