'ചുമ്മാ ചൊറിയാൻ വന്നു കടി മേടിച്ചു'; പിണറായിയുടെ 'ഡാഷ് മോനെ' വിളിയിൽ തെറ്റില്ല; രേവന്ത് റെഡ്ഡിക്ക് കിട്ടിയത് അർഹിച്ച മറുപടിയെന്ന് സന്തോഷ് പണ്ഡിറ്റ്; വൈറലായി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്

Update: 2026-04-07 12:04 GMT

കൊച്ചി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാക്‌പോരിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. ഔദ്യോഗിക ലെറ്റർ പാഡിൽ കേരള മുഖ്യമന്ത്രിയെ അധിക്ഷേപിച്ച രേവന്ത് റെഡ്ഡിക്ക് പിണറായി നൽകിയത് അർഹിച്ച മറുപടിയാണെന്ന് സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. രേവന്ത് റെഡ്ഡി മാന്യമായി സംസാരിക്കണമായിരുന്നുവെന്നും ഒരാൾക്ക് ബഹുമാനം കൊടുത്താലേ അത് തിരിച്ചു ലഭിക്കുകയുള്ളൂവെന്നും സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടി. ചുമ്മാ ചൊറിയാൻ വന്നു കടി മേടിച്ചുവെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്:

തെലുങ്കാനാ മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ജി ഔദ്യോഗിക ലെറ്റർ പാഡിൽ കേരള മുഖ്യമന്ത്രിയെ "നീ പോ മോനെ വിജയ..." എന്ന് പറഞ്ഞപ്പോൾ, അതിനു മറുപടിയായി കേരള മുഖ്യൻ പിണറായി വിജയൻ ജി "ഡാഷ് മോനെ രേവന്തെ...." (പൂരിപ്പിക്കാതെ) വിളിച്ചതിൽ എനിക്ക് തെറ്റൊന്നും തോന്നിയില്ല. അർഹിച്ച മറുപടി. മാന്യമായി തെലുങ്കനാ മുഖ്യമന്ത്രി സംസാരിക്കണം ഒരാൾക്ക് ബഹുമാനം കൊടുത്താലേ അത് തിരിച്ച് കിട്ടുകയുള്ളു..

(വാൽ കഷ്ണം.. ഇങ്ങോട്ടില്ലാത്ത മര്യാദയൊന്നും തിരിച്ചങ്ങോട്ടും പ്രതീക്ഷിക്കേണ്ട.. ചുമ്മാ ചൊറിയാൻ വന്നു കടി മേടിച്ചു.. അത്രേയുള്ളൂ) 

പിണറായി വിജയന്റെ ‘ഡാഷ് മോനെ’ പ്രയോഗത്തിന് പിന്നാലെ ‘ബൈ ബൈ പിണറായി’ വിളിയുമായി രേവന്ത് റെഡ്ഡി വീണ്ടും രംഗത്തെത്തി. എന്നാൽ, പരിഹാസങ്ങൾക്ക് മറുപടിയായി കേരളം കൈവരിച്ച വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തി രേവന്ത് റെഡ്ഡിക്ക് പിണറായി വിജയൻ കത്തയച്ചു.

തന്റെ ‘പോ മോനെ വിജയാ’ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് രേവന്ത് റെഡ്ഡി വ്യക്തമാക്കി. പിണറായി വിജയന്റെ അധിക്ഷേപങ്ങളെ അനുഗ്രഹമായി കാണുന്നുവെന്നും അവ ഗൗനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ രേവന്ത്, പിണറായിയുടെ കാലം കഴിഞ്ഞുവെന്നും ഇനി ‘ബൈ ബൈ പിണറായി’ ആണെന്നും പരിഹസിച്ചു.

രേവന്ത് റെഡ്ഡിയുടെ പരിഹാസങ്ങൾക്ക് വസ്തുതകൾ നിരത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്. ‘ഡിയർ ശ്രീ രേവന്ത് റെഡ്ഡി’ എന്ന് അഭിസംബോധന ചെയ്ത കത്തിൽ വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചു. “പോകും, മുന്നോട്ടുതന്നെ പോകും. നവകേരള സൃഷ്ടിയിലൂടെ എല്ലാവർക്കും മാതൃക കാട്ടി മുന്നോട്ടുതന്നെ പോകും.” - മറുപടിക്കത്തിൽ മുഖ്യമന്ത്രി കുറിച്ചു.

Tags:    

Similar News