'പൂജ കോലഞ്ചേരി ജംഗ്ഷനില്‍ വന്ന് സജീന്ദ്രന്റെ വെള്ള ഇന്നോവ കാറില്‍ കയറി; ആദ്യം 15 ലക്ഷത്തിനായിരുന്നു ഡീല്‍; ഇന്നലെയാണ് ഇത് 20 ലക്ഷമാക്കി ഉയര്‍ത്തിയത്; എങ്ങനെ പണമിറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്ന് കോണ്‍ഗ്രസ് തെളിയിച്ചു'; പൂജയുടെ രാജിക്കുപിന്നില്‍ പണമിടപാടെന്ന് സാബു എം ജേക്കബ്; ഓഡിയോ സന്ദേശം പുറത്തുവിട്ടു

Update: 2026-04-06 13:40 GMT

കൊച്ചി: പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജി വച്ചതിനു പിന്നില്‍ കോണ്‍ഗ്രസുമായുള്ള പണമിടപാടാണെന്ന ആരോപണവുമായി ട്വന്റി 20 പാര്‍ട്ടി. അവിടെ ഒരു ഡീല്‍ നടന്നുവെന്നും എങ്ങനെ പണമിറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്ന് കോണ്‍ഗ്രസ് തെളിയിച്ചുവെന്നും ട്വന്റി20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പ്രതികരിച്ചു. ട്വന്റി 20 എന്‍ഡിഎയുടെ ഭാഗമായത് അംഗീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് രാജി എന്നായിരുന്നു പൂജ പ്രതികരിച്ചത്. ഇതിനുള്ള മറുപടിയായാണ് ട്വന്റി 20 പാര്‍ട്ടി കണ്‍വീനര്‍ സാബു എം.ജേക്കബ് പ്രത്യാരോപണം നടത്തിയത്. ആദര്‍ശത്തിന്റെ പേരില്‍ രാജിവെക്കുന്നുവെന്ന് പൂജ അവകാശപ്പെടുമ്പോള്‍, ലക്ഷങ്ങളുടെ പണമിടപാടിലൂടെ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ അട്ടിമറിയാണിതെന്ന് ട്വന്റി 20 ആരോപിക്കുന്നു.

പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രണ്ടു ദിവസത്തിനുള്ളില്‍ രാജി വയ്ക്കുമെന്നും അവരുടെ പേരില്‍ സഹകരണ ബാങ്കിലുള്ള വായ്പ കോണ്‍ഗ്രസ് അടച്ചു തീര്‍ക്കും എന്നതാണ് 'ഡീല്‍' എന്നുമുള്ള ശബ്ദസന്ദേശങ്ങളും ട്വന്റി 20 പാര്‍ട്ടി പുറത്തു വിട്ടു. ഒരാള്‍ ട്വന്റി 20 നേതാക്കളോട് ഇക്കാര്യം വെളിപ്പെടുത്തുന്ന രീതിയിലാണ് ശബ്ദസന്ദേശം. തുടര്‍ന്നാണ് ആരോപണങ്ങളുമായി ട്വന്റി 20 രംഗത്തു വന്നത്. കുന്നത്തുനാട്ടിലെ പരാജയഭീതി മൂലം കോണ്‍ഗ്രസ് വ്യാപകമായി പണം ഒഴുക്കുന്നതായി സാബു എം.ജേക്കബ് ആരോപിച്ചു. ''കുന്നത്തുനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.പി.സജീന്ദ്രന്റെ വെളുത്ത കാറിലും തുടര്‍ന്ന് കോലഞ്ചേരിയിലെ സെന്‍ട്രല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലും വച്ചായിരുന്നു ഡീല്‍. പൂതൃക്ക സഹകരണ ബാങ്ക് പ്രസിഡന്റ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഡീല്‍ ഉറപ്പിച്ചത്. ആദ്യം 5 ലക്ഷം പണമായും 7 ലക്ഷത്തിന്റെ ബാങ്ക് വായ്പയും അതിന്റെ പലിശയും ചേര്‍ന്ന് 15 ലക്ഷത്തിനായിരുന്നു ഡീല്‍. ഇന്നലെയാണ് ഇത് 20 ലക്ഷമാക്കി ഉയര്‍ത്തിയത്''- സാബു എം.ജേക്കബ് ആരോപിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങനെ പണം ഇറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്നതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ് ഇന്ന് പൂതൃക്ക പഞ്ചായത്തില്‍ നടന്നത്. മാര്‍ച്ച് 27ന് വൈകിട്ട് 6.45ന് പൂജ കോലഞ്ചേരി ജംഗ്ഷനില്‍ വന്ന് സജീന്ദ്രന്റെ വെള്ള ഇന്നോവ കാറില്‍ കയറി. ആ കാറില്‍ സി.പി. ജോയ്, ഡിസിസി സെക്രട്ടറി ഉണ്ടായിരുന്നു. ഇവര്‍ക്ക് അഞ്ചു ലക്ഷം രൂപയാണ് ഓഫര്‍ ചെയ്തത്. അതുകൂടാതെ പൂതൃക്ക സഹകരണ ബാങ്കില്‍ ഏഴു ലക്ഷം രൂപയുടെ ലോണും പലിശയും ഉണ്ടായിരുന്നു. ഇത് ഞങ്ങള്‍ അടച്ചു കൊള്ളാം എന്നതാണ് കോണ്‍ഗ്രസിന്റെ ഡീല്‍. അതു കൂടാതെ രാജിവയ്ക്കുന്നതിന് അഞ്ചു ലക്ഷം രൂപയും. പിന്നീട് അതു പത്തു ലക്ഷമാക്കി. ആ ഡീല്‍ ഞാന്‍ അറിഞ്ഞുവെന്ന് മനസിലായതോടെ ഇവര്‍ ആ ഡീലില്‍ നിന്നും പിന്മാറി. ഏതാണ്ട് 20 ലക്ഷം രൂപയുടെ ഡീല്‍ ആണ് ഇവിടെ നടന്നിരിക്കുന്നത് എന്നാണ് സാബു ജേക്കബ് പറഞ്ഞത്.

പൂജ ജോമോന്‍ രണ്ടു ദിവസത്തിനകം രാജിവയ്ക്കുമെന്ന് പറയുന്ന ഒരു ഓഡിയോയും സാബു ജേക്കബ് കേള്‍പ്പിക്കുന്നുണ്ട്. എന്നാല്‍ ഇത് ആരുടെതെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ട്വന്റി 20 എന്‍ഡിഎയില്‍ ലയിച്ചതിന് പിന്നാലെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരുന്നു. എന്‍ഡിഎ പ്രവേശനം ആരോപിച്ചു കൊണ്ടു തന്നെയാണ് പൂജയുടെയും രാജി. എന്നാല്‍ പൂജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ വാക്കുകള്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മറുപടിയുമായി സാബു ജേക്കബ് എത്തുകയായിരുന്നു.

പണം കൊടുത്ത് ജയിക്കുമെന്ന് കരുതിയാല്‍ ജനം മറുപടി നല്‍കുമെന്നും സാബു ജേക്കബ് പറഞ്ഞു. ഇത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയാണ്. ഇങ്ങനെയുള്ളവരാണോ എംഎല്‍എ ആകേണ്ടത്? പൂജയുടെ രാജിക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും വിപി സജീന്ദ്രനാണ് നീക്കം നടത്തിയതെന്നും ഇങ്ങനെയൊരു സംഭവം ഉണ്ടായോ ഇല്ലയോ എന്ന് സജീന്ദ്രന്‍ പറയട്ടെയെന്നും സാബു എം ജേക്കബ് പറഞ്ഞു. താന്‍ ട്വന്റി20യില്‍ നിന്നോളാമെന്നും ബിജെപി പരിപാടിക്ക് പോകില്ലെന്നും പൂജ നേരത്തെ പറഞ്ഞിരുന്നുവെന്നും സാബു ജേക്കബ് പറഞ്ഞു.

ബിജെപിക്ക് ഒപ്പം ട്വന്റി ട്വന്റി പോയത് അംഗീകരിക്കാന്‍ പറ്റില്ലെന്ന് ആരോപിച്ചാണ് പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവെച്ചത്. ട്വന്റി 20യുടെ നിലപാട് മതേതര കാഴ്ചപ്പാടിന് എതിരാണെന്നും സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും പൂജ ജോമോന്‍ നേരത്തെ ആരോപിച്ചിരുന്നു. രാജി വയ്ക്കുമെന്ന് നേരത്തെ സാബു ജേക്കബിനോട് പറഞ്ഞിരുന്നു. നേരത്തെ രാജി വെച്ച അംഗം സ്‌കൂള്‍ ബസ് ഇടിച്ച് ഒരു പോറല്‍ പോലും ഇല്ലാതെ മരിച്ചു എന്നും അങ്ങനെ ദൈവം നിങ്ങള്‍ക്ക് വരുത്താതിരുത്തട്ടെ എന്നും സാബു ജേക്കബ് പറഞ്ഞുവെന്നും പൂജ ജോമോന്‍ ആരോപിച്ചിരുന്നു. തന്റെ മതേതര കാഴ്ചപ്പാടിന് യോജിക്കാന്‍ കഴിയാത്തതിനാലാണ് ട്വന്റി 20 വിടുന്നതെന്ന് പൂജ ജോമോന്‍ വ്യക്തമാക്കിയിരുന്നു. തന്നെ വിജയിപ്പിച്ച ജനങ്ങളോടു ചെയ്യുന്ന വഞ്ചനയാണ് എന്‍ഡിഎയ്‌ക്കൊപ്പം പോകുന്നത് എന്നും അവര്‍ പറഞ്ഞിരുന്നു. പൂതൃക്ക പഞ്ചായത്തില്‍ ഏഴു വീതം അംഗങ്ങളാണ് കോണ്‍ഗ്രസിനും ട്വന്റി 20ക്കും ഉള്ളതെങ്കിലും നറുക്കെടുപ്പില്‍ ട്വന്റി 20 ഭരണം പിടിക്കുകയായിരുന്നു. 2 സീറ്റ് സിപിഎമ്മിനാണ്. പൂജ ജോമോന്‍ രാജി വച്ചതോടെ ട്വന്റി 20ക്ക് ഭരണം നഷ്ടമായേക്കും.

Tags:    

Similar News