'ആ കല്ലറയില്‍ പോയ എത്ര പേര്‍ ഇന്ന് ഉമ്മന്‍ചാണ്ടി ജീവിച്ചിരിപ്പുണ്ടായിരിന്നെങ്കില്‍ കാല്‍ തൊട്ട് വന്ദിച്ച് നോമിനേഷന്‍ കൊടുക്കുമായിരുന്നു; ഐയും എയും പുറകില്‍ നിന്ന് കുത്തിയിട്ട് മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ പേരിന്റെ ഗുണഭോക്താക്കളായി മാറുന്നു; ആ ആളുകള്‍ക്കെതിരെ പറയാന്‍ ധൈര്യം ഉണ്ടോ?' ചാണ്ടി ഉമ്മന് മറുപടിയുമായി സഹോദരി ഭര്‍ത്താവ്
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇത്തവണ ശ്രദ്ധാകേന്ദ്രമാകുന്നത് കേവലം രാഷ്ട്രീയ പോരാട്ടം കൊണ്ടല്ല, മറിച്ച് ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ അതികായന്റെ കുടുംബാംഗങ്ങള്‍ നേര്‍ക്കുനേര്‍ നടത്തുന്ന വാക്‌പോരുകള്‍ കൊണ്ടാണ്. ഉമ്മന്‍ചാണ്ടിയുടെ മകനും പുതുപ്പള്ളി എം.എല്‍.എയുമായ ചാണ്ടി ഉമ്മനും, ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭര്‍ത്താവും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ ഡോ. വര്‍ഗീസ് ജോര്‍ജും തമ്മിലുള്ള വാക്‌പോരുകള്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചൂട് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ആരും 'മുതലക്കണ്ണീര്‍' ഒഴുക്കേണ്ടതില്ലെന്ന ചാണ്ടി ഉമ്മന്റെ പരാമര്‍ശത്തിന് കൃത്യമായ മറുപടിയുമായി വര്‍ഗീസ് ജോര്‍ജ് രംഗത്തെത്തിയതോടെ കുടുംബബന്ധങ്ങള്‍ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് വഴിമാറി.
കൊടുങ്ങല്ലൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ.ജെ. ജനീഷിന്റെ പ്രചാരണാര്‍ത്ഥം അന്നമനടയില്‍ എത്തിയപ്പോഴാണ് ചാണ്ടി ഉമ്മന്‍ തന്റെ സഹോദരീ ഭര്‍ത്താവിനെ ലക്ഷ്യമിട്ട് സംസാരിച്ചത്. ഉമ്മന്‍ചാണ്ടി ഇന്നുണ്ടായിരുന്നെങ്കില്‍ ജനീഷ് ജയിക്കണമെന്നേ അദ്ദേഹം ആഗ്രഹിക്കൂ എന്നും, അദ്ദേഹത്തിന്റെ പേരില്‍ ആരും വോട്ട് ചോദിക്കേണ്ടതില്ലെന്നും ചാണ്ടി ഉമ്മന്‍ തുറന്നടിച്ചു. മതേതര പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ജനീഷിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വന്റി 20 പ്രവര്‍ത്തകനായിരുന്ന വര്‍ഗീസ് ജോര്‍ജ്, പാര്‍ട്ടി എന്‍.ഡി.എ മുന്നണിയുടെ ഭാഗമായതോടെയാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാര്‍ത്ഥിയായത്.
എന്നാല്‍ ഈ ആരോപണങ്ങളെ അക്കമിട്ട് നിരത്തിയാണ് ഡോ. വര്‍ഗീസ് ജോര്‍ജ് പ്രതിരോധിച്ചത്. താന്‍ ഉമ്മന്‍ചാണ്ടിയുടെ മരുമകനാണെന്ന ലേബലിലല്ല വോട്ട് ചോദിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ടര വര്‍ഷമായി മണ്ഡലത്തിലെ എണ്ണായിരത്തോളം വീടുകള്‍ സന്ദര്‍ശിച്ചും ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടും താന്‍ നടത്തിയ കഠിനാധ്വാനമാണ് തന്റെ വോട്ട് എന്ന് അദ്ദേഹം അവകാശപ്പെട്ടു. ഉമ്മന്‍ചാണ്ടിയെ ജീവിച്ചിരുന്നപ്പോള്‍ വേട്ടയാടിയവരും പുറകില്‍ നിന്ന് കുത്തിയവരുമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നതെന്ന് വര്‍ഗീസ് ജോര്‍ജ് തിരിച്ചടിച്ചു. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നെങ്കില്‍ ഇന്ന് അദ്ദേഹത്തിന്റെ കല്ലറയില്‍ പോകുന്ന എത്രപേര്‍ അദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിക്കുമായിരുന്നു എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി.
നോമിനേഷന്‍ കൊടുക്കുന്നതിന് മുമ്പ് മീഡിയയെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ കൊണ്ട് വന്ന് എത്ര പേര്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നു. ഇന്ന് ഉമ്മന്‍ചാണ്ടി ജീവിച്ചിരിപ്പുണ്ടായിരിന്നെങ്കില്‍ ആ കല്ലറയില്‍ പോയ എത്ര പേര്‍ അദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിച്ച് നോമിനേഷന്‍ കൊടുക്കുമായിരുന്നു എന്ന് വര്‍ഗീസ് ജോര്‍ജ് ചോദിച്ചു. ഐയും എയും ഒക്കെ അദ്ദേഹത്തെ പുറകില്‍ നിന്ന് കുത്തിയിട്ട് മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ പേരിന്റെ ഗുണഭോക്താക്കളായി മാറുന്നു. അതിനെയാണ് മുതലക്കണ്ണീര്‍ എന്ന് പറയുന്നത്. ചാണ്ടി ഉമ്മന് ആ ആളുകള്‍ക്കെതിരെ ഇതേ പരാമര്‍ശം നടത്താന്‍ ധൈര്യം ഉണ്ടോ. ചാണ്ടിയെ കുറ്റം പറയുന്നില്ല. ചാണ്ടിയെ അനിയനായിട്ടാണ് കാണുന്നത്. തന്റെ അനുയായികളും ഇഷ്ടപെടുന്നവരും ചാണ്ടിയെ ചീത്ത പറയരുതെന്നും ഡോ. വര്‍ഗീസ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഈ പരസ്യമായ വാക്‌പോര് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
കൊടുങ്ങല്ലൂര്‍ മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ സി.പി.ഐക്ക് വലിയ സ്വാധീനമുള്ള മേഖലയാണിത്. 1957 മുതല്‍ നടന്ന ഭൂരിഭാഗം തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിനൊപ്പം നിന്ന മണ്ഡലം തിരിച്ചുപിടിക്കാനാണ് ഒ.ജെ. ജനീഷ് ശ്രമിക്കുന്നത്. പൊയ്യ മുതല്‍ അന്നമനട വരെ ചാണ്ടി ഉമ്മന്‍ നടത്തിയ സൈക്കിള്‍ റോഡ് ഷോ പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം വിതറിയിട്ടുണ്ട്. മറുഭാഗത്ത് എല്‍.ഡി.എഫിനായി വി.ആര്‍. സുനില്‍കുമാര്‍ കരുത്തുറ്റ പോരാട്ടം നടത്തുമ്പോള്‍, എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ വര്‍ഗീസ് ജോര്‍ജ് എത്രത്തോളം വോട്ടുകള്‍ സമാഹരിക്കുമെന്നത് നിര്‍ണ്ണായകമാകും. വ്യക്തിപരമായ ബന്ധങ്ങളും രാഷ്ട്രീയ നിലപാടുകളും തമ്മിലുള്ള ഈ സംഘര്‍ഷം കൊടുങ്ങല്ലൂരിലെ ഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്.
