ചീഫ് ഓഫ് സ്റ്റാഫിനൊപ്പം സിവില്‍ സര്‍വീസ് ചീഫിനെയും പുറത്താക്കി തടി കാക്കാന്‍ സ്റ്റര്‍മാര്‍; വിടാതെ എംപിമാര്‍; മുന്‍ ലീഡര്‍ എഡ് മിലിബാന്‍ഡിനെ സ്റ്റര്‍മാര്‍ക്ക് പകരക്കാരനായി ഇറക്കാന്‍ നീക്കം തുടങ്ങി ചിലര്‍; അവസാനിക്കാതെ ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയിലെ വഴക്ക്
ചീഫ് ഓഫ് സ്റ്റാഫിനൊപ്പം സിവില്‍ സര്‍വീസ് ചീഫിനെയും പുറത്താക്കി തടി കാക്കാന്‍ സ്റ്റര്‍മാര്‍
ലണ്ടന്‍: നേരത്തെ ചീഫ് ഓഫ് സ്റ്റാഫിനെ പിരിച്ചുവിട്ട പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഇപ്പോള്‍ സ്വന്തം തടി രക്ഷിക്കാനായി സിവില്‍ സര്‍വീസ് മേധാവിയേയും പുറത്താക്കിയിരിക്കും. കഴിഞ്ഞ 14 മാസക്കാലം ക്യാബിനറ്റ് സെക്രട്ടറിയായി തുടരുന്ന സര്‍ ക്രിസ് വൊമാള്‍ഡിനെ പിരിച്ചു വിട്ടേക്കും എന്ന അഭ്യൂഹം ശക്തമാകുന്നതിനിടയിലാണ് പരസ്പര ധാരണ പ്രകാരം അദ്ദേഹം സ്ഥനമൊഴിഞ്ഞതായി സ്റ്റാര്‍മര്‍ സ്ഥിരീകരിച്ചത്. പീറ്റര്‍ മാന്‍ഡേഴ്‌സനുമായി ബന്ധപ്പെട്ട എപ്സ്റ്റീന്‍ ഫയല്‍ വിവാദം ഉയര്‍ന്നതിനു ശേഷം നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റ് വിട്ടുപോകേണ്ടി വരുന്ന ഏറ്റവും ഒടുവിലത്തെ വ്യക്തിയാണ് അദ്ദേഹം.
ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗന്‍ മെക്‌സ്വീനിയും കോമണ്‍സ് ഡയറക്ടര്‍ ടിം അലെനും നേരത്തേ പുറത്തായിരുന്നു. ക്രിസിനു പകരമായി, 2,20,000 പൗണ്ട് ശമ്പളമുള്ള ഈ സ്ഥാനത്തെക്ക് ഒന്നിനു പകരം മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയമിക്കാനാണ് ഇപ്പോള്‍ നീക്കം. ഹോം ഓഫീസിലെ പെര്‍മെനന്റ് സെക്രട്ടറിയായ ഡെയിം അന്റ്റോണിയ റോമിയോ, ക്യാബിനറ്റ് ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ കാതറിന്‍ ലിറ്റില്‍, ധനകാര്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജെയിംസ് ബൗളര്‍ എന്നിവര്‍ക്കൊപ്പം ക്യാബിനറ്റ് സെക്രട്ടറിയുടെ ചുമതല താത്ക്കാലികമായി നിര്‍വഹിക്കും.
സ്വമേധയാ ക്യാബിനറ്റ് സെക്രട്ടറി സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിന് സര്‍ ക്രിസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചപ്പോള്‍, സ്വന്തം തടി രക്ഷിക്കാന്‍ സ്റ്റാര്‍മര്‍ മറ്റൊരാളെ കൂടി ബലിയാടാക്കി എന്നായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബെയ്ഡ്‌നോക്കിന്റെ പ്രതികരണം. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം അറിഞ്ഞിട്ടും പീറ്റര്‍ മാന്‍ഡേഴ്‌സനെ അമേരിക്കന്‍ അംബാസിഡറായി നിയമിച്ചതുമായ വിവാദമാണ് ഇപ്പോള്‍ സര്‍ ക്രിസിന്റെ രാജിയില്‍ എത്തി നില്‍ക്കുന്നത്.
അതേസമയം, മുന്‍ ലേബര്‍ നേതാവായ എഡ് മിലിബാന്‍ഡിനെ വീണ്ടും പാര്‍ട്ടി നേതൃത്വത്തിലെത്തിക്കാന്‍ ചില ലേബര്‍ നേതാക്കള്‍ തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്. എഡ് മിലിബാന്‍ഡ് ഇക്കാര്യം പരസ്യമായി നിഷേധിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിയുടെ നേതൃത്വം ഒരിക്കല്‍ കൂടി ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു എന്നാണ് ലേബര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2010 മുതല്‍ 2015 വരെ പ്രതിപക്ഷത്തിരുന്ന് പാര്‍ട്ടിയെ നയിച്ച നേതാവാണ് മിലിബാന്‍ഡ്. ഇപ്പോഴത്തെ സര്‍ക്കാരില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള മന്ത്രിയും അദ്ദേഹം തന്നെയാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരി 5 നും 6 നുമായി സര്‍വേഷന്‍ നടത്തിയ സര്‍വ്വേയിലാണ് മിലിബാന്‍ഡ് ഏറ്റവും ജനപ്രീതിയുള്ള മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. അധികം വാര്‍ത്തകളില്‍ വരാത്ത മന്ത്രിമാരായിരുന്നു ഈ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയതും. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സെക്രട്ടറി ഹിലാരി ബെന്‍ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഡിഫന്‍സ് സെക്രട്ടറി ജോണ്‍ ഹീലി മൂന്നാം സ്ഥാനത്തും എത്തി. കള്‍ച്ചറല്‍ സെക്രട്ടറി ലിസ നന്ദി നാലാം സ്ഥാനത്തും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഹെയ്ദി അലക്‌സാണ്ടര്‍ അഞ്ചാം സ്ഥാനത്തുമാണ്.
ഇതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായായിരുന്നു താന്‍ പ്രധാനമന്ത്രി പദത്തിലേക്കില്ലെന്ന് മിലിബാന്‍ഡ് കഴിഞ്ഞയാഴ്ച്ച പ്രതികരിച്ചത്. കഴിഞ്ഞ 30 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും മോശം പ്രകടനമായിരുന്നു 2015 ല്‍ മിലിബാന്‍ഡിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി കാഴ്ച്ചവച്ചത്.
