ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യത്തിന് തൊട്ടരികെയെന്ന് യു.എസ്; ബൈഡന്‍ ഭരണകൂടത്തിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് കരാര്‍ നടപ്പാക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്ന് ആന്റണി ബ്ലിങ്കന്‍; ബന്ദികളുടെ മോചനവും ഉടനെന്ന് സൂചന
ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യത്തിന് തൊട്ടരികെയെന്ന് യു.എസ്
വാഷിങ്ടണ്‍: ഇസ്രായേലും ഹമാസും തമ്മിലുള്ള ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യത്തിന് തൊട്ടരികെയെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വെടിനിര്‍ത്തല്‍ -ബന്ദി മോചന കരാര്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന് കൈമാറുമെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി.
ബൈഡന്‍ ഭരണകൂടത്തിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് കരാര്‍ നടപ്പാക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ബൈഡന്‍ തയാറാക്കിയ പദ്ധതി പ്രകാരമുള്ള കരാറാണ് നടപ്പാക്കുകയെന്നും പാരിസില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ബ്ലിങ്കന്‍ വ്യക്തമാക്കി. ഏറ്റുമുട്ടലുകള്‍ അവസാനിച്ചാല്‍ ഗസ്സ മുനമ്പിന്റെ പുനര്‍നിര്‍മാണം, ഭരണം, സുരക്ഷ തുടങ്ങിയ കാര്യങ്ങളിലും ബൈഡന്‍ ഭരണകൂടം പദ്ധതി തയാറാക്കിയിട്ടുണ്ട്.
ഈ പദ്ധതി നിര്‍ദേശവും ട്രംപ് ഭരണകൂടത്തിന് കൈമാറും. ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യമായാല്‍ നിരവധി അവസരങ്ങളാണ് ലഭിക്കുക. ഇസ്രായേലും സൗദി അറേബ്യയും തമ്മിലുള്ള സഹകരണം സാധാരണ നിലയിലെത്തുകയും ഫലസ്തീനികളുടെ ഭാവി സംബന്ധിച്ച കാര്യങ്ങളില്‍ ധാരണയാവുമെന്നും ബ്ലിങ്കന്‍ ചൂണ്ടിക്കാട്ടി.
മേയിലാണ് ബൈഡന്‍ ഭരണകൂടം മൂന്നു ഘട്ടമായുള്ള ഗസ്സ വെടിനിര്‍ത്തല്‍ കരാറിനുള്ള രൂപരേഖ തയാറാക്കിയത്. ഈ ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ യു.എസിന്റെയും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നത്. വെടിനിര്‍ത്തല്‍ ആറ് ആഴ്ച നീണ്ടുനില്‍ക്കുമെന്നും 34 ബന്ദികളെ വിട്ടയക്കാന്‍ തീരുമാനമായതായും ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗസ്സയിലെ വെടിനിര്‍ത്തലും ബന്ദി മോചനവുമായി ബന്ധപ്പെട്ട ദോഹ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതിനിധിയും ദോഹയിലെത്തും. ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പശ്ചിമേഷ്യയെ നരകമാക്കി മാറ്റുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫാണ് ദോഹയിലെത്തുന്നത്. ഇരുപക്ഷവുമായും വിറ്റ്കോഫ് ചര്‍ച്ച നടത്തും. മൊസാദ് തലവന്‍ ഡേവിഡ് ബെര്‍ണിയയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി ബ്രെറ്റ് മഗ്കര്‍ക്ക് എന്നിവരും ദോഹയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.