ജനങ്ങളുടെ സര്‍വ്വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നില്‍; ശബരിമലയിലെ സ്വര്‍ണം കട്ടവര്‍ക്ക് ശിക്ഷ ഉറപ്പാക്കും; റാന്നിയില്‍ ആഞ്ഞടിച്ച് കെ.സി. വേണുഗോപാല്‍

Update: 2026-04-06 06:43 GMT

പത്തനംതിട്ട: കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗമാണെന്നും അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ സ്വര്‍ണം കട്ടവര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. റാന്നി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പഴകുളം മധുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പേരൂര്‍ച്ചാലില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തില്‍ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ റാന്നി എംഎല്‍എ പ്രമോദ് നാരായണന്റെ നിലപാടിനെ വേണുഗോപാല്‍ രൂക്ഷമായി വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നില്‍ കവാത്ത് മറക്കുന്ന എംഎല്‍എ ആയിരുന്നു പ്രമോദ് നാരായണന്‍. സ്വര്‍ണം കട്ട സഖാക്കളെ കുറിച്ച് ഒരക്ഷരം പോലും മിണ്ടാന്‍ അദ്ദേഹം തയ്യാറായില്ല. സിപിഎം നേതാക്കളാണ് ഈ കേസില്‍ പ്രതികളായി ജയിലിലായത്. അവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രതികള്‍ക്കെതിരെ കുറ്റപത്രം പോലും സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും വേണുഗോപാല്‍ ആരോപിച്ചു.

ചില സര്‍വ്വേകള്‍ മത്സരം കടുപ്പമാണെന്ന് പറയുന്നുണ്ടെങ്കിലും ജനങ്ങളുടെ സര്‍വ്വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. പിണറായി വിജയന്‍ മൂന്നാം തവണയും അധികാരത്തില്‍ വരുന്നത് ദുഃസ്വപ്നത്തില്‍ പോലും കാണാന്‍ കേരളീയര്‍ ആഗ്രഹിക്കുന്നില്ല. എല്‍ഡിഎഫ് ഭരണത്തിന് അന്ത്യം കുറിക്കാനുള്ള ജനവിധി ഇത്തവണ ഉണ്ടാകുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. റാന്നിയിലെ വോട്ടര്‍മാര്‍ക്കിടയില്‍ ശബരിമല വിഷയം സജീവ ചര്‍ച്ചയാക്കി വോട്ടുറപ്പിക്കാനാണ് യുഡിഎഫിന്റെ നീക്കം.

Similar News