'ഇമ്രാന്‍ ഖാന്‍ പൂര്‍ണ ആരോഗ്യവാന്‍'; അഡിയാല ജയില്‍ നിന്ന് മാറ്റുമെന്നത് അഭ്യൂഹങ്ങള്‍ മാത്രം; ആവശ്യമായ ചികിത്സ ജയിലില്‍ നല്‍കുന്നുണ്ട്; ജയില്‍ മാറ്റം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധം; തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി സ്ഥാപകന് വേണ്ടി തെരുവില്‍ ജനങ്ങള്‍ അലമുറയിടുമ്പോള്‍ പ്രതികരണവുമായി ജയില്‍ അധികൃതര്‍
'ഇമ്രാന്‍ ഖാന്‍ പൂര്‍ണ ആരോഗ്യവാന്‍'; അഡിയാല ജയില്‍ നിന്ന് മാറ്റുമെന്നത് അഭ്യൂഹങ്ങള്‍ മാത്രം
കറാച്ചി: തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി സ്ഥാപകനും പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് അഡിയാല ജയില്‍ അധികൃതര്‍. ഇമ്രാന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങള്‍ ജയില്‍ അധികൃതര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു. ഇമ്രാനെ അഡിയാല ജയിലില്‍ നിന്ന് മാറ്റിയതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. അദ്ദേഹം ഇപ്പോഴും അഡിയാലയില്‍ തുടരുകയാണ്. ആവശ്യമായ ചികിത്സ ജയിലില്‍ നല്‍കുന്നുണ്ട്. ജയില്‍ മാറ്റം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇമ്രാന്‍ ഖാന്‍ ജയിലില്‍ മരിച്ചതായി പാകിസ്താനിലെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണം നടന്നിരുന്നു. പിന്നാലെ അദ്ദേഹത്തെ കാണാന്‍ അനുമതി തേടി സഹോദരിമാരും തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകരും ജയിലിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയില്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. 2023 ആഗസ്റ്റിലാണ് അഴിമതി അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഇമ്രാന്‍ ഖാനെ ജയിലിലടച്ചത്.
'അഫ്ഗാന്‍ ടൈംസ്' എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടാണ് ഇമ്രാന്‍ ഖാന്‍ ജയിലില്‍ 'കൊല്ലപ്പെട്ടു' എന്ന് ആദ്യമായി അവകാശപ്പെട്ടത്. എന്നാല്‍, വിശ്വസനീയമായ ഒരു ഏജന്‍സിയും ഈ അവകാശവാദം ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. ഇമ്രാന്‍ ഖാന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തിപ്പെടാന്‍ ചില സമീപകാല സംഭവങ്ങള്‍ കാരണമായി. ഖാനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങളെ അനുവദിക്കുന്നില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇമ്രാന്‍ ഖാന്റെ സഹോദരിമാരായ നുറീന്‍, അലീമ, ഉസ്മ എന്നിവര്‍ ജയിലിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. ജയില്‍ അധികൃതര്‍ തങ്ങളോട് മോശമായി പെരുമാറിയെന്നും കൂടിക്കാഴ്ച അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തങ്ങളോടു അതിക്രമം കാട്ടിയെന്നും ആരാപിച്ചിരുന്നു.
ജയിലിന് മുന്നില്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു തങ്ങളെന്ന് സഹോദരിമാര്‍ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ആക്രമണം അഴിച്ചുവിട്ടത്. പോലീസുകാര്‍ രാത്രി തെരുവ് വിളക്കുകള്‍ അണച്ച ശേഷം നടത്തിയ ക്രൂരമായ മര്‍ദ്ദനത്തില്‍ 71 വയസ്സുള്ള തന്നെ മുടിക്ക് പിടിച്ച് നിലത്തേക്ക് വലിച്ചിഴച്ചതായി ഒരു സഹോദരി പറഞ്ഞു. ഈ ആക്രമണത്തില്‍ തനിക്ക് സാരമായ പരിക്ക് പറ്റിയെന്നും അവര്‍ പോലീസ് മേധാവിക്ക് അയച്ച കത്തില്‍ പരാതിപ്പെട്ടു. കഴിഞ്ഞ മൂന്നാഴ്ചയിലധികമായി ഇമ്രാന്‍ ഖാനെ കാണാന്‍ അധികൃതര്‍ അനുവദിച്ചിട്ടില്ലെന്നും സഹോദരിമാര്‍ ആരോപിക്കുന്നു.
ബുധനാഴ്ച ഇമ്രാന്‍ ഖാന്റെ മരണ വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ, റാവല്‍പിണ്ടിയിലെ അഡിയാല ജയിലിന് മുന്നിലേക്ക് ആയിരക്കണക്കിന് പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഇരച്ചെത്തി പ്രതിഷേധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
72-കാരനായ മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാന്‍ അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 2023 മുതല്‍ ജയിലിലാണ്. കഴിഞ്ഞ ജൂലൈയില്‍, തന്നെ ജയിലില്‍ വച്ച് ഉപദ്രവിച്ചാല്‍, സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനായിരിക്കും ഉത്തരവാദിത്വമെന്ന് ഇമ്രാന്‍ ഖാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഒരു കേണലും ജയില്‍ സൂപ്രണ്ടും അസിം മുനീറിന്റെ ഉത്തരവനുസരിച്ചാണ്' പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
