ഇരട്ട പൗരത്വമുള്ളവരില്‍ ചിലര്‍ക്ക് ആശ്വാസം.. യുകെയിലേക്ക് മടങ്ങാന്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധമില്ല; ബ്രിട്ടീഷ് പൗരത്വത്തിനായി വിദേശികളുടെ നെട്ടോട്ടം.. അപേക്ഷകള്‍ സര്‍വ്വകാല റെക്കോര്‍ഡില്‍
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ പൗരത്വവും ബ്രെക്‌സിറ്റാനന്തര സെറ്റില്‌മെന്റ് സ്റ്റാറ്റസും ഉള്ള ബ്രിട്ടീഷ് പൗരന്മാര്‍ക്ക് യു കെ സന്ദര്‍ശിക്കാന്‍ ബ്രിട്ടീഷ് പാസ്സ്‌പോര്‍ട്ട് ആവശ്യമില്ലെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. നേരത്തേ, ഇരട്ടപൗരത്വമുള്ള എല്ലാ ബ്രിട്ടീഷ് പൗരന്മാരും ബ്രിട്ടന്‍ സന്ദര്‍ശിക്കുമ്പോള്‍ ബ്രിട്ടീഷ് പാസ്സ്‌പോര്‍ട്ട് കൂടെ കരുതണമെന്നത് നിര്‍ബന്ധമാക്കിയിരുന്നു. ഇതില്‍ നിന്നുള്ള മലക്കം മറിച്ചിലാണ് പുതിയ ഇളവ്. ഫെബ്രുവരി 25 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതനുസരിച്ച് ഇരട്ടപൗരത്വമുള്ളവര്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കുമ്പോള്‍ ബ്രിട്ടീഷ് പാസ്സ്‌പോര്‍ട്ടോ അല്ലെങ്കില്‍ 589 പൗണ്ട് മുടക്കി ഒരു എന്‍ടൈറ്റില്‌മെന്റ് സര്‍ട്ടിഫിക്കറ്റോ കൈയില്‍ കരുതണം.
യു കെയില്‍ സെറ്റില്‍മെന്റ് സ്റ്റാറ്റസുള്ളവര്‍ അടക്കം നിരവധി പേരെ ഈ നിയമം പ്രതികൂലമായി ബാധിച്ചിരുന്നു. ഇവരില്‍ പലര്‍ക്കും ബ്രിട്ടീഷ് പൗരത്വം ലഭിച്ചിട്ടുണ്ടെങ്കിലും, ബ്രിട്ടീഷ് പാസ്സ്‌പോര്‍ട്ട് ലഭിച്ചിരുന്നില്ല. ഇത്തരക്കാര്‍ക്ക് ബ്രിട്ടനിലേക്ക് തിരിച്ചുവരാന്‍ കഴിയാത്ത സാഹചര്യമായി. അതിനാണ് ഇപ്പോള്‍ ഒരു പ്രതിവിധി ഉണ്ടായിരിക്കുന്നത്. ഇ യു പാസ്സ്‌പോര്‍ട്ട് ഉപയോഗിച്ച് ഇവര്‍ക്ക് ഇനി ബ്രിട്ടനിലേക്ക് യാത്ര ചെയ്യാന്‍ കഴിയും. യൂറോപ്യന്‍ യൂണിയന്‍, നോര്‍വേ, ഐസ്ലാന്‍ഡ്, ലിക്റ്റന്‍സ്‌റ്റൈന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇപ്പോള്‍ ഇളവ് നല്‍കിയിരിക്കുന്നത്.
ബ്രിട്ടീഷ് പൗരത്വത്തിനുള്ള അപേക്ഷകള്‍ സര്‍വ്വകാല റെക്കോര്‍ഡില്‍
വിദേശപൗരന്മാര്‍ക്ക് ക്ഷേമപദ്ധതികളിലെ ആനുകൂല്യം ലഭിക്കുന്നത് നിയന്ത്രിക്കുമെന്ന് മൂന്ന് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കിയതോടെ ബ്രിട്ടീഷ് പൗരത്വത്തിനുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് തലത്തിലെത്തി നില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പൗരത്വത്തിനായുള്ള 2,91,971 അപേക്ഷകളാണ് ഹോം ഓഫീസിന് ലഭിച്ചത്. 2024 ല്‍ ഇത് 2,53,757 ആയിരുന്നു. കുടിയേറ്റം ഒരു പ്രധാന തെരഞ്ഞെടുപ്പ് വിഷയമായതോടെ എന്‍ എച്ച് എസ്, ക്ഷേമപദ്ധതികള്‍, ഹൗസിംഗ് തുടങ്ങിയവയിലെ ആനുകൂല്യങ്ങള്‍ വിദേശ പൗരന്മാര്‍ക്ക് ലഭിക്കുന്നത് നിയന്ത്രിക്കാന്‍ ലേബര്‍ പാര്‍ട്ടിയും, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും, റിഫോം യു കെയും തമ്മില്‍ മത്സരമായിരിക്കുകയാണ്.
ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിനു ശേഷം ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്ന വിദേശികളുടെ എണ്ണം 2013 ന് ശേഷം ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിയിരിക്കുകയാണ്. അടുത്തകാലത്ത് പൗരത്വം നല്‍കുന്നതില്‍ ഉണ്ടായ വര്‍ദ്ധനവിന് യൂറോപ്യന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം വര്‍ദ്ധിച്ചു എന്നതിനപ്പുറം ചില കാരണങ്ങള്‍ ഉണ്ടെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററിയിലെ ഗവേഷകനായ ഡോക്ടര്‍ നുനി ജോര്‍ഗെന്‍സെന്‍ പറയുന്നത്. ബ്രിട്ടനില്‍ സ്ഥിരതാമസത്തിനുള്ള അനുമതിയും, പൗരത്വവും ലഭിക്കുന്നതിനുള്ള നടപടികള്‍ കര്‍ക്കശമാക്കുന്നത് ചര്‍ച്ചയായ 2025 ലെ അവസാന പാദത്തിലാണ് അപേക്ഷകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഈ ചര്‍ച്ചകളാകാം കൂടുതല്‍ പേരെ പൗരത്വത്തിന് അപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല, അടുത്തകാലത്തായി അമേരിക്കന്‍ പൗരന്മാരും കൂടുതലായി ബ്രിട്ടീഷ് പൗരത്വത്തിന് ശ്രമിക്കുന്നുണ്ട്. അതും അപേക്ഷകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിന് ഒരു കാരണമാണ്.
ബ്രിട്ടനിലെ ഫാര്‍മസികള്‍ക്ക് പൂട്ടുവീഴുന്നു
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ബ്രിട്ടനിലെ ഫാര്‍മസികളില്‍ പലതും അവരുടെ വാരാന്ത്യ പ്രവൃത്തി സമയം കുറയ്ക്കുകയാണ്. ചിലത് പൂര്‍ണ്ണമായും അടച്ചുപൂട്ടേണ്ട സാഹചര്യത്തിലുമായിരിക്കുന്നു. നാഷണല്‍ ഫാര്‍മസി അസ്സോസിയേഷന്റെ കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലെ ഫാര്‍മസികളില്‍ ആറിലൊന്നും (ഏകദേശം 1600 സ്റ്റോറുകള്‍) വാരാന്ത്യങ്ങളിലെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കി കഴിഞ്ഞു. എട്ട് ശതമാനത്തോളം ഫാര്‍മസികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണ്ണമായും അടച്ചിടാന്‍ തീരുമാനിച്ചിട്ടുമുണ്ട്.
എന്‍ എച്ച് എസ്സിന്റെ ഭാഗത്തു നിന്നും മതിയായ സാമ്പത്തിക സഹായമില്ല എന്നതാണ് ഇതിനു പ്രധാനകാരണമായി എന്‍ പി എ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തില്‍ പ്രവൃത്തി സമയം വെട്ടിച്ചുരുക്കന്നത്, മരുന്നുകളും മറ്റും വാങ്ങുവാന്‍ ദീര്‍ഘദൂരം യാത്ര ചെയ്യാന്‍ രോഗികളെ നിര്‍ബന്ധിതരാക്കുന്നുവെന്നും നാഷണല്‍ ഫാര്‍മസി അസ്സോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. ചില പ്രദേശങ്ങളിലുള്ളവര്‍ക്ക് ഒരു മണിക്കൂര്‍ വരെ കാറോടിച്ചു പോയാലെ ഏറ്റവും അടുത്ത ഫാര്‍മസിയില്‍ എത്താന്‍ കഴിയുകയുള്ളു എന്ന സാഹചര്യവുമുണ്ട്.
