എല്‍ഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാല്‍ ലൗ ജിഹാദ് നടപ്പാക്കുമെന്ന പരാമര്‍ശം; പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍; നടപടിയെടുക്കുന്നതില്‍ നിയമോപദേശവും തേടി

Update: 2026-04-06 09:40 GMT

തിരുവനന്തപുരം: എല്‍ഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാല്‍ ലൗ ജിഹാദ് നടപ്പാക്കുമെന്ന കാട്ടാക്കട എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ പി.കെ. കൃഷ്ണദാസിന്റെ വിവാദ പരാമര്‍ശത്തില്‍ റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജില്ലാ കളക്ടറോടാണ് റിപ്പോര്‍ട്ട് തേടിയത്. നടപടിയെടുക്കുന്ന കാര്യത്തില്‍ നിയമോപദേശവും തേടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത യോഗത്തിലാണ് പി കെ കൃഷ്ണദാസ് ലൗ ജിഹാദ് പ്രസംഗം നടത്തിയത്. ഹിന്ദു-ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യും. കാരണം, രണ്ട് മുന്നണികളും അധികാരത്തിലെത്തിയാല്‍ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായിരിക്കുമെന്നുമാണ് കൃഷ്ണദാസ് ആരോപിച്ചത്.

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും രണ്ടല്ല, ഒന്നാണെന്ന് പറയാനുള്ള ഉദാഹരണമായാണ് കൃഷ്ണദാസ് ഇക്കാര്യങ്ങള്‍ ആരോപിച്ചത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും നേതൃത്വത്തിലുള്ള മുന്നണികള്‍ അധികാരത്തില്‍ വന്നാല്‍ ആരാണ് ആ സര്‍ക്കാരിനെ നിയന്ത്രിക്കുക? ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയേയും പോലുള്ള പാക്കിസ്ഥാന്‍ അനുകൂല ദേശവിരുദ്ധ സംഘടനകളായിരിക്കും. അതുകൊണ്ട് എന്താണ് ഉണ്ടാകാന്‍ പോകുന്നത്. ഹിന്ദു, ക്രൈസ്തവ വീടുകളിലുള്ള പെണ്‍കുട്ടികളെ പ്രണയം നടിച്ച് ലൗജിഹാദിന്റെ പേരില്‍ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് റിക്രൂട്ട് ചെയ്യിപ്പിക്കുകയായിരിക്കും കേരളത്തില്‍ നടക്കാന്‍ പോകുന്നത് എന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞത്.

കൈപ്പത്തിയില്‍ വോട്ടുചെയ്താലും അരിവാള്‍ചുറ്റിക നക്ഷത്രത്തില്‍ വോട്ടുചെയ്താലും ഹിന്ദു, ക്രൈസ്തവ ഭവനങ്ങളിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് റിക്രൂട്ട് ചെയ്യുന്ന പ്രവര്‍ത്തനമായിരിക്കും നടക്കുക. ഇതിന് അനുവദിക്കണമോ എന്ന് കേരളത്തിലെ വോട്ടര്‍മാര്‍ ചിന്തിക്കണം. അപകടകരമായ സാഹചര്യം കേരളത്തില്‍ വരാന്‍ പോവുകയാണ്. ഒരുഭാഗത്ത് ജമാഅത്തെ ഇസ്ലാമി, മറുഭാഗത്ത് എസ്ഡിപിഐ. ഇത് രണ്ടും രാജ്യദ്രോഹ, പാക് അനുകൂല സംഘടനകളാണ്. ഈ രണ്ട് സംഘടനകളുമായിട്ടാണ് കോണ്‍ഗ്രസും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും സഖ്യവും സഹകരണവും ഉണ്ടാക്കിയതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. എന്നാല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പി കെ കൃഷ്ണദാസിന്റെ പരാമര്‍ശനം തള്ളി രംഗത്തെത്തുകയും ചെയ്തു. പാര്‍ട്ടിക്ക് അത്തരമൊരു അഭിപ്രായം ഇല്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.

Tags:    

Similar News