'പാര്‍ട്ടിയിലെ തെറ്റുകളെ ചൂണ്ടികാണിച്ച എന്നെ അവര്‍ പുറത്താക്കിയത് എസ്ഡിപിഐ തീവ്രവാദിയെന്ന് പറഞ്ഞ്; ഇപ്പോള്‍ അധിക്ഷേപിക്കുന്നത് ആര്‍എസ്എസ് തീവ്രവാദിയെന്ന്'; തനിക്കെതിരെയുള്ളത് വ്യാജ പരാതിയെന്ന് അസ്ഹര്‍ മജീദ്; സിസി മുകുന്ദന്റെ പി എ അറസ്റ്റിലായത് ഗീതാ ഗോപിയുടെ പരാതിയില്‍
തൃശൂര്‍: നാട്ടികയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സി.സി. മുകുന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഹ്‌സര്‍ മജീദ് അറസ്റ്റില്‍. നാട്ടികയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീതാ ഗോപിയുടെ പരാതിയിലാണ് അഹ്‌സറിനെ അറസ്റ്റ് ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം തനിക്കെതിരെയുള്ളത് വ്യാജ പരാതിയാണെന്നും തന്നെ ജയിലില്‍ ആക്കാനാണ് ശ്രമിക്കുന്നുവെന്നുമാണ് അസ്ഹര്‍ മജീദ് പറയുന്നത്. ഗീതാഗോപിയെ താന്‍ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലന്നും അസ്ഹര്‍ പറഞ്ഞു.
ഗീതാ ഗോപിയെ അപകീര്‍ത്തിപ്പെടുത്തും വിധം സന്ദേശം അയച്ചെന്ന സംഭവത്തിലാണ് നടപടി. ജാതീയ അധിക്ഷേപം ഉള്‍പ്പെടെ പരാമര്‍ശിക്കുന്ന ചോദ്യാവലിയുള്‍പ്പെടെ തയ്യാറാക്കിയെന്നാണ് ആക്ഷേപം. എന്നാല്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഗീതാഗോപി അപമാനിക്കുന്നു എന്ന് കാട്ടി പരാതി നല്‍കാന്‍ അഹ്‌സര്‍ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നാണ് ആരോപണം ഉയരുന്നത്.
'ഗീത ഗോപിയുടെ തോല്‍വി ഭയന്ന് വിറളി പൂണ്ട് എന്തും കാട്ടി കൂട്ടുന്ന തിരക്കിലാണ് നാട്ടിക മണ്ഡലത്തിലെ സിപിഐ നേതാക്കള്‍. സി.സി. മുകുന്ദന്‍ എംഎല്‍എയെ കുറിച്ച് വ്യക്തിപരമായ വിദ്വേഷ-കള്ള പ്രചരണങ്ങള്‍ നടത്തുന്നത് ജനങ്ങളില്‍ ഏല്‍ക്കുന്നില്ല എന്ന് മനസിലാക്കിയ സിപിഐ നേതാക്കള്‍ മുകുന്ദേട്ടനൊടൊപ്പം നില്‍ക്കുന്ന എന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തിരക്കിലാണ്. നാല് വര്‍ഷം സി.സി മുകുന്ദന്‍ എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഞാന്‍.
ഈ സമയങ്ങളില്‍ സിപിഐ നേതാക്കളുടെയും, മുന്‍ പിഎ മസൂദിന്റെയും കള്ളത്തരങ്ങള്‍ തെളിവടക്കം ഒരുപാട് പുറത്ത് കൊണ്ട് വന്നത് ഞാനാണ്. അതിലാണ് വി.എസ്. സുനില്‍ കുമാര്‍ , ടി.ആര്‍. രമേശ് കുമാര്‍ തുടങ്ങിയ സിപിഐ നേതാക്കള്‍ക്ക് എന്നോട് ദേഷ്യം തുടങ്ങിയതും എനിക്കെതിരെ അവര്‍ പ്രവര്‍ത്തിച്ച് തുടങ്ങി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും. ഈ വരുന്ന ദിവസങ്ങളില്‍ എനിക്കെതിരെ നിരവധി കള്ള പ്രചരണങ്ങള്‍ നടത്തി കൊണ്ട് തെരഞ്ഞെടുപ്പില്‍ സി.സി. മുകുന്ദനെ ഇകഴ്ത്തി കെട്ടാന്‍ ശ്രമിക്കുമെന്നതാണ് എല്‍ഡിഎഫ് ക്യാംപില്‍ നിന്നും കിട്ടിയ വിവരങ്ങള്‍.
സി.സി. മുകുന്ദന്റെ ജനകീയതയുടെ അടിത്തറ ഇളക്കാന്‍ എത്ര ശ്രമിച്ചിട്ടും കഴിയാത്ത നേതാകളുടെ കുബുദ്ധിയാണ് എനിക്കെതിരെ തിരിഞ്ഞ് വിവാദങ്ങള്‍ ഉണ്ടാക്കുക എന്നത്. പാര്‍ട്ടിയിലെ തെറ്റുകളെ ചൂണ്ടികാണിച്ച എന്നെ അവര്‍ പുറത്താക്കിയത് എസ്ഡിപിഐ തീവ്രവാദിയെന്നും പറഞ്ഞ് കൊണ്ടാണ്. എന്റെ മതത്തെ ഉപയോഗിച്ച് ഞാനൊരു മുസ്ലീം തീവ്രവാദിയാണെന്ന് അവര്‍ പ്രചരിപ്പിച്ചു. ഇപ്പോള്‍ അധിക്ഷേപിക്കുന്നത് ആര്‍എസ്എസ് തീവ്രവാദിയെന്നും പറഞ്ഞിട്ടാണ്. യാതൊരു തെളിവുകളും ഇല്ലാതെ വ്യക്തിപരമായി സമൂഹത്തിന് മുമ്പില്‍ എനിക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ നിയമനടപടികളിലൂടെ മുന്നോട്ട് പോകുമെന്നും അറിയിക്കുന്നു', അസ്ഹര്‍ മജീദിന്റെ വാക്കുകള്‍.
