പ്രിന്‍സ് ആന്‍ഡ്രുവിന്റെ പീഡനത്തിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സാക്ഷികള്‍; സുരക്ഷാ ഉദ്യോഗസ്ഥര്‍ ആന്‍ഡ്രുവിനൊപ്പം എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപില്‍ പോയത് രണ്ടിലേറെ തവണ; പീഡന വിവരം അറിഞ്ഞിട്ടും കണ്ണടച്ചു; ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ പോലീസ്
പ്രിന്‍സ് ആന്‍ഡ്രുവിന്റെ പീഡനത്തിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സാക്ഷികള്‍
ലണ്ടന്‍: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപില്‍ ആന്‍ഡ്രു മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സര്‍ സന്ദര്‍ശിച്ച സമയത്ത് ആന്‍ഡ്രുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണടച്ചു എന്ന ആരോപണത്തെ കുറിച്ച് മെട്രോപൊളിറ്റന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ലിറ്റില്‍ സെയിന്റ് ജെയിംസില്‍ നടന്നു എന്ന് പറയപ്പെടുന്ന ലൈംഗിക ദുരുപയോഗത്തിന് റോയല്‍റ്റി ആന്‍ഡ് സ്‌പെഷ്യലിസ്റ്റ് പ്രൊട്ടക്ഷന്‍ കമാന്‍ഡിലെ ചില ഉദ്യോഗസ്ഥരും സാക്ഷികളായിട്ടുണ്ടാകാം എന്ന് ഒരു മുന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണിത്. ചുരുങ്ങിയത് രണ്ട് തവണയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ആന്‍ഡ്രുവിനൊപ്പം ഈ സ്വകാര്യ ദ്വീപില്‍ പോയിട്ടുണ്ട്. അതില്‍ ഒന്ന് ലോലിത എക്‌സ്പ്രസ്സ് എന്ന് അറിയപ്പെടുന്ന എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിലായിരുന്നു.
എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപില്‍ ആന്‍ഡ്രുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്തൊക്കെ കണ്ടു എന്നതാണ് തന്റെ ചോദ്യമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുന്‍ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചോദിച്ചിരുന്നു. ഒരുപക്ഷെ ആന്‍ഡ്രുവിന്റെ ചെയ്തികള്‍ ഇവര്‍ കണ്ടിട്ടുണ്ടാവില്ലെന്നും മനപ്പൂര്‍വ്വം അതിനു നേരെ കണ്ണടിച്ചിട്ടുണ്ടാകാമെന്നും ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. 2000 ത്തിന്റെ ആദ്യ പകുതിയില്‍ ലിറ്റില്‍ സെയിന്റ് ജെയിംസില്‍ വെച്ച് ഉള്‍പ്പടെ മൂന്ന് തവണ ആന്‍ഡ്രു തന്നെ പീഡിപ്പിച്ചതായി ആന്‍ഡ്രുവിനെതിരെ അമേരിക്കന്‍ കോടതിയെ സമീപിച്ച ഇര വെര്‍ജിനിയ ഗുഫ്രെ വെളിപ്പെടുത്തിയിരുന്നു.
1998 ല്‍ എപ്സ്റ്റീന്‍ വിലയ്ക്കു വാങ്ങിയ, യു എസ് വെര്‍ജിന്‍ ഐലന്‍ഡ്‌സില്‍ ഉള്‍പ്പെടുന്ന ഈ ദ്വീപില്‍ വെച്ച് തങ്ങള്‍ പീഢിക്കപ്പെട്ടതായി ഒന്നിലധികം ഇരകള്‍ വെളിപ്പെടുത്തിയിരുന്നു. ഇതുവരെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഇതുസംബന്ധിച്ച് കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് മെട്രോപൊളിറ്റന്‍ പോലീസ് വക്താവ് അറിയിച്ചു. എന്നിരുന്നാലും മുന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലില്‍ അന്വേഷം തുടരുകയാണ്.
യുവതിക്കൊപ്പമുള്ള ആന്‍ഡ്രുവിന്റെ ചിത്രങ്ങള്‍ അടക്കം നേരത്തെ പുറത്തുവന്നിരുന്നു. തറയില്‍ കിടക്കുന്ന യുവതിക്ക് സമീപമായി മുട്ടുകുത്തി നില്‍ക്കുന്ന ആന്‍ഡ്രുവിനെ ചിത്രത്തില്‍ വ്യക്തമായി കാണാം. ആന്‍ഡ്രുവിന്റേതായി രണ്ട് ചിത്രങ്ങളാണ് പുറത്തുവന്നത്. ഇത് ശരിവെക്കുന്ന ഇമെയിലുകളും പുറത്തുവന്നിട്ടുണ്ട്.
2010 ഓഗസ്റ്റ് 12-ാം തീയതി ആന്‍ഡ്രുവിന് എപ്സ്റ്റീന്റെ മെയില്‍ അയച്ചിരുന്നു. 'ദി ഡ്യൂക്ക്' എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള മെയിലില്‍ ആന്‍ഡ്രുവിനെ അത്താഴത്തിന് ക്ഷണിക്കുകയും ഒരു വനിതാ സുഹൃത്ത് കൂടെ ഉണ്ടാകുമെന്നും എപ്സ്റ്റീന്‍ പറയുന്നുണ്ട്. വനിതാ സുഹൃത്ത് ഓഗസ്റ്റ് 20 മുതല്‍ 24 വരെ ലണ്ടനില്‍ ഉണ്ടാകുമെന്നും പരാമര്‍ശിച്ചിരുന്നു. തിരിച്ചുള്ള മറുപടിയില്‍ തന്നെ കുറിച്ച് എന്താണ് താങ്കള്‍ യുവതിയോട് പറഞ്ഞതെന്നും അവരുടെ സന്ദേശം ലഭിക്കുമോ എന്നും ആന്‍ഡ്രു ചോദിക്കുന്നുണ്ട്. താന്‍ ഓഗസ്റ്റ് 22ന് ജനീവയില്‍ ഉണ്ടാകുമെന്നും യുവതിയെ കണ്ടാല്‍ സന്തോഷമാകുമെന്നും എപ്സ്റ്റീന് അയച്ച മറ്റൊരു മെയിലില്‍ ആന്‍ഡ്രു പറയുന്നുണ്ട്.
യുവതി 26 വയസുള്ള റഷ്യക്കാരിയാണെന്നും അതിസുന്ദരിയാണെന്നും അവളുടെ പക്കല്‍ ആന്‍ഡ്രുവിന്റെ ഇമെയില്‍ വിലാസം ഉണ്ടെന്നും എപ്സ്റ്റീന്‍ മറുപടി സന്ദേശം അയച്ചതായി വ്യക്തമാണ്. യുവതിയും ആന്‍ഡ്രുവും തമ്മില്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായ ബക്കിങ്ഹാം കൊട്ടാരത്തില്‍വെച്ച് കൂടിക്കാഴ്ചകള്‍ നടന്നിരിക്കാമെന്ന് വ്യക്തമാക്കുന്ന മെയിലുകളും എപ്സ്റ്റീന്റെതായി പുറത്തുവന്നു.
എപ്സ്റ്റീനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നാലെ, ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ഇളയ സഹോദരനായ ആന്‍ഡ്രു വിന്‍ഡ്‌സറിന്റെ രാജകീയ പദവികള്‍ കൊട്ടാരം റദ്ദാക്കിയിരുന്നു. കുപ്രസിദ്ധ സെക്‌സ് ടേപ്പുകളില്‍ ഇടംപിടിച്ചതിന് പിന്നാലെ 'യോര്‍ക്ക് ഡ്യൂക്ക്' എന്ന സ്ഥാനപ്പേരും മറ്റ് രാജകീയ ബഹുമതികളും ആന്‍ഡ്രൂ സ്വമേധയാ ഉപേക്ഷിച്ചിരുന്നു. 2021ല്‍ ജെഫ്രി എപ്സ്റ്റീന്‍ കേസിലെ അതിജീവിതമാരില്‍ ഒരാള്‍ ആന്‍ഡ്രുവിനെതിരെ രംഗത്ത് വന്നിരുന്നു. കൗമാരക്കാരിയായ തന്നെ ആന്‍ഡ്രു ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും എപ്സ്റ്റീനാണ് തന്നെ ചതിയില്‍പ്പെടുത്തി ആന്‍ഡ്രുവിനടുത്തേക്ക് എത്തിച്ചതെന്നുമായിരുന്നു വെളിപ്പെടുത്തല്‍ ഇതിന് പിന്നാലെ യുവതി ജീവനൊടുക്കിയതും വലിയ വിവാദമായിരുന്നു.
