'വീടില്ലാത്തവരുടെ വേദന മനസിലാകും'; പുതുപ്പള്ളിയില്‍ ഒരു പഞ്ചായത്തിലും ഇക്കുറി കലാശക്കൊട്ടില്ല; ഫ്‌ലക്‌സുകളും ബാനറുകളും പോസ്റ്ററുകളും ഒഴിവാക്കിയതുപോലെ നിര്‍ണായക തീരുമാനവുമായി ചാണ്ടി ഉമ്മന്‍
കോട്ടയം: കേരള രാഷ്ട്രീയത്തിലെ പതിവ് ആവേശക്കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി, പുതുപ്പള്ളിയില്‍ ഇത്തവണ വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണത്തിന് 'കലാശക്കൊട്ട്' ഉണ്ടാവില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലവിലെ എംഎല്‍എയുമായ ചാണ്ടി ഉമ്മനാണ് മാതൃകാപരമായ ഈ തീരുമാനമെടുത്തത്. ആഡംബര പൂര്‍ണ്ണമായ പ്രചാരണ പരിപാടികള്‍ ഒഴിവാക്കി ആ തുക പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ വിനിയോഗിക്കുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം. വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് വേണ്ടി നേരത്തെ മണ്ഡലത്തില്‍ ഫ്‌ലക്‌സുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവ ചാണ്ടി ഉമ്മന്‍ ഒഴിവാക്കിയിരുന്നു. ഇതേ മാതൃകയില്‍ കലാശക്കൊട്ട് കൂടി വേണ്ടെന്ന് വച്ചിരിക്കുകയാണ് പുതുപ്പള്ളി എംഎല്‍എ. പ്രവര്‍ത്തകര്‍ക്ക് വിഷമം ആകുമെങ്കിലും അങ്ങനെയൊരു തീരുമാനം എടുക്കുകയായിരുന്നുവെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
വീടില്ലാത്തവരുടെ വേദന തനിക്ക് മനസിലാകും. അത് എല്ലാവര്‍ക്കും മനസിലാകുമെന്ന് താന്‍ വിശ്വസിക്കുന്നു. അതിന് വേണ്ടി ഒരു രൂപയെങ്കിലും മാറ്റിവയ്ക്കാന്‍ സാധിച്ചാല്‍ ഗുണകരമാകും. വളരെ ബുദ്ധിമുട്ടിയാണ് 48 വീടുകള്‍ നല്‍കിയത്. അതുകൊണ്ടാണ് കലാശക്കൊട്ട് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും ഒരു പഞ്ചായത്തിലും കലാശക്കൊട്ട് ഇല്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
അതേസമയം മന്ത്രി മോഹമില്ലെന്ന് എംഎല്‍എയും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ചാണ്ടി ഉമ്മന്‍ നേരത്തെ പറഞ്ഞിരുന്നു. എംഎല്‍എ പദവി തന്നെ ചുമക്കാന്‍ കഴിയാത്ത ഭാരമാണെന്നും എംഎല്‍എ പദവിയിലിരുന്ന് വളരെ ബുദ്ധിമുട്ടിയാണ് കാര്യങ്ങള്‍ നടത്തുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രി പദവിയിലേക്ക് എത്തുമോ എന്ന ചോദ്യത്തിനായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. സഹോദരി മറിയ ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വ വിവാദത്തിലും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.
ജീവിതം മുഴുവന്‍ പാര്‍ട്ടിക്കായി മാറ്റി വെച്ചവരെയാണ് സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ടത്. ഉമ്മന്‍ചാണ്ടിയുടെ പേരില്‍ അവരെ ഒഴിവാക്കുന്നത് ശരിയല്ല. മത്സരിക്കണമെന്ന് സഹോദരി തന്നോട് പറഞ്ഞിട്ടില്ല. പാര്‍ട്ടിയും തന്നോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തന്നോട് മത്സരിക്കുന്നുണ്ടോ എന്ന് പിതാവ് ചോദിച്ചിരുന്നു. എന്നാല്‍ ഒരു വീട്ടില്‍ നിന്ന് ഒരു സമയം ഒരാള്‍ എന്നായിരുന്നു പിതാവിന്റെ നിലപാട്.
