'ആ കുടുംബത്തിന് സംഭവിച്ചത് ഭയാനകമായ ഒരു കാര്യമാണ്; അതൊരു ദയനീയമായ സാഹചര്യമായിരുന്നു; ആന്‍ഡ്രുവിന്റെ 'രാജകുമാരന്‍' എന്ന പദവി നീക്കം ചെയ്ത സംഭവത്തില്‍ അതിയായ ദു:ഖമുണ്ട്'; 'എപ്സ്റ്റീന്‍ ഫയലില്‍' കുടുങ്ങി ആന്‍ഡ്രു 'കൊട്ടാരഭ്രഷ്ടനായ'തില്‍ ട്രംപിന്റെ പ്രതികരണം ഇങ്ങനെ

'ആ കുടുംബത്തിന് സംഭവിച്ചത് ഭയാനകമായ ഒരു കാര്യമാണ്;

Update: 2025-11-03 11:45 GMT

വഷിങ്ടണ്‍: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരില്‍ ചാള്‍സ് രാജാവ് തന്റെ സഹോദരന്‍ ആന്‍ഡ്രൂവിന്റെ 'രാജകുമാരന്‍' എന്ന പദവി നീക്കം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആന്‍ഡ്രു 'കൊട്ടാരഭ്രഷ്ടനായ'തില്‍ ദുഖമുണ്ടെന്ന് ട്രംപ് പറഞ്ഞു.

ഇത് ഭയാനകമായ കാര്യമാണെന്നും ബ്രിട്ടീഷ് രാജകുടുംബത്തോട് തനിക്ക് ദുഃഖം തോന്നുന്നുവെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു. ' ആ കുടുംബത്തിന് സംഭവിച്ചത് ഭയാനകമായ ഒരു കാര്യമാണ്. അതൊരു ദയനീയമായ സാഹചര്യമായിരുന്നു. വളരെ മോശവുമാണ്'. ചാള്‍സിന്റെ നടപടിയെക്കുറിച്ച ചോദ്യത്തിന് ട്രംപ് മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.

എപ്സ്റ്റീന്റെ ദീര്‍ഘകാല സുഹൃത്തായിരുന്ന ട്രംപിന്റെ രണ്ടാം പ്രസിഡന്റ് സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിന്റെ കേന്ദ്രബിന്ദുവാണ് 'എപ്സ്റ്റീന്‍ ഫയലുകള്‍' എന്ന് അറിയപ്പെടുന്ന സംഭവങ്ങള്‍. എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട ഈ ഫയലുകള്‍ ട്രംപ് ഭരണകൂടം പുറത്തുവിടണമെന്ന് ഡെമോക്രാറ്റുകളും ചില റിപ്പബ്ലിക്കന്‍മാരും ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് ആന്‍ഡ്രൂവിനെതിരായ ബക്കിങ്ഹാം കൊട്ടാരത്തിന്റെ നടപടിയും അതിനോടുള്ള ട്രംപിന്റെ പ്രതികരണവും വന്നിരിക്കുന്നത്.

എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരില്‍ 65 കാരനായ ആന്‍ഡ്രൂവിനെ 'രാജകുമാരന്‍' എന്ന പദവിയില്‍ നിന്ന് ചാള്‍സ് പിന്‍വലിക്കുകയും വിന്‍ഡ്സര്‍ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തതായി ബക്കിങ്ഹാം കൊട്ടാരം വ്യാഴാഴ്ച പ്രഖ്യാപിക്കുകയായിരുന്നു. ആധുനിക ബ്രിട്ടീഷ് ചരിത്രത്തില്‍ രാജകുടുംബത്തിലെ ഒരു അംഗത്തിനെതിരെയുള്ള ഏറ്റവും നാടകീയമായ നീക്കങ്ങളിലൊന്നായിരുന്നു ഇത്.

എപ്സ്റ്റീന്‍ തങ്ങളെ പീഡിപ്പിച്ചതായി നൂറു കണക്കിന് സ്ത്രീകള്‍ വെളിപ്പെടുത്തിയിരുന്നു. പല ഉന്നത രാഷ്ട്രീയക്കാര്‍ക്കും കാഴ്ചവെക്കാനായി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഇയാള്‍ ദ്വീപിലേക്ക് കടത്തിയെന്നതും പുറത്തുവന്നിരുന്നു. എപ്സ്റ്റീനുമായി ബന്ധപ്പെട്ടവരുടെ പട്ടികയില്‍ ആന്‍ഡ്രൂവിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിയതിന് വിചാരണ നേരിടുന്നതിനിടെ എപ്സ്റ്റീന്‍ ജയിലില്‍വെച്ച് മരിച്ചു.

വിമര്‍ശനത്തിനിടെ കഴിഞ്ഞ ജൂലൈയില്‍, എപ്സ്റ്റീന്‍ ഫയലുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ പുറത്തുവിടുന്നതിനോ ഈ വിഷയത്തില്‍ പുതിയ അന്വേഷണം ആരംഭിക്കുന്നതിനോ ന്യായീകരണം നല്‍കുന്ന പുതിയ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

ബ്രിട്ടീഷ് രാജകുടുംബത്തോടുള്ള ആദരവ് യു.എസ് പ്രസിഡന്റ് പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സെപ്റ്റംബറില്‍ ചാള്‍സിന്റെ ക്ഷണമനുസരിച്ച് വിന്‍ഡ്സര്‍ കാസിലില്‍ ട്രംപിനായി അത്താഴ വിരുന്നും സൈനിക പരേഡുകളും ഒരുക്കിയിരുന്നു.

വിവാദമായ എപ്സ്റ്റീന്‍ ഫയലില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് ഒട്ടേറെ സ്ഥലത്ത് പരാമര്‍ശിക്കുന്നുണ്ടെന്ന് യു.എസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി നേരത്തെ അറിയിച്ചിരുന്നുഎന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ആളുകളുടെ പേരുകളുള്ള രേഖയാണ് എപ്സ്റ്റീന്‍ ഫയല്‍ എന്നപേരില്‍ അറിയപ്പെടുന്നത്. എപ്സ്റ്റീന്റെ ഇടപാടുകാരുടെ പേരുകളുണ്ടെന്ന് പറയപ്പെടുന്ന ഈ ഫയലില്‍ ഒട്ടേറെ ഉന്നത വ്യക്തികളെ പരാമര്‍ശിക്കുന്നുണ്ടെന്നും ട്രംപിനെ പാം ബോണ്ടി ധരിപ്പിച്ചിരുന്നുവെന്നും എന്നാല്‍, ഈ ഇടപാടുകാരുടെ വിവരങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അറിയിച്ചുവെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.

അതേസമയം, ട്രംപിനെ കണ്ട് അറ്റോര്‍ണി ജനറല്‍ വിവരങ്ങള്‍ അറിയിച്ചുവെന്ന വാര്‍ത്ത തള്ളിയാണ് വൈറ്റ്ഹൗസ് രംഗത്ത് വന്നതും. 1990 -2000 കാലയളവില്‍ ട്രംപുമായി സൗഹൃദം പുലര്‍ത്തിയിരുന്ന ആളാണ് ജെഫ്രി എപ്സ്റ്റീന്‍. ഇക്കാലയളവില്‍ ഇയാളുടെ സ്വകാര്യ വിമാനത്തില്‍ ട്രംപ് പലതവണ യാത്ര ചെയ്തിട്ടുണ്ടെന്ന് തെളിയിക്കുന്ന ഫ്ളൈറ്റ് രേഖകള്‍ പുറത്തുവന്നിരുന്നു. ട്രംപ് മാത്രമല്ല, ട്രംപിന്റെ കുടുംബാംഗങ്ങളും എപ്സ്റ്റീനിന്റെ കോണ്ടാക്ട് ബുക്കിലുണ്ടായിരുന്നുവെന്നും ഇതിനൊപ്പം നിരവധി ഉന്നത വ്യക്തികളുമുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News