'മുല്ലപ്പൂവ് എല്ലാവരും ചൂടും; നായന്മാര്‍ മാത്രമല്ല; അദ്ദേഹം കവിയല്ലേ, കാവ്യാത്മകമായി പറഞ്ഞതായിരിക്കും'; ജി സുധാകരന്‍ ജയിക്കുമെന്ന് ഉറപ്പായപ്പോള്‍ അപമാനിക്കാനുള്ള ശ്രമമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സിപിഐഎം നേതാവ് സി എസ് സുജാതയ്‌ക്കെതിരെ അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി. സുധാകരന്‍ നടത്തി വിവാദ പരാമര്‍ശങ്ങളെ ന്യായീകരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുധാകരന്‍ നടത്തിയ പ്രസ്താവനകളില്‍ തെറ്റില്ലെന്നും, അദ്ദേഹം ഒരു കവിയായതിനാല്‍ വാക്കുകളെ കാവ്യാത്മകമായി കണ്ടാല്‍ മതിയെന്നുമാണ് ചെന്നിത്തലയുടെ നിലപാട്. ജി സുധാകരന്‍ ജയിക്കുമെന്ന് ഉറപ്പായപ്പോള്‍ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുല്ലപ്പൂവും തുളസിപ്പൂവും മോശം പരാമര്‍ശമല്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
നായന്മാര്‍ മാത്രമല്ല എല്ലാവരും മുല്ലപ്പൂ ചൂടും. അദ്ദേഹം കവിയായതുകൊണ്ട് കാവ്യാത്മകമായി എടുത്താല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എന്തായാലും ജി സുധാകരന്‍ ചെറ്റയെന്നോ നികൃഷ്ട ജീവിയെന്നോ ആരെയും വിളിച്ചിട്ടില്ല. നല്ലകാര്യമല്ലേ പറഞ്ഞത്. മുല്ലപ്പൂവ് എല്ലാവരും ചൂടും, നായന്മാര്‍ മാത്രമല്ല. അദ്ദേഹം കവിയല്ലേ, കാവ്യാത്മകമായി പറഞ്ഞതായിരിക്കും', ചെന്നിത്തല പറഞ്ഞു.
കേരളം നേരിട്ട പ്രളയം മനുഷ്യ നിര്‍മിതമാണെന്നും നേരത്തെ തന്നെ ഈ ആരോപണം തെളിയിച്ചിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്റെ വെളിപ്പെടുത്തലിനെ ശരിവെച്ച് രമേശ് ചെന്നിത്തല പറഞ്ഞു. അമിക്കസ് ക്യൂറിയും ഇത് ശരിവെച്ചിട്ടുണ്ട്. മുന്‍കരുതലില്ലാതെ ഡാമുകള്‍ തുറന്നതാണ് പ്രളയത്തിന് കാരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആരെങ്കിലും സ്വന്തം പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കുമോ. മറ്റുള്ളവരല്ലേ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കേണ്ടത്. പൂജ്യം മാര്‍ക്കാണ് താന്‍ നല്‍കുന്നത്. അര്‍ധ സത്യങ്ങളും അസത്യങ്ങളുമാണ് റിപ്പോര്‍ട്ടിലുള്ളത്. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ കര്‍ഷക ദ്രോഹമാണുള്ളത്. മുഖ്യമന്ത്രി വായിക്കാതെ ആണോ പ്രകടനപത്രിക ഇറക്കിയതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഒടുവില്‍ പ്രകടനപത്രിക തിരുത്തേണ്ടി വന്നു. മലയോരത്തെ ജനങ്ങള്‍ കനത്ത തിരിച്ചടി നല്‍കും. ശബരിമലയെ കുറിച്ച് എന്താണ് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ മിണ്ടാത്തത്. സ്വര്‍ണക്കൊള്ള നടത്തിയവരെ സംരക്ഷിക്കുകയാണ്. ഭക്തരോടുള്ള അനീതി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജാതി അധിക്ഷേപത്തില്‍ ജി സുധാകരനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് സിപിഐഎം. പാര്‍ട്ടിയുമായി ആലോചിച്ച ശേഷം തുടര്‍നടപടിയെപ്പറ്റി തീരുമാനിക്കുമെന്ന് സുജാത പ്രതികരിച്ചു.
സി എസ് സുജാതയ്‌ക്കെതിരെ കടുത്ത അധിക്ഷേപ പരാമര്‍ശവുമായായിരുന്നു സുധാകരന്‍ രംഗത്തെത്തിയത്. സുജാത നായന്മാരുടെ വീട്ടില്‍ മാത്രമേ പോകൂ എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. അവരുടെ സ്ഥലം കായംകുളമാണ്. എന്നിട്ട് അമ്പലപ്പുഴയില്‍ വന്നുനില്‍ക്കുകയാണ്. നായരാണെന്ന് മനസിലാക്കാന്‍ മുല്ലപ്പൂവും തുളസിപ്പൂവും വെച്ചാണ് സുജാത പോകുന്നത്. ഇവിടെ നായരുടെ വോട്ട് ഒന്നും കിട്ടില്ല. മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നായരെയും ധീവരനെയും തെറ്റിക്കാന്‍ നടക്കുകയാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
