ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ കേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ഖത്തറിലെ വാതക പ്ലാന്റില്‍ കനത്ത നാശനഷ്ടം; സൗദിയില്‍ പ്രവാസികള്‍ കൊല്ലപ്പെട്ടു; ലാരിജാനിയുടെ കൊലപാതകത്തില്‍ അപലപിച്ച് പുടിന്‍; ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തുടരുമെന്ന് ഇസ്രായേലും; പശ്ചിമേഷ്യയിലെ എണ്ണപാടങ്ങള്‍ കത്തുന്നു; ലോകം ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക്

Update: 2026-03-19 01:09 GMT

ടെഹ്റാന്‍: ഇറാന്റെ തിരിച്ചടി ശക്തമാകുന്നു. ഗള്‍ഫിലെ ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്റെ വ്യോമാക്രമണം. ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലെ എണ്ണ, പ്രകൃതിവാതക പ്ലാന്റുകള്‍ക്ക് നേരെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പ്ലാന്റായ ഖത്തറിലെ റാസ് ലഫാനില്‍ വന്‍ സ്‌ഫോടനങ്ങള്‍ നടന്നതായും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇയില്‍ മിസൈലുകള്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തെങ്കിലും ഇതിന്റെ അവശിഷ്ടങ്ങള്‍ പതിച്ചതിനെ തുടര്‍ന്ന് അബുദാബിയിലെ ഹബ്ഷാന്‍ ഗ്യാസ് ഫെസിലിറ്റി, ബാബ് എണ്ണപ്പാടം എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ലോകം ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക് പോകുമെന്ന സൂചനകളാണ് ഈ ആക്രമണങ്ങള്‍ നല്‍കുന്നത്.

മേഖലയില്‍ സമ്പൂര്‍ണ സാമ്പത്തിക യുദ്ധത്തിന് തയ്യാറാണെന്നും വരും മണിക്കൂറുകളില്‍ കൂടുതല്‍ ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡ് വില അഞ്ച് ശതമാനത്തിലധികം വര്‍ധിച്ച് ബാരലിന് 109 ഡോളറിന് മുകളിലെത്തി. ആക്രമണം നേരിട്ട ഊര്‍ജ കേന്ദ്രങ്ങളില്‍ നിന്ന് ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. ഖത്തറിലെ റാസ് ലഫാനില്‍ ആളപായമില്ലെന്നും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഖത്തര്‍ എനര്‍ജി വ്യക്തമാക്കി. നേരത്തെ, ഇറാന്റെ ദക്ഷിണ പാഴ്‌സ് വാതക പാടത്ത് ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ കേന്ദ്രങ്ങള്‍ ഇറാന്‍ ലക്ഷ്യമിട്ടത്. ഇസ്രായേലിന്റെ ഈ നടപടിയെ ഖത്തര്‍ നിശിതമായി അപലപിച്ചിരുന്നു.

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖത്തീബിനെ ടെഹ്‌റാനില്‍ വെച്ച് വധിച്ചതായി ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഉന്നത സുരക്ഷാ മേധാവി അലി ലാരിജാനി, സൈനിക കമാന്‍ഡര്‍ ഗൊലാംറെസ സുലൈമാനി എന്നിവരുടെ സംസ്‌കാര ചടങ്ങുകള്‍ ടെഹ്‌റാനില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. ലാരിജാനിയുടെ കൊലപാതകത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ശക്തമായി അപലപിച്ചു. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തുടരുമെന്നാണ് ഇസ്രായേല്‍ നല്‍കുന്ന മുന്നറിയിപ്പ്.

സൗദിയിലെ റിയാദ് നഗരത്തിലെ ജനവാസ മേഖലയില്‍ ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് നാല് പ്രവാസികള്‍ക്ക് പരുക്കേറ്റു. പ്രതിരോധ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. റിയാദില്‍ ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തിര യോഗം നടക്കവേയായിരുന്നു ഇറാന്റെ ആക്രമണം. ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരിജാനിയുടെ കൊലപാതകത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി വ്യക്തമാക്കിയിട്ടുണ്ട്. ഓരോ തുള്ളി രക്തത്തിനും അമേരിക്കയും ഇസ്രായേലും വലിയ വിലയൊടുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ശത്രുക്കളുടെ ഭീകരപ്രവര്‍ത്തനങ്ങളാണ് ഇത്തരം ആക്രമണങ്ങളിലൂടെ പുറത്തുവരുന്നതെന്നും ഇതില്‍ തീര്‍ച്ചയായും നീതി നടപ്പാക്കുമെന്നും ഖമനയി വ്യക്തമാക്കി.

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സിലും മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലാരിജാനിയുടെ മരണത്തോടെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ (എസ്.എസ്.എന്‍.എസ്.സി) പുതിയ മേധാവിയായി ആര് വരുമെന്ന ചര്‍ച്ചകളും ഇറാനില്‍ സജീവമാണ്. ലാരിജാനിയുടെ പകരക്കാരനായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐ.ആര്‍.ജി.സി) മുന്‍ കമാന്‍ഡര്‍ മൊഹ്‌സെന്‍ റെസായിയെ നിയമിക്കാനാണ് സാധ്യത. മുജ്തബ ഖമനയിയുടെ സീനിയര്‍ സൈനിക ഉപദേശകനായ റെസായിയെ തിങ്കളാഴ്ചയാണ് ഈ സ്ഥാനത്തേക്ക് നിയമിച്ചത്.

1981 മുതല്‍ 1997 വരെ പതിനാറ് വര്‍ഷക്കാലം ഐ.ആര്‍.ജി.സി കമാന്‍ഡര്‍ ഇന്‍ ചീഫായിരുന്ന റെസായി, ഒന്നിലധികം തവണ ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്. ഇരുപത്തിയേഴാം വയസ്സിലാണ് അദ്ദേഹം ഇറാന്‍ സൈന്യത്തിന്റെ ഭാഗമാകുന്നത്.

Tags:    

Similar News