ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് രഹസ്യ ബാലറ്റില്‍; പാര്‍ട്ടി വിപ്പ് ഇല്ല; കൂറുമാറ്റ നിരോധനവും പ്രശ്‌നല്ല; ശശി തരൂരിനെ പോലെ 'ഇടഞ്ഞു നില്‍ക്കുന്നവര്‍' ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് ആര്‍ക്കും അറിയാന്‍ കഴിയില്ല; അട്ടിമറിയില്ലെങ്കില്‍ രാധാകൃഷ്ണ ജയം ഉറപ്പ്; എല്ലാ കണ്ണും അന്തിമ വോട്ടിംഗ് നിലയില്‍; രാത്രി എട്ടു മണിക്ക് വിജയിയെ അറിയാം
ന്യൂഡല്‍ഹി: പതിനേഴാമത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പകല്‍ 10 മുതല്‍ അഞ്ച് വരെയാണ് പോളിങ്. ഭാരത് രാഷ്ട്ര സമിതിയും (ബിആര്‍എസ്) ബിജു ജനതാദളും (ബിജെഡി) ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചു. അകാലിദള്ളും എത്തില്ല. മഹാരാഷ്ട്ര, തമിഴ്നാട് ഗവര്‍ണറായിരുന്ന സി പി രാധാകൃഷ്ണനാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയാണ് പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ അട്ടിമറികളൊന്നുമുണ്ടായില്ലെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി.പി. രാധാകൃഷ്ണന് വിജയമുറപ്പ്. 2002ല്‍ ഭൈറോണ്‍സിങ് ഷെഖാവത്തിന് ശേഷം കുറഞ്ഞ ഭൂരിപക്ഷത്തില്‍ ജയിക്കുന്ന ഉപരാഷ്ട്രപതിയാകും രാധാകൃഷ്ണന്‍ എന്നാണ് വിലയിരുത്തല്‍. ഷെഖാവത്തിന്റെ ഭൂരിപക്ഷം 149. ഇന്ന് രാത്രി എട്ടു മണിയോടെ ആരു ജയിച്ചെന്ന ഫലം വരും.
തെലങ്കാനയിലെ യൂറിയ ക്ഷാമത്തോടുള്ള സര്‍ക്കാരിന്റെ നിസംഗതയ്ക്കെതിരായ പ്രതിഷേധ സൂചകമായാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ബിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവു പറഞ്ഞു. ലഭ്യമായിരുന്നെങ്കില്‍ 'നണ്‍ ഓഫ് ദി എബോവ്' ഓപ്ഷന്‍ പാര്‍ടി തെരഞ്ഞെടുക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിആര്‍എസിനും ബിഡിഎസിനും കൂടി 11 എം പിമാരാണ് ഉള്ളത്. ജഗ്ദീപ് ധന്‍ഖര്‍ ജൂലൈ 21 നാണ് രാജിവച്ചത്. ലോക്സഭാ രാജ്യസഭാ എംപിമാരാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക്ട്രല്‍ കോളേജ് അംഗങ്ങള്‍. 782 ആണ് നിലവിലെ ഇലക്ട്രല്‍ കോളേജ് സംഖ്യ. ജയിക്കാന്‍ 392 വോട്ട്. ബിജെപിക്ക് 341 എംപിമാരുണ്ട്. എന്‍ഡിഎയില്‍ 426 പേരും. കണക്കുകളില്‍ എന്‍ഡിഎയ്ക്ക് ജയം ഉറപ്പ്. എന്നാല്‍ ക്രോസ് വോട്ടിംഗ് സാധ്യത ഏറെയാണ്. ഇത് ആര്‍ക്ക് അനുകൂലമാകുമെന്നതാണ് ശ്രദ്ധേയം.
ഉപരാഷ്ട്രപതി തിരഞ്ഞെടപ്പില്‍ വിപ്പ് നല്‍കാന്‍ പാര്‍ട്ടികള്‍ക്ക് ആകില്ല. ആര്‍ക്കു വേണമെങ്കിലും ആര്‍ക്കും വോട്ട് ചെയ്യാം. ഇതിന് രഹസ്യ സ്വഭാവവും ഉണ്ടാകും. ഈ സാഹചര്യത്തില്‍ എംപിമാര്‍ അവര്‍ക്കിഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യും. ബിജെപിയിലും പ്രതിപക്ഷത്തും അവരുടെ പക്ഷവുമായി തെറ്റി നില്‍ക്കുന്ന ചില എംപിമാരുണ്ട്. ഇവരുടെ വോട്ട് എവിടെ വീഴുമെന്നത് നിര്‍ണ്ണായകമാണ്. ഉദാഹരണത്തിന് കോണ്‍ഗ്രസുമായി തെറ്റി നില്‍ക്കുന്ന ശശി തരൂര്‍. തരൂര്‍ ആര്‍ക്ക് വോട്ട് ചെയ്താലും മറ്റൊരാള്‍ക്കും അത് അറിയാനാകില്ല. അതുകൊണ്ട് തന്നെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയ്ക്ക് തരൂര്‍ വോട്ട് ചെയ്‌തോ എന്ന് ആര്‍ക്കും ഉറപ്പിക്കാന്‍ കഴിയില്ല. ഇതിന് സമാനമായി നിരവധി എംപിമാര്‍ പ്രതിപക്ഷത്തുണ്ട്. ഈ വോട്ടുകളെല്ലാം സിപി രാധാകൃഷ്ണന് എത്തുമെന്ന് കരുതുന്ന ബിജെപിക്കാരുണ്ട്. എന്നാല്‍ ബിജെപിയിലെ വോട്ടുകള്‍ വന്‍ തോതില്‍ സുദര്‍ശന്‍ റെഡ്ഡിക്ക് കിട്ടുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ഒന്നാം നിലയിലുള്ള വസുധ ഹാളില്‍ (എഫ്- 101) നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലായിരിക്കും. പാര്‍ട്ടി വിപ്പ് ബാധകമല്ലാത്തതിനാല്‍ കൂറുമാറ്റ നിരോധനനിയമം പരിധിയില്‍ വരില്ല. അംഗങ്ങള്‍ക്ക് ഇഷ്ടമുള്ള ആള്‍ക്ക് വോട്ട് ചെയ്യാമെന്നതുകൊണ്ടുതന്നെ പരമാവധി എതിര്‍പക്ഷത്തിന്റെ വോട്ടുകള്‍ അടര്‍ത്തിമാറ്റാനും സ്വന്തം വോട്ടുകള്‍ ചോര്‍ന്നുപോകാതെ ഉറപ്പിച്ചുനിര്‍ത്താനുമുള്ള പ്രയത്‌നത്തിലാണ് ഭരണ, പ്രതിപക്ഷ കക്ഷികള്‍. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍ നില്‍ക്കെ, ഇരുവിഭാഗത്തിനും സ്വന്തം കരുത്ത് ചോരാതിരിക്കേണ്ടത് അനിവാര്യം.
പ്രിഫറന്‍സ് രീതിയിലാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പര്‍ സാധുവാകാന്‍ ഒന്നാം പ്രിഫറന്‍സ് വോട്ട് നിര്‍ബന്ധം. മറ്റുള്ളവ ഓപ്ഷണല്‍. അക്കങ്ങളില്‍ പ്രിഫറന്‍സ് രേഖപ്പെടുത്തണം. പൊതു തിരഞ്ഞെടുപ്പിലെ പോലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം പറ്റില്ല. പ്രിഫറന്‍സ് രീതിയായതാണ് കാരണം. ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രിഫറന്‍സ് രീതി നടപ്പാക്കുന്നത്. എന്നാല്‍ ഇത്തവണ രണ്ടു പേര്‍ മാത്രമേ മത്സരിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ പ്രിഫറന്‍സ് വോട്ട് എണ്ണലിന്റെ സാങ്കേതിക നൂലാമാലകളൊന്നും ഉണ്ടാകില്ല. കൂടുതല്‍ വോട്ട് കിട്ടുന്നവര്‍ ജയിക്കുമെന്ന് ഉറപ്പ്.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: അംഗബലം ഇങ്ങനെ
ഇലക്ടറല്‍ കോളേജ് 781
ലോക്സഭ 542 (മൊത്തം 543ല്‍ ഒരൊഴിവ്).
രാജ്യസഭ 239 (മൊത്തം 245ല്‍ ആറൊഴിവ്).
എന്‍ഡിഎ 427 ( ലോക്സഭ- 293, രാജ്യസഭ- 134)
പുറമേ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ 11 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കി (വൈഎസ്ആര്‍ അംഗങ്ങള്‍ ലോക്സഭയില്‍ 4, രാജ്യസഭയില്‍ 7). മൊത്തം 438. (ആവശ്യം 391 പേരുടെ പിന്തുണ. )
പ്രതിപക്ഷം (ഇന്ത്യസഖ്യം (തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ) + (ആംആദ്മി പാര്‍ട്ടി) - 324
ലോക്സഭ- 235, രാജ്യസഭ- 89;.
വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍:
ബിജു ജനതാദള്‍- 7 (രാജ്യസഭാംഗങ്ങള്‍).
ഭാരത് രാഷ്ട്രസമിതി- 4 (രാജ്യസഭാംഗങ്ങള്‍).
നിലപാട് വ്യക്തമാക്കാനുള്ളവര്‍- സ്വതന്ത്രര്‍ അടക്കം ആറ് അംഗങ്ങള്‍