ഇന്ത്യയെ അവഹേളിച്ച് ബംഗ്ലാദേശ് പ്രകോപനം തുടരുന്നു; ദേശീയ പതാകയില്‍ ചവിട്ടി നടന്നു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍; ബംഗ്ലാദേശികളെ ചികിത്സിക്കില്ലെന്ന് കൊല്‍ക്കത്തയിലെ ആശുപത്രി; ഇന്ത്യക്കെതിരെ വിമര്‍ശനവുമായി ഇടക്കാല സര്‍ക്കാറിന്റെ തലവന്‍ മുഹമ്മദ് യൂനുസും
ഇന്ത്യയെ അവഹേളിച്ച് ബംഗ്ലാദേശ് പ്രകോപനം തുടരുന്നു
ധാക്ക: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയ സംഭവം വഷളായി തുടരുന്നു. ബംഗ്ലാദേശ് വിഷയത്തില്‍ ഇന്ത്യ അനാവശ്യമായി ഇടപെടുന്നു എന്ന ആക്ഷേപവുമായി ബംഗ്ലാദേശ് സര്‍ക്കാര്‍ രംഗത്തുവന്നു. ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ മാധ്യമങ്ങള്‍ വ്യാജ പ്രചാരണം നടത്തുകയാണെന്ന് ഇടക്കാല സര്‍ക്കാറിന്റെ തലവന്‍ മുഹമ്മദ് യൂനുസ് വിമര്‍ശിച്ചു. 'ഇന്ത്യന്‍ മാധ്യമങ്ങള്‍ അവര്‍ക്ക് തോന്നിയതു പോലെ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നു. ഇതിനെതിരെ ബംഗ്ലാദേശി മാധ്യമപ്രവര്‍ത്തകര്‍ അണിനിരക്കണം. മികച്ച മാധ്യമപ്രവര്‍ത്തകര്‍ ഇവിടെയുമുണ്ട്'.
ഇന്ത്യന്‍ സര്‍ക്കാര്‍ അനാവശ്യമായി ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവന്ന് ആരോപിച്ച് ധാക്ക സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചതിനു പിന്നാലെയാണ് പ്രതികരണം. വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ ദേശീയ പതാകയെ അവഹേളിക്കുന്ന അവസ്ഥയും ഉണ്ടായി. ബംഗ്ലാദേശിലെ വിവിധ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ പതാകയില്‍ ചവിട്ടി നടക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ സംഭവം ഇന്ത്യയിലുടനീളം വ്യാപകമായ ജനരോഷത്തിന് കാരണമായിരിക്കുകയാണ്.
ബംഗ്ലാദേശ് യൂണിവേഴ്‌സിറ്റി ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, ധാക്ക യൂണിവേഴ്‌സിറ്റി, നൊഖാലി സയന്‍സ് ആന്‍ഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് അവഹേളനം നേരിട്ടത്. സര്‍വ്വകലാശാലകളുടെ കവാടത്തിലാണ് നിലത്ത് ഇന്ത്യയുടെ പതാക പെയിന്റ് ചെയ്തിരിക്കുന്നത്. നൊഖാലി സര്‍വ്വകലാശാലയില്‍ ഇന്ത്യയുടെ പതാകയോടൊപ്പം ഇസ്രായേലിന്റെ പതാകയും കാണാം.
പതാകയിലൂടെ വിദ്യാര്‍ത്ഥികള്‍ ചവിട്ടി നടക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളില്‍ ഇന്ത്യക്കാര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ നിന്ന് ബംഗ്ലാദേശി വിദ്യാര്‍ത്ഥികളെ നാടുകടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ഇതിനിടെ ബംഗ്ലാദേശ് പൗരന്‍മാരെ ചികിത്സില്ലെന്ന സര്‍ക്കുലര്‍ ഇറക്കി കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രി. അതിര്‍ത്തിയില്‍ നിന്നടക്കം വരുന്ന ബംഗ്ലാദേശികളായ ആര്‍ക്കും ആശുപത്രിയില്‍ ചികിത്സ നല്‍കരുതെന്നാണ് ജെ.എന്‍ റായ് ആശുപത്രി അധികൃതര്‍ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ ബംഗ്ലാദേശില്‍ വര്‍ധിക്കുകയാണെന്നും ഇന്ത്യന്‍ പതാകയെ അവര്‍ അപമാനിച്ചെന്നും അതില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയതെന്നും ആശുപത്രി അധികൃതര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
'ത്രിവര്‍ണ പതാകയെ അപമാനിക്കുന്നവരെ ചികിത്സിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. ഇന്ത്യ മുന്നില്‍ നിന്നാണ് സ്വാതന്ത്ര്യം നേടിക്കൊടുത്തത്. എന്നാല്‍ ഇന്ന് ഇന്ത്യാ വിരുദ്ധമായ നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. മറ്റ് ആശുപത്രികളും സമാനമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.' ജെ എന്‍ റായ് ആശുപത്രി ഡയറക്ടര്‍ സുബ്രാന്‍ഷു ബക്ത വ്യക്തമാക്കി. നേരത്തെ ഗൈനക്കോളജിസ്റ്റായ ഇന്ദ്രാനില്‍ ഷായും ഇതേ നിലപാടുമായി രംഗത്തെത്തിയിരുന്നു.
അതേസമയം ന്യൂനപക്ഷത്തെ സംരക്ഷിക്കുന്ന വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിന് ഇരട്ടത്താപ്പെന്ന വിമര്‍ശനവുമായി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാറിലെ നിയമകാര്യ ഉപദേഷ്ടാവ് ആസിഫ് നസ്‌റുലും രംഗത്തുവന്നു. ന്യൂനപക്ഷ മുസ്ലിംകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിന് പ്രശ്‌നമല്ല. അതില്‍ ഇടപെടാതെ ബംഗ്ലാദേശിലെ കാര്യങ്ങളില്‍ അനാവശ്യ ഇടപെടല്‍ നടത്തുകയാണെന്നും നസ്‌റുല്‍ പറഞ്ഞു. ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിനെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റു ചെയ്ത സംഭവത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ച സാഹചര്യത്തിലാണ് പ്രതികരണം.
''ഇന്ത്യയില്‍ ന്യൂനപക്ഷ മുസ്ലിംകള്‍ക്കു നേരെ രൂക്ഷമായ അതിക്രമങ്ങള്‍ നടന്നുവരുന്നുണ്ട്. ആ സംഭവങ്ങളിലൊന്നും ഇന്ത്യക്ക് യാതൊരു കുഴപ്പവുമില്ല. എന്നാല്‍ ബംഗ്ലാദേശില്‍ ന്യൂനപക്ഷ ഹിന്ദുക്കള്‍ അതിക്രമം നേരിടുന്നുവെന്ന് പറയുന്നു. ഇന്ത്യന്‍ സര്‍ക്കാറിന്റെ ഈ ഇരട്ടത്താപ്പ് അപലപനീയവും എതിര്‍ക്കപ്പെടേണ്ടതുമാണ്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ മുമ്പുണ്ടായിരുന്ന അവാമി ലീഗ് സര്‍ക്കാറിനേക്കാള്‍ മികച്ചതാണ് ഇടക്കാല സര്‍ക്കാറെന്ന് സര്‍വേഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു'' -ആസിഫ് നസ്‌റുല്‍ പറഞ്ഞു.
ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ അക്രമ സംഭവങ്ങളാണ് ബംഗ്ലാദേശില്‍ അരങ്ങേറിയത്. ഇതോടെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുകയായിരുന്നു. രാജ്യ വിരുദ്ധ നിയമം ചുമത്തിയാണ് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷിയസ്‌നെസ് (ഇസ്‌കോണിലെ) ആത്മീയ നേതാവ് ചിന്‍മയ് കൃഷ്ണ ദാസിനെ ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കൃഷ്ണദാസ് നിലവില്‍ ചിറ്റഗോങില്‍ ജയിലിലാണ്.
ബംഗ്ലാദേശിലെ ഹിന്ദുക്കള്‍, ക്ഷേത്രങ്ങള്‍, മതപരമായ സ്ഥലങ്ങള്‍ എന്നിവയ്ക്കെതിരായ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ന്യൂനപക്ഷങ്ങളെയും പൗരന്മാരെയും സംരക്ഷിക്കേണ്ടത് ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യ ബംഗ്ലാദേശിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.