ട്രംപിന്റെ 'വിശ്വസ്ത കോട്ട'യ്ക്കുള്ളിലെ 'ട്രോജന്‍ കുതിരയോ' ജെ ഡി വാന്‍സ്? ചാരത്തലവന്‍ ജോ കെന്റിന്റെ രാജിക്ക് മുമ്പ് രഹസ്യ കൂടിക്കാഴ്ച; തുളസി ഗബ്ബാര്‍ഡിനെ കൂട്ടുപിടിച്ച് വാന്‍സ് പയറ്റുന്ന രാഷ്ട്രീയമെന്ത്? ട്രംപിനെ ഞെട്ടിച്ച് 'അമേരിക്ക ഫസ്റ്റ്' അച്ചുതണ്ട്; യുദ്ധവിരുദ്ധ ചേരിയുടെ തലവനായി വാന്‍സ് മാറുന്നു; ജോ കെന്റിനെ തള്ളി വൈറ്റ് ഹൗസ്; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു

ട്രംപിന്റെ 'വിശ്വസ്ത കോട്ട'യ്ക്കുള്ളിലെ 'ട്രോജന്‍ കുതിരയോ' ജെ ഡി വാന്‍സ്?

Update: 2026-03-18 17:10 GMT

വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന്റെ പേരില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ തലപ്പത്ത് വന്‍ ഭൂകമ്പം. ഡോണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനും ദേശീയ ഭീകരവിരുദ്ധ കേന്ദ്രം ഡയറക്ടറുമായ ജോ കെന്റ് നാടകീയമായി രാജി വെച്ചതോടെ വൈറ്റ് ഹൗസ് അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നിരിക്കുകയാണ്. വെറുമൊരു രാജിയല്ല ഇത്, ഇസ്രായേലിനും ട്രംപ് ഭരണകൂടത്തിലെ ഒരു വിഭാഗത്തിനുമെതിരെയുള്ള ശക്തമായ വിരല്‍ചൂണ്ടല്‍ കൂടിയാണ്.

ജെ ഡി വാന്‍സിനെ കണ്ട് രാജി ഉറപ്പിച്ചു!

രാജി പ്രഖ്യാപിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് ജെഡി വാന്‍സിനെ കണ്ട് ജോ കെന്റ് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു എന്നത് അതീവ ഗൗരവത്തോടെയാണ് രാഷ്ട്രീയ ലോകം കാണുന്നത്. ട്രംപിന്റെ പിന്‍ഗാമിയായി ഉയര്‍ത്തിക്കാട്ടുന്ന വാന്‍സിന് കെന്റിന്റെ നീക്കങ്ങളില്‍ വലിയ പങ്കുണ്ടോ എന്ന സംശയം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.

വാന്‍സിന്റെയും നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡിന്റെയും അടുത്ത സുഹൃത്തായ കെന്റ്, രാജിക്ക് 24 മണിക്കൂര്‍ മുമ്പ് വൈസ് പ്രസിഡന്റിനെ കണ്ട് കത്ത് കൈമാറിയിരുന്നു. വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം തുളസി ഗബ്ബാര്‍ഡും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ഏതൊരു അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പും ട്രംപിനോടും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സിനോടും സംസാരിക്കാന്‍ വാന്‍സ്, കെന്റിനെ പ്രോത്സാഹിപ്പിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 'പ്രസിഡന്റിനോട് ബഹുമാനത്തോടെ പെരുമാറാന്‍ വിപി അദ്ദേഹത്തെ ഉപദേശിച്ചു,' ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.




'യുദ്ധം നുണകളില്‍ കെട്ടിപ്പൊക്കിയത്': ജോ കെന്റിന്റെ ആരോപണങ്ങള്‍

അമേരിക്കയെ ഇറാനുമായി യുദ്ധത്തിലേക്ക് തള്ളിവിടാന്‍ ഇസ്രായേല്‍ കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ് ജോ കെന്റ് ഉയര്‍ത്തിയിരിക്കുന്നത്. ഇറാന്‍ മണ്ണില്‍ ഇസ്രായേല്‍ നടത്തുന്ന മിന്നലാക്രമണങ്ങള്‍ അമേരിക്കയുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം തന്റെ രാജിയിലൂടെ വ്യക്തമാക്കുന്നു. വാന്‍സിനെ കാണാന്‍ എത്തിയപ്പോള്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡും കൂടെയുണ്ടായിരുന്നു. ട്രംപ് ഭരണകൂടത്തിലെ 'യുദ്ധവിരുദ്ധ' ചേരിയുടെ കരുനീക്കമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രസിഡന്റിനോട് ബഹുമാനത്തോടെ കാര്യങ്ങള്‍ അവതരിപ്പിക്കാനാണ് വാന്‍സ് ഉപദേശിച്ചതെങ്കിലും, ഈ രാജി ട്രംപിന്റെ വിദേശനയത്തിന് ഏല്‍പ്പിച്ച ആഘാതം ചെറുതല്ല.

വൈറ്റ് ഹൗസില്‍ ആശങ്ക!

ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സും ട്രംപും ഈ നീക്കം മുന്‍കൂട്ടി കണ്ടിരുന്നില്ല. ഭരണകൂടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചാര ഏജന്‍സി തലവന്‍ തന്നെ യുദ്ധത്തിനെതിരെ രംഗത്തുവന്നത് വരാനിരിക്കുന്ന ദിവസങ്ങളില്‍ ട്രംപിന് വലിയ തലവേദനയാകും. കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകള്‍ക്ക് ശേഷം, ജോ കെന്റ് പുറത്തുവിട്ട തന്റെ രാജി കത്തില്‍ ട്രംപിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. 'ഇസ്രായേലിന്റെയും അമേരിക്കയിലെ അവരുടെ ശക്തമായ ലോബിയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി ഇറാനെ ആക്രമിക്കാന്‍ ട്രംപ് ചതിക്കപ്പെട്ടിരിക്കുകയാണ്,' എന്ന് കെന്റ് ആരോപിച്ചു. ' ഈ യുദ്ധത്തെ പിന്തുണയ്ക്കാന്‍ എന്റെ മനസാക്ഷി അനുവദിക്കുന്നില്ല,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് ഉയര്‍ത്തിപ്പിടിച്ച 'മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ല' എന്ന നയത്തില്‍ നിന്ന് അദ്ദേഹം പിന്നോട്ട് പോയതായും കെന്റ് കുറ്റപ്പെടുത്തി. രാജിയിലൂടെ ട്രംപിന്റെ യുദ്ധനയങ്ങളെ പരസ്യമായി തള്ളിക്കളയാനുള്ള കെന്റിന്റെ നീക്കത്തെക്കുറിച്ച് ജെഡി വാന്‍സ് ഭരണകൂടത്തിലെ മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നോ എന്ന കാര്യം വ്യക്തമല്ല.




ട്രംപിനെ 'ചതിച്ചു

ഇറാനുമായുള്ള യുദ്ധം ട്രംപിന്റെ സ്വന്തം താല്പര്യമല്ലെന്നും, ഇസ്രായേലിന്റെയും അമേരിക്കയിലെ ഇസ്രായേല്‍ അനുകൂല ലോബികളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി അദ്ദേഹം 'ചതിക്കപ്പെട്ടതാണെന്നുമാണ്' കെന്റിന്റെ പ്രധാന ആരോപണം. ലോകപോലീസാകാന്‍ അമേരിക്ക ഇനിയില്ലെന്ന് പ്രസംഗിച്ച ട്രംപ്, ഇപ്പോള്‍ അതേ യുദ്ധക്കുഴിയിലേക്ക് തന്നെ രാജ്യമതിനെ തള്ളിവിടുകയാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു.

ജെഡി വാന്‍സിന്റെ 'മൗനം' സംശയനിഴലില്‍

ഈ രാജി കത്ത് പുറത്തുവരുന്നതിന് തൊട്ടുമുമ്പ് കെന്റ് വാന്‍സുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത്രയും വലിയൊരു രാഷ്ട്രീയ ബോംബ് കെന്റ് പൊട്ടിക്കുമെന്ന് വാന്‍സിന് അറിയാമായിരുന്നിട്ടും അദ്ദേഹം എന്തുകൊണ്ട് ട്രംപിനെയോ മറ്റ് ഉദ്യോഗസ്ഥരെയോ അറിയിച്ചില്ല എന്നത് വലിയ ചര്‍ച്ചയാകുന്നു. വാന്‍സും ഈ യുദ്ധവിരുദ്ധ നിലപാടിനൊപ്പമാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ വൈറ്റ് ഹൗസ് വൃത്തങ്ങളില്‍ ഉയരുന്നത്.



പശ്ചിമേഷ്യന്‍ യുദ്ധത്തിന് തിരിച്ചടിയോ?

ഇറാനെതിരെയുള്ള ഇസ്രായേല്‍-അമേരിക്കന്‍ നീക്കങ്ങള്‍ക്ക് കെന്റിന്റെ ഈ വെളിപ്പെടുത്തലുകള്‍ വലിയ തിരിച്ചടിയാണ്. ചാരസംഘടനകളുടെ തലപ്പത്തിരുന്ന ഒരാള്‍ തന്നെ യുദ്ധം 'നുണകളില്‍ കെട്ടിപ്പൊക്കിയത്' ആണെന്ന് പറയുമ്പോള്‍ അത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ട്രംപിന്റെ വിശ്വാസ്യത തകര്‍ക്കും.

ജോ കെന്റിന്റെ രാജിക്ക് പിന്നാലെ ഓവല്‍ ഓഫീസില്‍ വെച്ച് വാര്‍ത്താ ലേഖകരോട് സംസാരിച്ച ഡോണാള്‍ഡ് ട്രംപ് അദ്ദേഹത്തിന്റെ പടിയിറക്കത്തെ സ്വാഗതം ചെയ്തു. 'അദ്ദേഹത്തിന്റെ പ്രസ്താവന വായിച്ചപ്പോള്‍ ഇയാള്‍ പുറത്തുപോയത് നന്നായി എന്ന് എനിക്ക് തോന്നി. ഇറാന്‍ ഒരു ഭീഷണിയല്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഇറാന്‍ ഒരു വലിയ ഭീഷണിയാണെന്ന് ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും അറിയാം,' ട്രംപ് പറഞ്ഞു. 'ഇറാന്‍ ഭീഷണിയല്ലെന്ന് വിശ്വസിക്കുന്ന ആളുകള്‍ ഞങ്ങളോടൊപ്പം ജോലി ചെയ്യുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്ക ഫസ്റ്റ് ഗ്രൂപ്പുമായി കെന്റിന് അടുത്തബന്ധം

11 തവണ യുദ്ധമുഖത്ത് പോരാടിയ വ്യക്തിയാണ് ജോ കെന്റ്. ഇസ്രായേല്‍ കെട്ടിച്ചമച്ച യുദ്ധത്തിലാണ് തന്റെ ഭാര്യ ഷാനന്‍ കൊല്ലപ്പെട്ടതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ട്രംപ് ഭരണകൂടത്തിലെ 'അമേരിക്ക ഫസ്റ്റ്' (America First) ഗ്രൂപ്പായ തുളസി ഗബ്ബാര്‍ഡ്, ജെഡി വാന്‍സ് എന്നിവരുമായി അടുത്ത ബന്ധമാണ് കെന്റിനുള്ളത്. പശ്ചിമേഷ്യന്‍ യുദ്ധങ്ങളില്‍ അമേരിക്ക ഇടപെടുന്നതിനെതിരെ ഇവര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാഖ് യുദ്ധത്തിന് മുന്നോടിയായി നടന്നത് പോലെ, ഇറാന്‍ വലിയ ഭീഷണിയാണെന്ന് പ്രസിഡന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥരും അമേരിക്കന്‍ മാധ്യമങ്ങളും ചേര്‍ന്ന് വലിയ 'നുണപ്രചാരണം' നടത്തിയെന്നാണ് കെന്റിന്റെ ആരോപണം.




ട്രംപിനെതിരെ 'യുദ്ധവിരുദ്ധ' അച്ചുതണ്ട്

ജോ കെന്റിന്റെ രാജിയോടെ വൈറ്റ് ഹൗസ് രണ്ട് തട്ടിലായിരിക്കുകയാണ്. ഒരു വശത്ത് ഇസ്രായേലിനെ കണ്ണടച്ച് പിന്തുണയ്ക്കുകയും ഇറാനെ തകര്‍ക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന തീവ്രവാദികളായ റിപ്പബ്ലിക്കന്‍ നേതാക്കള്‍. മറുവശത്ത് ജെഡി വാന്‍സും തുളസി ഗബ്ബാര്‍ഡും ജോ കെന്റും ഉള്‍പ്പെടുന്ന 'അമേരിക്ക ഫസ്റ്റ്' വിഭാഗം. വിദേശ യുദ്ധങ്ങളില്‍ അമേരിക്ക ഇടപെടുന്നത് രാജ്യത്തിന് നാശമാണെന്നാണ് ഇവരുടെ പക്ഷം.

യുദ്ധം തുടങ്ങി മൂന്നാഴ്ച പിന്നിടുമ്പോള്‍ അമേരിക്കന്‍ ജനതയുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇന്ധനവില കുതിച്ചുയര്‍ന്നു. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഉപരോധിച്ചതോടെ ലോകത്തെ എണ്ണ വിതരണം പ്രതിസന്ധിയിലായി. യുദ്ധം നീണ്ടുപോയാല്‍ സാമ്പത്തിക രംഗം തകരുമെന്ന ആശങ്കയിലാണ് വാന്‍സും സംഘവും.

ജെ ഡി വാന്‍സ് കുഴപ്പത്തിലാകുമോ?

കെന്റിന്റെ രാജിക്ക് വാന്‍സ് പിന്തുണ നല്‍കിയോ എന്ന ചോദ്യം ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. തന്റെ വൈസ് പ്രസിഡന്റ് തന്നെ തനിക്കെതിരെ കരുനീക്കുന്നുണ്ടോ എന്ന സംശയം ട്രംപിലുണ്ടാക്കാന്‍ ഈ നീക്കം കാരണമായി. ട്രംപ് ഭരണകൂടം ഉടന്‍ തന്നെ വലിയൊരു പുനഃസംഘടനയിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജോ കെന്റിന്റെ രാജിക്ക് പ്രമുഖ 'അമേരിക്ക ഫസ്റ്റ്' (America First) ശബ്ദങ്ങളില്‍ നിന്ന് ഉടനടി പ്രശംസ ലഭിച്ചു. മര്‍ജോറി ടെയ്ലര്‍ ഗ്രീന്‍ കെന്റിനെ 'മഹാനായ അമേരിക്കന്‍ ഹീറോ' എന്ന് വിശേഷിപ്പിച്ചു. എന്നാല്‍ കാന്‍ഡസ് ഓവന്‍സ് ഒരു പടികൂടി കടന്ന് ട്രംപിനെ 'നാണക്കേടുണ്ടാക്കുന്ന പ്രസിഡന്റ്' എന്ന് വിളിക്കുകയും, ജോ കെന്റിനെ ഒരു 'ദേശസ്‌നേഹി' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മനഃസാക്ഷിയുടെ പേരില്‍ യുദ്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അമേരിക്കന്‍ സൈനികരോട് അവര്‍ ആഹ്വാനം ചെയ്തു. എന്നാല്‍ എല്ലാവരും ഈ നീക്കത്തില്‍ തൃപ്തരല്ലായിരുന്നു. ഇറാന്‍ ആണവായുധം നിര്‍മ്മിക്കാന്‍ പോകുന്നു എന്ന അടിയന്തര ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദം സ്പീക്കര്‍ ജോണ്‍സണ്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഇറാന്റെ ആണവ പദ്ധതി അമേരിക്ക തകര്‍ത്തുതരിപ്പണമാക്കി എന്ന് കഴിഞ്ഞ വേനല്‍ക്കാലത്ത് ട്രംപ് തന്നെ അവകാശപ്പെട്ടിരുന്നു എന്നതാണ് വൈരുദ്ധ്യം.

കെന്റിന്റെ ഉറ്റ സുഹൃത്തുക്കളായ വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ഇന്റലിജന്‍സ് മേധാവി തുളസി ഗബ്ബാര്‍ഡും ഈ വിഷയത്തില്‍ എന്ത് നിലപാട് എടുക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ട്രംപിന്റെ യുദ്ധനയങ്ങളെ ഇവര്‍ ഉള്ളാലെ എതിര്‍ക്കുന്നുണ്ടെന്ന സൂചനകള്‍ പുറത്തുവന്നതോടെ ഭരണകൂടം വലിയൊരു പിളര്‍പ്പിലേക്ക് നീങ്ങുകയാണ്.

ഇസ്രയേല്‍ ലോബിയുടെ സ്വാധീനം ചര്‍ച്ചയാകുന്നു

അമേരിക്കയുടെ താല്പര്യങ്ങളേക്കാള്‍ ഇസ്രായേലിന്റെ താല്പര്യങ്ങള്‍ക്കാണ് ട്രംപ് മുന്‍ഗണന നല്‍കുന്നതെന്ന കെന്റിന്റെ വെളിപ്പെടുത്തല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ സ്വാധീനം ചെലുത്തും. ഇന്ധനവില വര്‍ദ്ധനവും യുദ്ധഭീഷണിയും അമേരിക്കന്‍ ജനതയെ ട്രംപിനെതിരെ തിരിക്കാന്‍ ഈ 'അമേരിക്ക ഫസ്റ്റ്' ഗ്രൂപ്പ് ശ്രമിക്കുന്നുണ്ട്.

ജോ കെന്റിനെ തള്ളി വൈറ്റ് ഹൗസ്; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു

ഇറാന്‍ ആക്രമണത്തിന്റെ പേരില്‍ രാജിവെച്ച മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ ജോ കെന്റിന്റെ വെളിപ്പെടുത്തലുകള്‍ ഉണ്ടാക്കിയ ആഘാതം കുറയ്ക്കാന്‍ വൈറ്റ് ഹൗസ് തീവ്രശ്രമം തുടങ്ങി. ഇറാന്‍ ഓപ്പറേഷനുമായി ബന്ധപ്പെട്ട ഒരു തീരുമാനത്തിലും കെന്റിന് പങ്കില്ലായിരുന്നുവെന്നും അദ്ദേഹം സുപ്രധാന ചര്‍ച്ചകളില്‍ ഭാഗമായിരുന്നില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി.

അതേസമയം, ജോ കെന്റ് ദേശീയ സുരക്ഷാ വിവരങ്ങള്‍ ചോര്‍ത്തിയതായും ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരം കലഹിച്ചിരുന്നതായും മുന്‍ വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ടെയ്ലര്‍ ബുഡോവിച്ചിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കെന്റിന്റേത് വെറുമൊരു രാജിയല്ലെന്നും, അദ്ദേഹത്തെ പുറത്താക്കാന്‍ തീരുമാനിച്ചതാണെന്നും ബുഡോവിച്ച് ആരോപിച്ചു. വിവരങ്ങള്‍ ചോരുന്നത് തടയാന്‍ വൈറ്റ് ഹൗസ് ഇപ്പോള്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

ജോ കെന്റ് ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നെങ്കിലും ഇറാന്‍ ആക്രമണത്തിന്റെ തന്ത്രങ്ങള്‍ മെനഞ്ഞ കൂട്ടത്തില്‍ ഇയാള്‍ ഇല്ലായിരുന്നു എന്നാണ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറയുന്നത്. കെന്റിന്റെ വാക്കുകള്‍ക്ക് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്നും അദ്ദേഹത്തിന് കാര്യങ്ങള്‍ വ്യക്തമല്ലായിരുന്നുവെന്നുമാണ് വൈറ്റ് ഹൗസിന്റെ നിലപാട്.

ഭരണകൂടത്തിനുള്ളിലെ രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നവരെ കണ്ടെത്താന്‍ ട്രംപ് ഉത്തരവിട്ടു കഴിഞ്ഞു. വൈറ്റ് ഹൗസിനുള്ളില്‍ ഇസ്രായേല്‍ വിരുദ്ധ വികാരം പടര്‍ത്താന്‍ ശ്രമിക്കുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. ജോ കെന്റിന്റെ ഈ നീക്കം ഇത്തരമൊരു ഗൂഢാലോചനയുടെ ഭാഗമാണോ എന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്.കെന്റിനെ പുറത്താക്കാന്‍ ഇരിക്കുകയായിരുന്നു എന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ, അദ്ദേഹത്തെ പിന്തുണച്ച ജെ ഡി വാന്‍സ് പ്രതിരോധത്തിലായിരിക്കുകയാണ്. ഒരു 'ലീക്കറെ' വാന്‍സ് എന്തിനാണ് സഹായിച്ചത് എന്ന ചോദ്യം ട്രംപ് അനുകൂലികള്‍ ഉയര്‍ത്തുന്നുണ്ട്. വരാനിരിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ പുറത്താക്കപ്പെടാനോ രാജിവെക്കാനോ സാധ്യതയുണ്ട്.

Tags:    

Similar News