വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ആ നിമിഷം വെടിപൊട്ടിക്കുമെന്ന് ഇസ്രായേല്‍; നെതന്യാഹു വീട് വളഞ്ഞ് നാട്ടുകാര്‍; യുദ്ധഭീഷണി അവസാനിപ്പിച്ച് ഇറാന്‍; വെടിനിര്‍ത്തലിനെ ഇസ്രയേലിനെതിരായ വിജയമായി പ്രഖ്യാപിച്ച് ഹിസ്ബുള്ളയും; തങ്ങള്‍ക്കും സമാധാനം വേണമെന്ന് ഹമാസ്; ഗാസ വെടിനിര്‍ത്തലിനായി ഈജിപ്ത്ഷ്യന്‍ പ്രതിനിധികള്‍ ഇസ്രായേലിലേക്ക്

വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ആ നിമിഷം വെടിപൊട്ടിക്കുമെന്ന് ഇസ്രായേല്‍

Update: 2024-11-28 06:46 GMT

ടെല്‍ അവീവ്: ഹിസ്ബുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ആ നിമിഷം ശക്തമായി തിരിതച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍ സൈന്യം. കരാര്‍ ലംഘനത്തിന് തീകൊണ്ടായിരിക്കും മറുപടി നല്‍കുന്നതെന്നാണ് ഇസ്രയേലിന്റെ താക്കീത്. അതിര്‍ത്തി മേഖലയിലൂടെ ഹിസ്ബുള്ള ഭീകരര്‍ മടങ്ങിയെത്തുന്നത് കര്‍ശനമായി തടയണമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കുക എന്നതാണ് ഇസ്രയേല്‍ സൈന്യത്തിന്റെ ദൗത്യമെന്നും ഇതിന് തടസം നില്‍ക്കുന്നത് ആരായാലും അവരെ നേരിടുക തന്നെ ചെയ്യുമെന്നും സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേ സമയം ചില മേഖലകളില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷവും ആക്രമിക്കാന്‍ ശ്രമിച്ച ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. നാല് ഹിസ്ബുള്ള പ്രവര്‍ത്തകരെ പിടികൂടിയതായും ഇസ്രയേല്‍ വ്യക്തമാക്കി.

തെക്കന്‍ ലബനനിലെ അതിര്‍ത്തിയില്‍ പല സ്ഥലങ്ങ്ളിലും ഇപ്പോഴും മാര്‍ഗ തടസങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളതായും അവ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുന്നതായും ഹഗാരി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ രാസായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള ഹിസ്ബുള്ള ഭീകരരുടെ നീക്കത്തെ ഇസ്രയേല്‍ പരാജയപ്പെടുത്തിയിരുന്നു.

വടക്കന്‍ ഇസ്രയേലില്‍ ആക്രമണം നടത്തുന്നതിന് വേണ്ടിയാണ് ഇവര്‍ രാസായുധം നിര്‍മ്മിക്കാന്‍ ശ്രമിച്ചതെന്നാണ് കരുതപ്പെടുന്നത്. ലബനനില്‍ ഉടനീളം ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ നിരീക്ഷണം നടത്തുകയാണ്. അതിനിടെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍

നിന്ന് ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി ഇപ്പോഴും ബന്ദികളാക്കിയിരിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വളഞ്ഞു.

നെതന്യാഹു തങ്ങളെ നേരിട്ട കാണണമെന്നും ബന്ദികളുടെ മോചനം സംബന്ധിച്ച് ധാരണ ഉണ്ടാക്കണം എന്നും ആവശ്യപ്പെട്ടാണ് ഇവര്‍ പ്രതിഷേധിച്ചത്. ഹിസ്ബുള്ള തീവ്രവാദികളുമായി ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയ പശ്ചാത്തലത്തിലാണ് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ലബനനുമായി ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയത് പോലെ ഗാസയിലും വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും അതിലൂടെ ബന്ദികളുടെ മോചനം ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

പ്രതിഷേധക്കാരെ സുരക്ഷാസേന പിന്നീട് നീക്കം ചെയ്തു. അമേരിക്കക്കാരായ ബന്ദികളുടെ മോചനത്തിന്റെ കാര്യത്തില്‍ ബൈഡന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ 251 ബന്ദികളില്‍ ഇപ്പോള്‍ 97 പേര്‍

മാത്രമേ ജീവിച്ചിരിപ്പുള്ളൂ എന്നാണ് പറയപ്പെടുന്നത്. അതിനിടെ ലബനനിലെ വെടിനിര്‍ത്തലിനെ ഇറാന്‍ സ്വാഗതം ചെയ്തു. ലബനന്‍ സര്‍്ക്കാരിന് എല്ലാ വിധ സഹായസഹകരണങ്ങളും നല്‍കുമെന്നും ഇറാന്‍ പ്രഖ്യാപിച്ചു.

ഗാസയിലെ ഏറ്റുമുട്ടലും ഒഴിവാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്താന്‍ അന്താരാഷ്ട്ര സമൂഹത്തോട് ഇറാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ കരാറില്‍ ഹിസ്ബുള്ളയും ലബനനും തൃപ്തരാണെങ്കില്‍ തങ്ങള്‍ക്കും അതേ നിലപാട് തന്നെയാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇനിയങ്ങോട്ടുള്ള കാര്യങ്ങള്‍ ഇസ്രയേലിന്റെ നിലപാട് അനുസരിച്ചായിരിക്കും മുന്നോട്ട് പോകുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനിടെ ഗാസയില്‍ ഹമാസിനെതിരെ ഇസ്രയേല്‍ സൈന്യം ആക്രമണം ശക്തമാക്കി. ഈ സന്ദര്‍ഭത്തിലാണ് ഹമാസുമായി എന്ത് കൊണ്ടാണ് ഇസ്രയേല്‍ വെടിനിര്‍ത്തലിന് തയ്യാറാകാത്തത് എന്ന ചോദ്യവുമായി നിരവധി പേര്‍ രംഗത്തെത്തി. ലബനനിലെ പോലെ ഒരു വെടിനിര്‍ത്തല്‍ കരാര്‍ വേണമെന്നാണ് ഇപ്പോള്‍ ഹമാസും ഗാസയിലെ ജനങ്ങളും ആഗ്രഹിക്കുന്നത്. എ്ന്നാല്‍ ഖത്തറും അമേരിക്കയും ഈജിപ്തും എല്ലാം മുന്‍കൈയെടുത്ത് നടത്തിയ വെടിനിര്‍ത്തല്‍ കരാറിലെ നിര്‍ദ്ദേശങ്ങള്‍ ഇരുകൂട്ടരും തള്ളിക്കളയുകയായിരുന്നു.

ഗാസയിലെ വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ക്കായി ഈജിപ്ത് പ്രതിനിധികള്‍ വീണ്ടും ഇസ്രയേലിലേക്ക് എത്തുകയാണ്. വെടിനിര്‍ത്തലിന് തയ്യാറാണെന്നും ഇന്നലെ ഹമാസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അവര്‍ ഖത്തറിനേയും തുര്‍ക്കിയേയും ഈജിപ്തിനേയും അറിയിച്ചിട്ടുണ്ട്.

അതേസമയം 14 മാസം നീണ്ട അതിക്രമങ്ങള്‍ക്ക് താല്‍ക്കാലിക അറുതി കുറിച്ച് ലബനാനില്‍ ഹിസ്ബുല്ലയുമായി ഇസ്രായേല്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ തെക്കന്‍ ലബനാനില്‍ കുടുംബങ്ങള്‍ സ്വന്തം വീടുകളിലേക്ക് മടക്കം ആരംഭിച്ചു. ഇസ്രായേല്‍ സൈനിക പിന്മാറ്റവും തുടങ്ങി.

ബൈറൂതിലും ലബനാന്റെ മറ്റു ഭാഗങ്ങളിലും സമീപനാളുകളിലെ ഏറ്റവും വലിയ രക്തച്ചൊരിച്ചില്‍ നടത്തിയ രാത്രിയിലായിരുന്നു ഇസ്രായേല്‍ സുരക്ഷ മന്ത്രിസഭ വെടിനിര്‍ത്തലിന് അംഗീകാരം നല്‍കിയത്. തെക്കന്‍ ലബനാനില്‍ ഇസ്രായേല്‍ സേന നിലയുറപ്പിച്ച ഭാഗങ്ങളില്‍ പ്രവേശിക്കരുതെന്നും ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ട ഭാഗങ്ങളിലേക്ക് പൗരന്മാര്‍ മടങ്ങരുതെന്നുമടക്കം ഉപാധികളോടെയാണ് വെടിനിര്‍ത്തല്‍. ലബനാന്‍- ഇസ്രായേല്‍ അതിര്‍ത്തിയില്‍നിന്ന് 28 കിലോമീറ്റര്‍ അകലെയൊഴുകുന്ന ലിറ്റാനി പുഴയുടെ വടക്കുഭാഗത്തുള്ള ഹിസ്ബുല്ല പോരാളികള്‍ പിന്‍വാങ്ങണമെന്നും ഉപാധിയുണ്ട്. പകരം, അതിര്‍ത്തിയില്‍ 5000 ലബനാന്‍ സൈനികരെ വിന്യസിക്കണം.

ചൊവ്വാഴ്ച വൈകീട്ടാണ് ഇസ്രായേല്‍, ഫ്രാന്‍സ്, യു.എസ് എന്നിവ സംയുക്തമായി ലബനാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചത്. 'ശത്രുത ശാശ്വതമായി അവസാനിപ്പിക്കുന്നതിനൊപ്പം ഇസ്രായേലിനെ ഹിസ്ബുല്ലയുടെയും മറ്റ് തീവ്രവാദ സംഘടനകളുടെയും ഭീഷണിയില്‍നിന്ന് മോചിപ്പിക്കാനുമാണ് വെടിനിര്‍ത്തലെ'ന്ന് യു.എസും ഫ്രാന്‍സും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ബുധനാഴ്ച പുലര്‍ച്ച പ്രാബല്യത്തില്‍ വരുന്നതിന് നാലു മണിക്കൂര്‍ മുമ്പ് കുടിയൊഴിപ്പിക്കല്‍ ഉത്തരവിറക്കിയും ഒരു മണിക്കൂര്‍ മുമ്പും വ്യോമാക്രമണം തുടര്‍ന്നും ലബനാനില്‍ ഭീതി വിതച്ചായിരുന്നു ഇസ്രായേല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. അതിര്‍ത്തിയിലെ ഹിസ്ബുല്ല പോരാളികള്‍ പിന്മാറുന്നതിനൊപ്പം സംഘടനയുടെ എല്ലാ സൈനിക സംവിധാനങ്ങളും തകര്‍ത്ത് പകരം ലബനാന്‍ സൈന്യത്തിലാക്കാനും വ്യവസ്ഥയുണ്ട്. ഇതിന് യു.എസും ഫ്രാന്‍സും മേല്‍നോട്ടം വഹിക്കും. ഫ്രഞ്ച് സേന നേരിട്ടും അമേരിക്ക പുറത്തുനിന്ന് പിന്തുണ നല്‍കിയുമാകും ഇത് പ്രാബല്യത്തില്‍ വരുത്തല്‍.

Tags:    

Similar News