സ്വന്തമെന്ന് കരുതിയവർ..എന്തിന് അടുത്ത കൂട്ടുകാർ വരെ പ്രസിഡന്റിനെ കൈവിട്ട അവസ്ഥ; ലോകത്തിന്റെ നന്മയ്ക്കുവേണ്ടിയാണ് യുദ്ധം നടത്തുന്നെതെന്ന് പറഞ്ഞിട്ടും രക്ഷയില്ല; എല്ലാം കൈയ്യിന്ന് പോയതും യൂറോപ്പ് രാജ്യങ്ങൾ വരെ പരസ്യമായി തള്ളി; ഇനി 'ഹോർമൂസ്' തുറപ്പിക്കാൻ രണ്ടുംകല്പിച്ച് ട്രംപ്

Update: 2026-03-18 06:18 GMT

വാഷിംഗ്‌ടൺ/ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നതിനിടെ, ലോകരാജ്യങ്ങളുടെ ശക്തമായ വിയോജിപ്പുകൾ അവഗണിച്ച് ഹോർമൂസ് കടലിടുക്കിന് സമീപം ഇറാൻ്റെ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക. ഇറാൻ്റെ അതീവ സുരക്ഷയുള്ള ഭൂഗർഭ കേന്ദ്രങ്ങൾ തകർക്കാൻ ശേഷിയുള്ള 'ബങ്കർ ബസ്റ്റർ' ബോംബുകൾ ഉപയോഗിച്ചാണ് യുഎസ് വ്യോമാക്രമണം നടത്തുന്നത്. ലോകത്തെ ക്രൂഡോയിൽ വിതരണത്തിൻ്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് തുറക്കാൻ യുദ്ധക്കപ്പലുകൾ അയക്കണമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ നിർദ്ദേശം സഖ്യകക്ഷികൾ പോലും തള്ളിയതോടെയാണ് അമേരിക്ക ഏകപക്ഷീയമായ നീക്കങ്ങളിലേക്ക് കടന്നത്.

ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി തുടങ്ങിയ പ്രമുഖ നാറ്റോ രാജ്യങ്ങൾ ട്രംപിൻ്റെ നിർദ്ദേശത്തോട് വിമുഖത പ്രകടിപ്പിച്ചു. തങ്ങളോട് ആലോചിക്കാതെയാണ് അമേരിക്ക പശ്ചിമേഷ്യയിൽ യുദ്ധത്തിന് തുടക്കമിട്ടതെന്ന് ജർമ്മനി പരസ്യമായി പ്രതികരിച്ചു. യുദ്ധക്കപ്പലുകൾ അയക്കുന്നത് സംഘർഷം വ്യാപിക്കാൻ മാത്രമേ സഹായിക്കൂ എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമറും വ്യക്തമാക്കി.

ഹോർമൂസിലെ നാവികവിന്യാസത്തിന് സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ (NATO) ഭാവി അപകടത്തിലാകുമെന്ന് ട്രംപ് ഭീഷണി മുഴക്കിയെങ്കിലും സഖ്യകക്ഷികൾ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു. അമേരിക്ക നാറ്റോയെ വലിയ രീതിയിൽ സഹായിക്കുന്നുണ്ടെങ്കിലും തിരിച്ച് സഹായം ലഭിക്കുന്നില്ലെന്ന പരാതിയും വൈറ്റ് ഹൗസ് ഉന്നയിക്കുന്നു.

ലോകം തൻ്റെ ശ്രമങ്ങളെ വിലമതിക്കുന്നില്ലെങ്കിലും, മനുഷ്യരാശിയുടെ നന്മയ്ക്കും സഖ്യകക്ഷികളുടെ സുരക്ഷയ്ക്കും വേണ്ടിയാണ് താൻ യുദ്ധം ചെയ്യുന്നതെന്നാണ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദം. ഇറാനെ ആണവായുധ നിർമ്മാണത്തിൽ നിന്ന് തടയുക എന്നത് ലോകസമാധാനത്തിന് അത്യന്താപേക്ഷിതമാണെന്നും അമേരിക്ക വിശദീകരിക്കുന്നു. എന്നാൽ അമേരിക്കയുടെ ഈ നീക്കങ്ങൾ ആഗോള എണ്ണ വിപണിയെയും അന്താരാഷ്ട്ര ബന്ധങ്ങളെയും തകിടം മറിക്കുമെന്ന ആശങ്കയിലാണ് ഇതര രാജ്യങ്ങൾ.

അതേസമയം, ഇസ്രായേൽ-ഇറാൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ, ടെൽ അവീവിനു നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സെൻട്രൽ ഇസ്രായേലിലെ റാമത് ഗാൻ നഗരത്തിലുണ്ടായ ആക്രമണത്തിൽ മിസൈൽ ചീളുകൾ തറച്ച് ഗുരുതരമായി പരിക്കേറ്റ ഒരു പുരുഷനും സ്ത്രീയുമാണ് മരിച്ചതെന്ന് പാരാമെഡിക്കൽ ഏജൻസിയായ മാഗൻ ഡേവിഡ് അഡോം (എംഡിഎ) സ്ഥിരീകരിച്ചു. ബെനി ബ്രാക്ക് നഗരത്തിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായും ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ്റെ പ്രത്യാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാവുകയാണ്.

മിസൈൽ ആക്രമണങ്ങളെത്തുടർന്ന് ജനങ്ങൾ ഹോം ഫ്രണ്ട് കമാൻഡിൻ്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സസ് (ഐഡിഎഫ്) ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലങ്ങളിൽ കൂട്ടം കൂടരുതെന്നും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ജീവൻ രക്ഷിക്കാൻ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സൈന്യം എക്സിലൂടെ വ്യക്തമാക്കി.

ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ 'റോറിംഗ് ലയൺ' എന്ന പേരിൽ ശക്തമായ സൈനിക നടപടി ആരംഭിച്ചു. ഹിസ്ബുള്ളയുടെ നൂറുകണക്കിന് റോക്കറ്റ് ലോഞ്ചറുകളും ഭീകരവാദ കേന്ദ്രങ്ങളും തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. ഇസ്രായേൽ പൗരന്മാർക്ക് നേരെയുള്ള ഭീഷണി ഇല്ലാതാക്കുകയാണ് ഈ വ്യോമാക്രമണങ്ങളുടെ ലക്ഷ്യം.

സംഘർഷം കടുക്കുന്നതിനിടെ ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാൻ്റെ അതീവ സുരക്ഷയുള്ള മിസൈൽ കേന്ദ്രങ്ങളിൽ അമേരിക്ക ശക്തമായ ആക്രമണം നടത്തി. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയായ കപ്പൽവേധ ക്രൂയിസ് മിസൈലുകളെ നശിപ്പിക്കാനായി 'ഡീപ് പെനട്രേറ്റർ' ഗണത്തിലുള്ള ഭാരമേറിയ ബോംബുകളാണ് യുഎസ് സെൻട്രൽ കമാൻഡ് ഉപയോഗിച്ചത്.

Tags:    

Similar News