റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തടയാന്‍ മാസങ്ങളോളം ഇന്ത്യയെ ഭീഷണിപ്പെടുത്തി; ഇപ്പോള്‍ അതേ റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ ലോകരാജ്യങ്ങളോട് വൈറ്റ്ഹൗസ് കെഞ്ചുന്നു; യു എസിന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ച് ഇറാന്‍; യൂറോപ്പിന്റെ നിലപാട് പരിതാപകരമെന്ന അരാഗ്ചി

Update: 2026-03-14 10:19 GMT

ടെഹ്‌റാന്‍: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തടയാന്‍ മാസങ്ങളോളം ഇന്ത്യയെ ഭീഷണിപ്പെടുത്തിയ അമേരിക്ക ഇപ്പോള്‍ അതേ എണ്ണ വാങ്ങാന്‍ ലോകരാജ്യങ്ങളോട് യാചിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ആഗോള രാഷ്ട്രീയത്തിലെ വിരോധാഭാസങ്ങളും എണ്ണ നയതന്ത്രത്തിലെ ഇരട്ടത്താപ്പുകളും ചര്‍ച്ചയാക്കിയാണ് അരാഗ്ചിയുടെ പുതിയ പ്രസ്താവന. പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാവുകയും ആഗോള എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ അമേരിക്ക സ്വീകരിച്ച നിലപാടുകളെയാണ് ഇറാന്‍ രൂക്ഷമായി പരിഹസിക്കുന്നത്.

'ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ മാസങ്ങളോളം യുഎസ് സമ്മര്‍ദം ചെലുത്തി. എന്നാല്‍, ഇറാനുമായുള്ള യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോള്‍, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ വൈറ്റ്ഹൗസ് കെഞ്ചുകയാണ്. റഷ്യയ്‌ക്കെതിരേ യു.എസ്. പിന്തുണ ഉറപ്പാക്കാന്‍ ഇറാനെതിരായ നിയമവിരുദ്ധ യുദ്ധത്തെ പിന്തുണച്ച യൂറോപ്പിന്റെ നിലപാട് പരിതാപകരമാണ്'-അരാഗ്ചി എക്സില്‍ കുറിച്ചു.

പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായതോടെ ആഗോള എണ്ണവില വര്‍ധിക്കുകയും വിതരണം തടസ്സപ്പെടുകയും ചെയ്തിരുന്നു. ഇത് നിയന്ത്രിക്കാനായി, ഉപരോധം ഏര്‍പ്പെടുത്തിയിരുന്ന റഷ്യന്‍ എണ്ണക്കപ്പലുകള്‍ക്ക് അമേരിക്ക താത്കാലിക ഇളവ് അനുവദിച്ച പശ്ചാത്തലത്തിലാണ് ഇറാന്റെ വിമര്‍ശനം. എണ്ണവില വര്‍ധിക്കുന്നത് റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്നു എന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു അരാഗ്ചിയുടെ പോസ്റ്റ്.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ മാസങ്ങളോളം ഭീഷണിപ്പെടുത്തുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്ത രാജ്യമാണ് അമേരിക്ക. എന്നാല്‍ ഇറാനുമായുള്ള യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോള്‍ ലോകരാജ്യങ്ങളോട് റഷ്യന്‍ എണ്ണ വാങ്ങാന്‍ വൈറ്റ് ഹൗസ് 'യാചിക്കുകയാണെന്ന്' അരാഗ്ചി ആരോപിക്കുന്നു. റഷ്യന്‍ എണ്ണക്കപ്പലുകള്‍ക്ക് അമേരിക്ക ഇപ്പോള്‍ താത്കാലിക ഇളവ് അനുവദിച്ചത് ആഗോള വിപണിയിലെ എണ്ണക്ഷാമം പരിഹരിക്കാനാണെങ്കിലും, ഇത് ആത്യന്തികമായി റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്നു എന്ന വസ്തുതയും ഇറാന്‍ ചൂണ്ടിക്കാട്ടുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ടതോടെയാണ് വിപണിയില്‍ വില കുതിച്ചുയര്‍ന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍, നിലവില്‍ ഉപരോധ പട്ടികയിലുള്ള റഷ്യന്‍ എണ്ണക്കപ്പലുകള്‍ക്ക് 30 ദിവസത്തെ താത്കാലിക ഇളവ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുകയാണ്. ട്രംപ് ഭരണകൂടം വ്യാഴാഴ്ച പുറപ്പെടുവിച്ച ഈ ഉത്തരവ് പ്രകാരം, കടലില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ എണ്ണക്കപ്പലുകള്‍ക്ക് വിവിധ രാജ്യങ്ങളിലേക്ക് ചരക്ക് എത്തിക്കാന്‍ അനുമതി ലഭിക്കും. ഏപ്രില്‍ 11 വരെയാണ് ഈ ഇളവ് പ്രാബല്യത്തിലുള്ളത്. എണ്ണവില നിയന്ത്രിക്കാനായി ഇന്ത്യയ്ക്കും റഷ്യന്‍ എണ്ണ വാങ്ങാന്‍ അമേരിക്ക പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്.

മേഖലയില്‍ യുദ്ധം നടക്കുന്നുണ്ടെങ്കിലും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യന്‍ കപ്പലുകളുടെ യാത്രയ്ക്ക് ഇറാന്‍ തടസ്സം നില്‍ക്കില്ല. ഇന്ത്യയിലേക്കുള്ള രണ്ട് എല്‍.പി.ജി കപ്പലുകള്‍ക്ക് ഇറാന്‍ സുരക്ഷിത പാത ഒരുക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയും ഇറാനും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫതാലി വ്യക്തമാക്കി. ഇന്ത്യയും ഇറാനും ഒരേ താത്പര്യങ്ങളാണ് കൈക്കൊള്ളുന്നത് എന്നും ഫതാലി പറഞ്ഞു. സഹകരണവും സുഹൃത്ത്ബന്ധവും വഴി ഉടലെടുക്കപ്പെട്ടതാണ് ഇറാന്‍-ഇന്ത്യ ബന്ധം. യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യ പല രീതിയില്‍ ഇറാനെ സഹായിച്ചിട്ടുണ്ട് എന്നും ഫതാലി പറഞ്ഞു.

ഇന്ത്യയും ഇറാനും തമ്മിലുള്ളത് പൊതുവായ താല്‍പ്പര്യങ്ങളും ചരിത്രപരമായ ബന്ധവുമാണെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫതാലി വ്യക്തമാക്കി. തന്ത്രപ്രധാനമായ ഈ കടലിടുക്കിലൂടെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് രണ്ട് മൂന്ന് മണിക്കൂറിനുള്ളില്‍ സുരക്ഷിതമായി കടന്നുപോകാനുള്ള സൗകര്യം ഇറാന്‍ ഉറപ്പാക്കുന്നുണ്ട്. ആഗോള എണ്ണ വിപണി കടുത്ത പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യയും ഇറാനും തമ്മിലുള്ള സാമ്പത്തിക-നയതന്ത്ര ബന്ധം ശക്തമായി തുടരുന്നുവെന്നതിന്റെ സൂചനയാണിത്. റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ അമേരിക്കയുടെ 'ആവശ്യാനുസരണമുള്ള' മാറ്റങ്ങളെ ഇറാന്‍ രാഷ്ട്രീയ ആയുധമാക്കുമ്പോള്‍, മറുവശത്ത് ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനാണ് ടെഹ്റാന്‍ ശ്രമിക്കുന്നത്.

അമേരിക്ക, ഇസ്രയേല്‍, യൂറോപ്പ് കപ്പലുകള്‍ക്ക് വിലക്ക് തുടരുമ്പോഴാണ് ഇന്ത്യന്‍ കപ്പലുകള്‍ക്ക് പ്രത്യേകാനുമതി ലഭിച്ചത്. ഇന്ത്യയുടെ എണ്ണ കപ്പലുകള്‍ ആക്രമിക്കില്ലെന്നും ഇറാന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രസാദും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യങ്ങളില്‍ ധാരണയായത്. ഇന്ത്യയിലേക്ക് എണ്ണയും പാചകവാതകവും എത്തിക്കുന്നതില്‍ ഹോര്‍മുസ് കടലിടുക്ക് നിര്‍ണായകമാണ്. ചരക്കുനീക്കം തടസ്സപ്പെട്ടത് ഇന്ത്യയില്‍ പെട്രോള്‍, പാചക വാതക ക്ഷാമമുണ്ടാക്കുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. പുതിയ ചര്‍ച്ച പ്രതിസന്ധി പരിഹരിക്കുമെന്നാണ് വിലയിരുത്തല്‍. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി നേരിടാന്‍ ഇന്ത്യന്‍ റഷ്യന്‍ എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ 45 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇന്ത്യയില്‍ പാചകവാതക പ്രതിസന്ധി രൂക്ഷമായിത്തന്നെ തുടരുകയാണ്. ഗ്രാമമേഖലയില്‍ എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി. നഗര മേഖലകളില്‍ എല്‍പിജി ബുക്കിങ് ഇടവേള 25 ദിവസമായിത്തന്നെ തുടരും.

Tags:    

Similar News