യുഡിഎഫ് 40-50 സീറ്റില്‍ ഒതുങ്ങും, ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകില്ല; കേരളത്തില്‍ ത്രികോണ മത്സരം അവസാനിക്കുന്നു; ഇനി പോരാട്ടം എന്‍ഡിഎയും 'ഇന്‍ഡി' മുന്നണിയും തമ്മില്‍; മുസ്ലിം-ക്രിസ്ത്യന്‍ വോട്ടുകളില്‍ കോണ്‍ഗ്രസ് മോഹം നടക്കില്ല; ബിജെപി സര്‍വ്വേ ഫലങ്ങള്‍ നിരത്തി രാജീവ് ചന്ദ്രശേഖര്‍

ബിജെപി സര്‍വ്വേ ഫലങ്ങള്‍ നിരത്തി രാജീവ് ചന്ദ്രശേഖര്‍

Update: 2026-04-08 05:24 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 40 മുതല്‍ 50 സീറ്റുകളില്‍ ഒതുങ്ങുമെന്നും ഇടതുമുന്നണിക്ക് വീണ്ടും അധികാരം ലഭിക്കാന്‍ ഒരു സാധ്യതയുമില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റും നേമം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ ത്രികോണ മത്സരം നടക്കുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസി'ന്റെ പ്രീ പോള്‍ ചാറ്റില്‍ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.

സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ പോരാട്ടമാണിതെന്നും, ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി സംസ്ഥാനത്ത് നിര്‍ണായക ശക്തിയായി ഉയര്‍ന്നുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2026 ന് ശേഷം കേരളത്തില്‍ ദ്വിമുഖ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്നും, ഒരു ഭാഗത്ത് എന്‍ഡിഎയും മറുഭാഗത്ത് 'ഇന്‍ഡി' മുന്നണിയുമായിരിക്കും എന്നും അദ്ദേഹം പ്രവചിച്ചു.

മുസ്ലിം വോട്ടുകള്‍ ലഭിക്കുമെന്ന യുഡിഎഫിന്റെ പ്രതീക്ഷകള്‍ ഫലിക്കില്ലെന്നും ഭരണവിരുദ്ധ വോട്ടുകള്‍ അവര്‍ക്ക് അനുകൂലമായി ലഭിക്കില്ലെന്നും ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. സിപിഎം ബിജെപിയുടെ ബി ടീമാണെന്ന വാദം ശരാശരി മലയാളി വിശ്വസിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇരു പാര്‍ട്ടികളും തമ്മിലുള്ള രാഷ്ട്രീയ അക്രമങ്ങളുടെ ചരിത്രം അതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമാകുക എന്നത് അസാധ്യമാണ്, കാരണം കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്നതാണ് ബിജെപിയുടെ ഏറ്റവും വലിയ ലക്ഷ്യം. യഥാര്‍ത്ഥത്തിലുള്ള 'ഡീല്‍' സിപിഎമ്മും കോണ്‍ഗ്രസും തമ്മിലാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

കോണ്‍ഗ്രസ് മുസ്ലീം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ടുകള്‍ മാത്രമാണ് ഏകീകരിക്കാന്‍ ശ്രമിക്കുന്നത്. എല്ലാ മുസ്ലീങ്ങളും ഈ രണ്ട് ഗ്രൂപ്പുകളുമായി യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതുപോലെ, എല്ലാ ക്രിസ്ത്യാനികളും കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും കരുതാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎയുടെ സര്‍വേ പ്രകാരം യുഡിഎഫ് 40-50 സീറ്റുകളില്‍ ഒതുങ്ങും. യുഡിഎഫിന് 100 സീറ്റുകള്‍ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കില്‍ 'എ ടീം', 'ബി ടീം' തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിക്കേണ്ടതില്ലായിരുന്നല്ലോ എന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ നവംബറില്‍ ബിജെപി നടത്തിയ സര്‍വേ പ്രകാരം, 68% മലയാളികളും യുഡിഎഫിലും എല്‍ഡിഎഫിലും അതൃപ്തരാണ്. ഏകദേശം 62% പേര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മികച്ച രാഷ്ട്രീയ നേതാവായി കണക്കാക്കുന്നു. ഈ സാഹചര്യത്തില്‍, എന്‍ഡിഎ ഒരു മൂന്നാമത്തെ ഓപ്ഷനായി മാറുമെന്നും, എല്‍ഡിഎഫിനും യുഡിഎഫിനും ഉറച്ച സീറ്റുകളെന്ന് കരുതപ്പെടുന്ന നിരവധി മണ്ഡലങ്ങള്‍ നഷ്ടപ്പെടുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News