'എസ്ഡിപിഐ പിന്തുണ തേടിയിട്ടില്ല; ശിവന്‍കുട്ടിയും നേരിട്ട് അഭ്യര്‍ഥിച്ചില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ആളുകള്‍ എല്‍ഡിഎഫിനെ സഹായിച്ചിട്ടുണ്ടാകും'; എസ്ഡിപിഐ വിഷയത്തില്‍ ന്യായികരണവുമായി മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനത്തില്‍ ചിലര്‍ 'സീന്‍' സൃഷ്ടിച്ചു' വെന്നും പിണറായി വിജയന്‍

Update: 2026-03-31 05:48 GMT

തിരുവനന്തപുരം: എസ്ഡിപിഐയുടെ പിന്തുണ സിപിഎം അഭ്യര്‍ഥിച്ചിട്ടില്ലെന്നും അത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 2016ല്‍ നേമത്ത് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യമാണ് കോണ്‍ഗ്രസ് ഒരുക്കിയത്. സാധാരണ നിലയില്‍ ബിജെപി ജയിക്കേണ്ട മണ്ഡലം ആയിരുന്നില്ല നേമം. 2021ല്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്നു ഞങ്ങള്‍ പറഞ്ഞു. ബിജെപി ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരുപാട് ശക്തികള്‍ രാജ്യത്തും കേരളത്തിലുമുണ്ട്. ആ നിലയ്ക്ക്, രാഷ്ട്രീയമായി ഞങ്ങളോടു യോജിപ്പില്ലാത്ത ചില ആളുകള്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്തിരിക്കാം. ബിജെപിയെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫാണ് മുന്നിട്ടിറങ്ങിയതെന്ന് കണ്ടാണ് അത്തരക്കാര്‍ സഹായിച്ചത്. അത് ഏതെങ്കിലും ഒരു കരാറിന്റെ ഭാഗമായിട്ടല്ല. ഏതെങ്കിലും വര്‍ഗീയതയുമായി ഒരു തരത്തിലുമുള്ള ബന്ധവവും ഞങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ടാണ് കഴിഞ്ഞ 10 വര്‍ഷം കേരളത്തില്‍ ഒരു തരത്തിലുള്ള വര്‍ഗീയകലാപവും ഉണ്ടാകാത്തത്. അതില്‍ ഒരു വിട്ടുവീഴ്ചയും വരുത്തില്ല. ശുദ്ധമായ വര്‍ഗ്ഗീയ വിരുദ്ധ നിലപാടാണ് എല്‍ഡിഎഫിനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

'എല്‍ഡിഎഫിന് പുറത്തുള്ള ഒരു കക്ഷിയുമായുള്ള പിന്തുണയും ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ല. ശിവന്‍കുട്ടിയും നേരിട്ട് അഭ്യര്‍ഥിച്ചില്ല. നേമത്തെ പ്രത്യേക സാഹചര്യംകൂടി കണക്കിലെടുക്കണം. 2016-ല്‍ ബിജെപിക്ക് സൗകര്യമൊരുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. 2021-ല്‍ തുറന്ന അക്കൗണ്ട് പൂട്ടിച്ചു. ബിജെപി ജയിച്ചുകൂടാ എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ശക്തികളുണ്ട്. ബിജെപിയെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുമെന്ന് കണ്ടപ്പോള്‍ ഞങ്ങളോട് യോജിപ്പോ സഹകരണമോ ഇല്ലാത്ത ചിലര്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ക്ക് വോട്ടുചെയ്തിട്ടുണ്ടാകും.

ബിജെപി ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന നിരവധി കക്ഷികളുണ്ട്. രാഷ്ട്രീയമായി ഞങ്ങളോട് യോജിപ്പില്ലാത്ത സഹകരിക്കാത്ത ചിലയാളുകള്‍ ബിജെപിയെ പരാജയപ്പെടുത്താന്‍, എല്‍ഡിഎഫാണ് ബിജെപിയെ നേരിടാന്‍ ശരിയായ രീതിയില്‍ മുന്നിട്ടിറങ്ങിയത് എന്ന് വരുമ്പോള്‍ സഹായിക്കാന്‍ തയ്യാറായിട്ടുണ്ടാകും. അത് ഏതെങ്കിലും സഹായത്തിന്റെയോ ധാരണയുടെയോ ഭാഗമല്ല' മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കൊല്ലം വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് സമയമായതിനാല്‍ 30 മുതല്‍ 40 മിനിറ്റ് വരെ മാത്രമേ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാറുള്ളുവെന്നും കൊല്ലത്ത് വിശദമായി മറുപടി പറയേണ്ട ചില ചോദ്യങ്ങള്‍ വന്നതിനാലാണ് അതിന് ഉത്തരം പറഞ്ഞ് അവസാനിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര് ചോദിക്കുന്നു എന്ന് നോക്കിയല്ല ഉത്തരം പറയുന്നത്. ആര് ചോദിക്കണമെന്ന് തീരുമാനിക്കേണ്ടത് മാധ്യമ പ്രവര്‍ത്തകരാണ്. സമയം ദീര്‍ഘിച്ചപ്പോഴാണ് എണീറ്റത്. അതിനിടയിലാണ് ചില ആളുകള്‍ വലിയ ശബ്ദമുണ്ടാക്കുകയും മറുപടി പറഞ്ഞില്ലെന്നും ആരോപണം ഉന്നയിച്ച് സീന്‍ സൃഷ്ടിച്ചത്. ക്ലാരിഫൈ ചെയ്യുന്നതാണ് നല്ലതെന്ന് തോന്നിയാണ് തിരിച്ച് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതൊരു പുതിയ അനുഭവമാണ്. മനസിലുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പറ്റില്ലല്ലോ. കാര്യങ്ങള്‍ എങ്ങനെ വക്രീകരിക്കുന്നു എന്നതിന്റെ തെളിവാണത്. ഏതു ചോദ്യത്തിനു മറുപടി പറയുന്ന രീതിയാണ് ഞാന്‍ സ്വീകരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ അത് ബഹളമയമാക്കാന്‍ ശ്രമിച്ചത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണം കട്ടവര്‍ എങ്ങനെയാണ് സ്വന്തം വീട്ടില്‍ എത്തിയതെന്ന് ആലോചിച്ചാല്‍ തന്നെ രാഹുല്‍ ഗാന്ധി ചോദിച്ച ചോദ്യത്തിന് അദ്ദേഹത്തിനു മറുപടി കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'സ്വര്‍ണം കട്ടവന്‍ ആരപ്പാ' എന്ന പാരഡി രാഹുല്‍ ഇന്നലെ പാടിയതിനെക്കുറിച്ചായിരുന്നു മറുപടി.

വിഴിഞ്ഞം വികസന ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. ട്രാന്‍ഷിപ്മന്റ് രംഗത്ത് വലിയ സാധ്യതയാണുള്ളത്. കേരളത്തിലെ സാമ്പത്തിക വളര്‍ച്ചക്ക് ദീര്‍ഘകാല അടിത്തറ പകരുന്ന പദ്ധതിയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2028ല്‍ നാല്ഘട്ടവും പൂര്‍ത്തിയാക്കും. റെക്കോര്‍ഡ് നേട്ടമായിരുന്നു കഴിഞ്ഞ വര്‍ഷം വിഴിഞ്ഞത്ത്.125 കോടി ഇത് വരെ സംസ്ഥാനത്തിന് വരുമാനം ഉണ്ടായി. നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് വലിയ പദ്ധതിയാണ്. ഐടി മേഖലയിലും വലിയ വികസനം ഉണ്ടായി. ഐടി പാര്‍ക്കുകള്‍ വഴിയുള്ള കയറ്റുമതിയില്‍ 200% വളര്‍ച്ച. കമ്പനികളുടെ എണ്ണവും തൊഴിലവസരങ്ങളും കുത്തനെ കൂടി. പത്ത് വര്‍ഷത്തിനിടെ സര്‍ക്കാര്‍ 70000 അധികം തൊഴിലവസരം ഉണ്ടാക്കി. വികസനപാത തുടരണോ, അതാണ് ജനങ്ങളോട് സംസാരിക്കാനുള്ളത്.

Tags:    

Similar News